Connect with us

International

ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഫലസ്തീൻ മാധ്യമ പ്രവര്‍ത്തകന് പിതാവിന്റെ ഉള്ളുലക്കുന്ന യാത്രയയപ്പ്

"എഴുന്നേറ്റ് ലോകത്തോട് സത്യം വിളിച്ചുപറയൂ.. ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് പോകുന്നു. നിന്റെ ജോലി എനിക്ക് തുടരാമായിരുന്നു മകനേ.." എന്ന് മയ്യിത്ത് കെട്ടിപ്പിടിച്ച് പിതാവിന്റെ അന്ത്യാഭിവാദ്യം

Published

|

Last Updated

ഗസ്സ സിറ്റി | ഇസ്‌റാഈലിന്റെ കൊടും ക്രൂരത ലോകത്തെ അറിയിക്കുന്നതിനിടയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഗസ്സയിലെ മാധ്യമപ്രവര്‍ത്തകന് പിതാവിന്റെ അന്ത്യ യാത്രാമൊഴി വികാരനിര്‍ഭരമായി. മകന്റെ മയ്യിത്ത് കെട്ടിപ്പിടിച്ച് ലോകത്തോട് സംസാരിക്കാന്‍ ആവശ്യപ്പെടുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ ഉള്ളുലക്കുന്നതാണ്.

ഇസ്‌റാഈല്‍ ഇന്നലെ നടത്തിയ വ്യാമോക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ ടുഡേ പത്രത്തിന്റെ റിപോര്‍ട്ടര്‍ മുഹമ്മദ് മന്‍സൂറിന്റെ മയ്യിത്ത് ഖബറടക്കത്തിന് കൊണ്ടുപോകുന്നതിന് മുമ്പായിരുന്നു പിതാവ് വിതുമ്പിക്കരഞ്ഞ് ഉള്ളുപൊട്ടി സംസാരിച്ചത്. മകന്റെ കൈകളില്‍ വാര്‍ത്താ ചാനലിന്റെ മൈക്ക് ചേര്‍ത്ത് വെച്ച് എഴുന്നേല്‍ക്കാനും സംസാരിക്കാനും പിതാവ് ആവശ്യപ്പെട്ടു. “എഴുന്നേല്‍ക്കൂ, നീ ലോകത്തോട് സത്യം വിളിച്ചുപറയൂ. ഈ മൈക്കുകള്‍ പിടിക്കൂ. നീ സംസാരിച്ച് കൊണ്ടേയിരിക്കൂ. ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് പോവുകയാണ്. എങ്കില്‍ എനിക്ക് സംസാരിക്കാമായിരുന്നു. ഈ ലോകത്തോട് പറയാമായിരുന്നു. നിന്റെ ജോലി എനിക്ക് തുടരാമായിരുന്നു മകനേ,” എന്നാണ് മന്‍സൂറിന്റെ പിതാവ് പറയുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.

ഇന്നലെ മാത്രം രണ്ട് ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരെയാണ് ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത്. മുഹമ്മദ് മന്‍സൂറിന് പുറമെ അല്‍ ജസീറയിലെ ഹുസ്സാം ഷബാത്താണ് കൊല്ലപ്പെട്ടത്. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ വെച്ചായിരുന്നു മന്‍സൂറിന് നേരെ വ്യോമാക്രമണമുണ്ടായത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഇസ്‌റാഈല്‍ സേന മന്‍സൂറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. മന്‍സൂറിന്റെ ഭാര്യയും കുഞ്ഞും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കന്‍ ഗസ്സയില്‍ നടന്ന ആക്രമണത്തിലാണ് ഹുസ്സാം ഷബാത്ത് കൊല്ലപ്പെട്ടത്.

2023 ഒക്ടോബര്‍ മുതല്‍ ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 208 മാധ്യമപ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗസ്സയിലെ സര്‍ക്കാര്‍ മാധ്യമ കാര്യാലയം വ്യക്തമാക്കുന്നത്.

 

Latest