Connect with us

Kerala

കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ച് പിതാവും മകളും മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

കോതമംഗലം സ്വദേശികളായ ജയ്‌മോന്‍ (42), ജോയ്‌ന (11) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

തൃശൂര്‍|തൃശൂര്‍ കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ച് പിതാവും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്‌മോന്‍ (42), ജോയ്‌ന (11) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാര്‍ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്.

ജയ്‌മോന്റെ ഭാര്യ മഞ്ജു (38), മകന്‍ ജോയല്‍ ( 13 ), ബന്ധുവായ അലന്‍( 17 ) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പാലക്കാട് ധ്യാനം കൂടാന്‍ പോവുകയായിരുന്നു കുടുംബം. അപകടം നടന്ന എട്ട് മിനിട്ടിനുള്ളില്‍ പോലീസ് സ്ഥലത്തെത്തി. കാര്‍ വെട്ടിപ്പൊളിച്ചാണ് ഫയര്‍ഫോഴ്‌സ് രണ്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

ജയ്‌മോന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. മരത്തില്‍ ഇടിച്ച കാറ് മറിയുകയായിരുന്നു. ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച ജയ്‌മോന്‍.