Travelogue
ഫത്ഹുൽ മുഈനും തായ് മുസ്ലിംകളും
തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ വിശാലമായ ഒരിടത്താണ് അദ്ദേഹത്തിന്റെ വീടും പർണശാലയും.പേര് ദാറുൽ മുഹാജിരീൻ.ദക്ഷിണ തായ്ലാൻഡിലെ നരത്തീവ പ്രവിശ്യയിലെ പ്രസിദ്ധ ആത്മീയ കേന്ദ്രം.വല്ലാത്ത ഒരു അനുഭവമായിരുന്നു ഈ കൂടിക്കാഴ്ച.

വിഭവങ്ങൾ പലതുണ്ട്. അറേബ്യനും സീഫുഡുമെല്ലാം. വട്ടമായിരുന്ന് അവ ഭക്ഷിക്കാൻ തുടങ്ങി. മുതിർന്നവർ ആദ്യം തുടങ്ങണമെന്നതാണ് ചിട്ട. പലതരം വിഭവങ്ങളെന്ന പോലെ കഴിക്കുന്നവരും പല നാട്ടുകാരാണ്.
അതും പരിചയപ്പെടലിന്റെ പുതുക്കം മാറാത്തവർ. ഓരോരുത്തരും പ്രതിനിധാനം ചെയ്യുന്ന നാടും ഇസ്‌ലാമിക സംസ്കാരങ്ങളുമെല്ലാം സംസാരത്തിൽ കടന്നു വന്നു. കാഴ്ചയിൽ കല്ല് കൊണ്ടുള്ളതെന്ന് തോന്നുന്ന കെട്ടിടം. സൂക്ഷ്മ നിരീക്ഷണത്തിലെ മരമാണെന്ന് തിരിച്ചറിയാൻ സാധിക്കൂ. ചുറ്റും നിരവധി എടുപ്പുകൾ. കാല് നാട്ടി അതിൽ സ്ഥാപിച്ചവയാണ്. ക്ലാസ്സുകൾക്കനുസരിച്ച് വിദ്യാർഥികൾ അവയിൽ താമസിക്കുന്നു. തല മൊട്ടയടിച്ചവരാണ് അധിക പേരും. സമീപ വാസികൾ തന്നെയാണ്. അപൂർവം ചിലർ ഇന്ത്യയുൾപ്പെടെയുള്ള പരിസര രാജ്യങ്ങളിൽ നിന്ന് കുടിയേറിയവരുടെ പിൻഗാമികളാണ്. തായ് അല്ലാത്ത ഭാഷകൾ കുറച്ചെങ്കിലും അറിയുന്നവർ കൂടിയാണവർ.
ഒരു വശത്ത് അൽപ്പം വലിയ ഒരു എടുപ്പ്. പള്ളിയാണ്. ഭക്ഷണം കഴിച്ച് അവിടേക്ക് നീങ്ങി. കുട്ടികൾ അണിയൊപ്പിച്ച് ഇരിക്കുന്നു. അവരോടൽപ്പം സംസാരിച്ചു. അവർക്കായി പ്രാർഥിച്ചു. ശേഷം എല്ലാവരും വന്ന് ഹസ്തദാനം ചെയ്തു. തൂവെള്ളയണിഞ്ഞ് പുഞ്ചിരി തൂകി നിൽക്കുന്ന നറുനിലാവുകൾ.എന്തൊരു മനോഹാരിത. ബദ്റുദ്ദുജയിലെ പൊന്നുമക്കളെ ഓർമവന്നു. രണ്ട് നാൾ മുമ്പ് അവരോട് യാത്രപറഞ്ഞാണല്ലോ ഇങ്ങോട്ടു വന്നത്. ഖുർആനും പ്രാഥമിക വിദ്യകളുമാണ് പ്രധാനമായും ഇവർ അഭ്യസിക്കുന്നത്.
ഒരിടത്ത് ളറബ, ളറബാ എന്ന് തുടങ്ങുന്ന അറബി വ്യാകരണ പാഠങ്ങൾ എഴുതിയ ബോർഡ്. ബെഞ്ചുകളിൽ നിരത്തി വെച്ച ഗ്രന്ഥങ്ങളിൽ ഫത്ഹുൽ മുഈനടക്കമുള്ള മലയാളികൾക്ക് സുപരിചിതമായ ഗ്രന്ഥങ്ങൾ. നാടും ഭാഷയും മാത്രമേ മാറിയിട്ടുള്ളൂ. പാഠ്യ വിഷയങ്ങൾ ഒന്നു തന്നെ. യമനിലും ഇത്തരം മതപഠന കേന്ദ്രങ്ങൾ കണ്ടിട്ടുണ്ട്. രിബാത്വുകൾ എന്നാണ് അവ അറിയപ്പെടുന്നത്.
