National
രാഷ്ട്രപിതാവിന് ഒരു യൂണിവേഴ്സിറ്റി ബിരുദം പോലുമില്ല;ജമ്മു കശ്മീര്‍ ഗവര്‍ണറുടെ വാദം തള്ളി ഗാന്ധിയുടെ ചെറുമകന്‍
സിന്‍ഹയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചാണ് തുഷാര്‍ ഗാന്ധിയുടെ ട്വീറ്റ്.
മുംബൈ| രാഷ്ട്രപിതാവിന് ഒരു യൂണിവേഴ്സിറ്റി ബിരുദം പോലുമില്ലെന്ന ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ വാദം തള്ളി മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി.
ഗാന്ധിജി ലണ്ടന്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ലോ കോളേജായ ഇന്നര്‍ ടെമ്പിളില്‍ നിന്ന് നിയമ ബിരുദം നേടിയിട്ടുണ്ടെന്നും കൂടാതെ രണ്ട് ഡിപ്ലോമകളും അദ്ദേഹത്തിനുണ്ടെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. ഒന്ന് ലാറ്റിന്‍ ഭാഷയിലും മറ്റൊന്ന് ഫ്രഞ്ച് ഭാഷയിലാണെന്നും അദ്ദേഹം ട്വിറ്റില്‍ കൂട്ടിചേര്‍ത്തു.
വ്യാഴാഴ്ച ഐടിഎം ഗ്വാളിയോറില്‍ ഡോ റാം മനോഹര്‍ ലോഹ്യ സ്മാരക പ്രഭാഷണത്തില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് എംകെ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് സിന്‍ഹ സംസാരിച്ചത്.
അദ്ദേഹത്തിന് ഒരു യൂണിവേഴ്സിറ്റി ബിരുദമോ യോഗ്യതയോ ഇല്ലെന്ന് നിങ്ങള്‍ക്കറിയാമോ. മഹാത്മാഗാന്ധിക്ക് ഹൈസ്‌കൂള്‍ ഡിപ്ലോമ മാത്രമായിരുന്നു യോഗ്യതയെന്നും സിന്‍ഹ പറഞ്ഞു.
സിന്‍ഹയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് തുഷാര്‍ ഗാന്ധി പിന്നീട് ട്വീറ്റ് ചെയുകയും ചെയ്തു.