Connect with us

From the print

ഫാത്വിമാ ബീവി: വിവാദങ്ങളില്‍ അകപ്പെട്ട് കാലാവധി പൂര്‍ത്തിയാക്കാതെ രാജി

ഈ വര്‍ഷം സര്‍ക്കാര്‍ സാമൂഹിക രംഗത്തെയും സിവില്‍ സര്‍വീസിലെയും സംഭാവനകള്‍ക്ക് 'കേരള പ്രഭ' പുരസ്‌കാരം നല്‍കി ഫാത്വിമാ ബീവിയെ ആദരിച്ചിരുന്നു.

Published

|

Last Updated

പത്തനംതിട്ട | കരുണാനിധിയുടെ ശിപാര്‍ശയില്‍ തമിഴ്‌നാട് ഗവര്‍ണറായ ജസ്റ്റിസ് ഫാത്വിമാ ബീവി ജയലളിതയെ മുഖ്യമന്ത്രിയായി അവരോധിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെ രാജിവെക്കുകയായിരുന്നു. വിവാദങ്ങളില്‍ അകപ്പെട്ട് കാലാവധി പൂര്‍ത്തിയാക്കാതെ രാജിവെച്ച ഗവര്‍ണറെന്ന ഖ്യാതിയും അങ്ങിനെ അവര്‍ സ്വന്തമാക്കി. 1997 ജനുവരി 25നാണ് ഇവര്‍ തമിഴ്നാട് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന്റെ പേരില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നിരസിക്കപ്പെട്ട ജയലളിതക്ക് രണ്ടാം വരവിന് വഴിയൊരുക്കിയത് ഇവരായിരുന്നു. 2001ല്‍ തമിഴ്‌നാട് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 131 സീറ്റ് നേടി എ ഐ എ ഡി എം കെ ഏറ്റവും വലിയ ഒറ്റകക്ഷിയായായി. എന്നാല്‍, സുപ്രീം കോടതി വിലക്ക് കാരണം ജയലളിത തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താലും ആറ് മാസത്തിനകം നിയമസഭയില്‍ എത്താന്‍ കഴിയില്ലെന്ന് അറിയാമായിരുന്ന ഫാത്വിമ ബീവി സര്‍ക്കാറുണ്ടാക്കാന്‍ അവരെ ക്ഷണിച്ചത് വിവാദമായി.

2001 മെയ് 24ന് രണ്ടാം തവണ മുഖ്യമന്ത്രിയായി ജയലളിത ചുമതലയേറ്റു. തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം, നേതാവായി ജയലളിതയെ തിരഞ്ഞെടുത്തതുകൊണ്ടാണ് താന്‍ അവരെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചതെന്നായിരുന്നു ഗവര്‍ണറുടെ വിശദീകരണം. ഈ തീരുമാനത്തിന് എതിരെ കോടതികളില്‍ പൊതുതാത്പര്യ ഹരജികള്‍ ഫയല്‍ ചെയ്തു. ഇതിന് പിന്നാലെ 2001 ജൂണ്‍ 30ന് പുലര്‍ച്ചെ ഡി എം കെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധി, കേന്ദ്ര മന്ത്രിമാരായ മുരശൊലി മാരന്‍, ടി ആര്‍ ബാലു എന്നിവരെ ചെന്നൈയില്‍ അറസ്റ്റ് ചെയ്തു. ഈ സംഭവത്തില്‍ മുഖ്യമന്ത്രി ജയലളിതയെ അനുകൂലിച്ച് കേന്ദ്രത്തിന് റിപോര്‍ട്ട് നല്‍കിയ ഗവര്‍ണറുടെ നടപടിയും വിവാദമായി. എ ബി വാജ്പയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഫാത്വിമാ ബീവിയെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

പത്തനംതിട്ടക്കാരുടെ സ്വന്തം
പത്തനംതിട്ട | പത്തനംതിട്ടക്കാരെന്നും അഭിമാനത്തോടെ പറഞ്ഞിരുന്ന പേരാണ് ജസ്റ്റിസ് ഫാത്വിമാ ബീവി. ഉന്നത വിദ്യാഭ്യാസം വിദൂരമായിരുന്ന കാലത്താണ് ഇവര്‍ നിയമ പഠനത്തിനായി തിരുവനന്തപുരത്തേക്ക് ചേക്കേറിയത്. 1950 നവംബര്‍ 14ന് അഭിഭാഷകയായി എന്റോള്‍ ചെയ്ത ഫാത്വിമാ ബീവി കൊല്ലം ജില്ലാ കോടതിയിലാണ് പ്രാക്ടീസ് ആരംഭിച്ചത്. പ്രഗത്ഭരായ അഭിഭാഷകരുടെ കീഴില്‍ ജോലി ആരംഭിച്ചു. സ്ത്രീപക്ഷ, മനുഷ്യപക്ഷ ചിന്തകളിലൂടെ അവരുടെ വാദങ്ങള്‍ കോടതിയില്‍ ശ്രദ്ധിക്കപ്പെട്ടു.

ഈ വര്‍ഷം സര്‍ക്കാര്‍ സാമൂഹിക രംഗത്തെയും സിവില്‍ സര്‍വീസിലെയും സംഭാവനകള്‍ക്ക് ‘കേരള പ്രഭ’ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.