ശൈഖ് ബർമീനെ കൂടാതെ മറ്റൊരു പണ്ഡിതനെയും കാണാനുണ്ട്. സർവാദരണീയനാണ്. തായ്‌ലൻഡ് പണ്ഡിത നിരയിലെ പ്രധാനികളിൽ പെട്ടവരാണ്. പട്ടാണി സെൻട്രൽ മസ്ജിദ് സന്ദർശന വേളയിൽ ശൈഖ് ഇബ്റാഹീം അദ്ദേഹത്തെ കുറിച്ച് പരാമർശിച്ചിരുന്നു. സൗമ്യനായ എന്നാൽ ആർക്കു മുന്നിലും തല കുനിക്കാത്ത പ്രകൃതത്തിനുടമ. മന്ത്രിമാർ വന്നിട്ട് പോലും മുഖം കൊടുക്കാത്ത സന്ദർഭങ്ങൾ വരെ ഉണ്ടായിട്ടുണ്ടത്രെ. ഏതാണ്ട് വൈകുന്നേരമായിട്ടുണ്ട് ഞങ്ങൾ അദ്ദേഹത്തിന്റെ ആത്മീയ കേന്ദ്രത്തിലെത്തുമ്പോൾ.
അകത്ത് നിറയെ പണ്ഡിതന്മാർ. സ്വദേശികളും വിദേശികളും. കൂട്ടത്തിൽ നേരത്തേ കണ്ട ഇന്തോനേഷ്യൻ സംഘവുമുണ്ട്. മധ്യത്തിൽ അതാ ഒരു ആലിം. മുഖത്ത് നിറപുഞ്ചിരി. ഒറ്റനോട്ടത്തിൽ തന്നെ ആരെയും പിടിച്ചിരുത്തുന്ന മുഖം. വിനയാന്വിതൻ. ശൈഖ് ബാബാ ഇസ്മാഈൽ സെപഞ്ചാംഗ് എന്നാണ് മഹാന്റെ പേര്. തായ്്ലാൻഡിലെ സമുന്നത ഇസ്‌ലാമിക നേതൃത്വം.
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്. പ്രഭാഷകൻ. നൂറുകണക്കിന് പണ്ഡിതന്മാരുടെ ഗുരുവര്യർ. നിരവധി പേർ ആ ചാരെയെത്തി ഇസ്‌ലാമിൽ ആകൃഷ്ടരാവുക പതിവാണ്. ഞങ്ങളെ കണ്ടതും അവിടുന്ന് എഴുന്നേറ്റ് സ്വീകരിച്ചു. പിന്നെ ഏറെ നേരത്തെ ആശയവിനിമയങ്ങൾ. ഇന്ത്യാ – തായ്്ലാൻഡ് – ഇന്തോനേഷ്യ ബന്ധത്തിന്റെ പാരമ്പര്യവും വർത്തമാനവും സംസാരമധ്യേ കടന്നു വന്നു. മഖ്ദൂമിൽ നിന്നും ഫത്ഹുൽ മുഈനിൽ നിന്നും തുടങ്ങി കോഴിക്കോട് ഇടിയങ്ങര ശൈഖിലൂടെയും കടലുണ്ടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ബാഹസൻ ജമലുല്ലൈലിയിലൂടെയും കടന്ന് ശൈഖ് അബൂബക്കർ അഹ്മദിലേക്കും സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി വരെയും എത്തി ആ വാക്കൊഴുക്കുകൾ.അതങ്ങനെ ആത്മീയതയുടെ ആഴങ്ങളിലേക്കും ഇജാസത് സ്വീകരണത്തിലേക്കും ഒഴുകിപ്പരന്നു. അവസാനമായപ്പോഴേക്കും അവിടെ കൂടിയ ഏതാണ്ട് എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
“ഫത്ഹുൽ മുഈൻ ഞങ്ങൾക്ക് ഏറെ പരിചയമുള്ള ഗ്രന്ഥമാണ്. അതിവിടെ എല്ലാ രിബാതുകളിലും പഠിപ്പിക്കുന്നുണ്ട്’. കൂട്ടത്തിൽശൈഖ് ബാബാ ഇസ്മാഈൽ പറഞ്ഞ വാക്കുകൾ വല്ലാത്ത കൗതുകമായി. നമ്മൾ കാണാത്ത, അറിയാത്ത ഒരു നാട്ടിൽ മലയാളിയായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രചിച്ച ഫത്ഹുൽ മുഈന് ഇത്ര വലിയ സ്വാധീനമുണ്ടെന്ന് അറിയുമ്പോൾ എങ്ങനെ അഭിമാനം തോന്നാതിരിക്കും?.
തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ വിശാലമായ ഒരിടത്താണ് അദ്ദേഹത്തിന്റെ വീടും പർണശാലയും. പേര് ദാറുൽ മുഹാജിരീൻ. ദക്ഷിണ തായ്്ലാൻഡിലെ നരത്തീവ പ്രവിശ്യയിലെ പ്രസിദ്ധ ആത്മീയ കേന്ദ്രം. വല്ലാത്ത ഒരു അനുഭവമായിരുന്നു ഈ കൂടിക്കാഴ്ച. പ്രളയക്കെടുതികൾ പ്രതീക്ഷിച്ച് വന്ന ഞങ്ങൾക്ക് മുന്നിൽ അല്ലാഹു തുറന്നു വെച്ച അനുഗ്രഹങ്ങളുടെ “പ്രളയം’. ഒരാഴ്ച മുമ്പ് വെള്ളത്തിനടിയിലായ ഇടം കൂടിയാണ് ദാറുൽ മുഹാജിരീൻ.