Kerala
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 14 വര്‍ഷം കഠിനതടവ്
2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.

തിരുവനന്തപുരം | പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 14 വര്‍ഷം കഠിനതടവ് വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. പ്രതിക്കെതിരെ 20,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട് . പിഴ അടയ്ക്കാത്തപക്ഷം ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം.
2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയും പിതാവും തമിഴ്‌നാട് സ്വദേശികളാണ് . കുട്ടിയുടെ അമ്മയുടെ മരണശേഷമാണ് ഇവര്‍ തിരുവനന്തപുരത്തേക്ക് താമസം മാറിയത്. കുട്ടിയുടെ സഹോദരനും സഹോദരിയും തമിഴ്‌നാട്ടിലായതിനാല്‍ സംഭവസമയത്ത് വീട്ടില്‍ ആരും ഇല്ലായിരുന്നു.
14കാരി കൂട്ടുകാരികളോടാണ് പീഡനവിവരം ആദ്യം പറയുന്നത്. തുടര്‍ന്ന് ഇവര്‍ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. അധ്യാപകരാണ് പിന്നീട് പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പീഡനത്തോടൊപ്പം പ്രതി നിരന്തരം കുട്ടിയെ മര്‍ദ്ദിക്കുകയും ഒരു തവണ കൈ തല്ലി ഒടിക്കുകയും ചെയ്തിരുന്നു.
സംരക്ഷകനായ അച്ഛന്‍തന്നെ പീഡിപ്പിച്ച ക്രൂരതയ്ക്ക് പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിയില്‍ പറയുന്നു. കുട്ടിയുടെ നിസ്സഹായവസ്ഥ പ്രതി ചൂഷണം ചെയ്യുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.