Kerala
കാട്ടാക്കടയില്‍ പിതാവിനേയും മകളേയും മര്‍ദിച്ച പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പും
സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പാണ് പുതുതായി ചുമത്തിയിരിക്കുന്നത്
തിരുവനന്തപുരം | കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പിതാവിനേയും മകളേയും ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തി. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പാണ് പുതുതായി ചുമത്തിയിരിക്കുന്നത്. ഇരയായ രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെണ്‍കുട്ടിയുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. .
നേരത്തെ ജാമ്യം കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിരുന്നത്. ഇത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കാട്ടാക്കട സ്വദേശി പ്രേമനനും മകള്‍ക്കുമാണ് ഇന്നലെ രാവിലെ 11 മണിയോടെ കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മര്‍ദനമേറ്റത്. കോളജ് വിദ്യാര്‍ഥിനിയായ മകളുടെ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിനിടെ മകളുടെ മുന്നില്‍വച്ചു പിതാവിനെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ വളഞ്ഞിട്ടു തല്ലി. തടയാന്‍ ശ്രമിച്ച മകള്‍ക്കും മര്‍ദനമേറ്റു.
സംഭവുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ് ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് സിപി മിലന്‍ ഡോറിച്ച് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.