Connect with us

Editors Pick

അനുകൂലം സാഹചര്യങ്ങൾ വോട്ടാക്കാനായില്ല; ഹരിയാനയിൽ കോൺഗ്രസിനെ ചതിച്ചത് അമിത ആത്മവിശ്വാസമോ?

പാർട്ടിയിലെ ചേരിപ്പോരാണ് കോൺഗ്രസിന് തിരിച്ചടി നൽകിയ പ്രധാന ഘടങ്ങളിൽ ഒന്ന്.  അധികാരത്തിനായി അതിൻ്റെ ഉന്നത നേതാക്കൾ കലഹം കൂടിയതാണ് തിരഞ്ഞെടുപ്പിന് മുമ്പ് കണ്ടത്. തെരഞ്ഞെടുപ്പിന് ഏറെ മുമ്പുതന്നെ വിജയം സുനിശ്ചിതമാണെന്ന അമിത ആത്മ വിശ്വാസത്തിൽ നേതാക്കൾ മുഖ്യമന്ത്രി പദത്തിന് ചരടുവലികൾ നടത്തി. മുതിർന്ന നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയും മുതിർന്ന നേതാവ് കുമാരി സെൽജയും തമ്മിലുള്ള അധികാര തർക്കം പാർട്ടിക്കുണ്ടാക്കിയ നാശമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.

Published

|

Last Updated

രിയാനയിൽ തുടർച്ചയായി മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കാൻ തന്നെ കോൺഗ്രസിന് നിയോഗം. അമിത ആത്മ വിശ്വാസത്തോടെ ഹരിയാന പിടിക്കുമെന്ന് ഉറപ്പിച്ച് ഗോദയിലിറങ്ങിയ കോൺഗ്രസിന് തിരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചത് നിരാശ. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ശരിക്കും ബിജെപിയെ വിറപ്പിച്ച്, എക്സിറ്റ് പോൾ പ്രവചനങ്ങൾ അർഥവത്താക്കും രീതിയിലായിരുന്നു കോൺഗ്രസ് മുന്നേറ്റം. ഇതിന്റെ ആത്മവിശ്വാസത്തിൽ എ ഐ സി സി ആസ്ഥാനത്തും ഭൂപീന്ദർ ഹൂഡയുടെ വസതിയിലുമെല്ലാം ലഡു വിതരണവും ആഘോഷ പ്രകടനങ്ങളുടെ നടന്നു. എന്നാൽ ഇതിന് മിനുട്ടുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. വോട്ടെണ്ണൽ നഗര മേഖലകളിലേക്ക് കടന്നതോടെ കോൺഗ്രസിന് ശരിക്കും കാലിടറി. പിന്നീട് ബിജെപി വിജയത്തിലേക്ക് കുതിച്ചുകയറുന്നതാണ് കണ്ടത്.

കഴിഞ്ഞ 10 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപിക്ക് ഇഥ് ഹാട്രിക് നേട്ടമാണ്. ഏറ്റവും ഒടുവിലെ ഫല സൂചനകൾ അനുസരിച്ച് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 46 സീറ്റുകളും പിന്നിട്ട് 50ലെത്തി നിൽക്കുകയാണ് ബിജെപി ഹരിയാനയിൽ. 2014 വരെ ഐ.എന്‍.എല്‍.ഡിയുടെ ബി ടീമായി മത്സരിച്ച ബിജെപി ആ വർഷം മോദി തരംഗത്തിൽ 47 സീറ്റുകളോടെ ഹരിയാനയിൽ താമര വിരിയിച്ചു. കഴിഞ്ഞ തവണ 40 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. ജെ ജെപി പിന്തുണയിൽ അധികാരം നിലനിർത്താൻ ബിജെപിക്ക് സാധിച്ചു. ഇത്തവണ കടുത്ത ഭരണ വിരുദ്ധ തരംഗത്തിനിടയലും പാർട്ടി മികച്ച ഭൂരിപക്ഷം നേടിയത് കോൺഗ്രസ് കേന്ദ്രങ്ങളെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്. ജാട്ട് മേഖലയിൽ ഒബിസി വോട്ടുകൾ വാരിക്കൂട്ടിയാണ് ബിജെപി മൂന്നാമങ്കത്തിൽ വിജയിച്ചതെന്നാണ് വിലയിരുത്തൽ.

എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പാടെ തള്ളുന്ന വിജയമാണ് ബിജെപി ഹരിയാനയിൽ നേടിയത്. 55 സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. ഇത് കോൺഗ്രസിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിരുന്നു. എന്നാൽ അതെല്ലാം തകിടം മാറിയുന്നതാണ് പിന്നീട് കണ്ടത്.

ഭരണവിരുദ്ധ വികാരമടക്കം അനുകൂല സാഹചര്യം ഏറെയുണ്ടായിട്ടും അതൊന്നും വോട്ടാക്കി മാറ്റാന്‍ കഴിയാതെ പോയതാണ് കോൺഗ്രസിന് തിരിച്ചടിയായത്. കർഷക സമരങ്ങളും ഗുസ്തിക്കാരുടെ പ്രതിഷേധങ്ങളും ഒന്നും വോട്ടാക്കി മാറ്റാൻ കോൺഗ്രസിന് കഴിഞ്ഞില്ല.

പാർട്ടിയിലെ ചേരിപ്പോരാണ് കോൺഗ്രസിന് തിരിച്ചടി നൽകിയ പ്രധാന ഘടങ്ങളിൽ ഒന്ന്.  അധികാരത്തിനായി അതിൻ്റെ ഉന്നത നേതാക്കൾ കലഹം കൂടിയതാണ് തിരഞ്ഞെടുപ്പിന് മുമ്പ് കണ്ടത്. തെരഞ്ഞെടുപ്പിന് ഏറെ മുമ്പുതന്നെ വിജയം സുനിശ്ചിതമാണെന്ന അമിത ആത്മ വിശ്വാസത്തിൽ നേതാക്കൾ മുഖ്യമന്ത്രി പദത്തിന് ചരടുവലികൾ നടത്തി. മുതിർന്ന നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയും മുതിർന്ന നേതാവ് കുമാരി സെൽജയും തമ്മിലുള്ള അധികാര തർക്കം പാർട്ടിക്കുണ്ടാക്കിയ നാശമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ഈ തർക്കത്തിൽ ഭുപീന്ദര്‍ സിങ് ഹൂഡയെ പിന്തുണച്ച ഹൈക്കമാന്‍ഡ് നടപടി തിരിച്ചടിച്ചു. ദളിത് നേതാവായ ഷെല്‍ജ കുമാരിയുടെ അപ്രീതി വോട്ട് നഷ്ടമാക്കി. വോട്ടെടുപ്പിന്റെ തലേന്ന് ബിജെപിയില്‍ നിന്ന് ദളിത് നേതാവായ അശോക് തന്‍വറെ അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസില്‍ എത്തിച്ചെങ്കിലും ദളിത് വോട്ടുകള്‍ സ്വാധീനിക്കാൻ ഇത് സഹായിച്ചില്ല. ഘട്ടാറിനെ മാറ്റി നയാബ് സിങ് സെയ്‌നിയെ മുന്നോട്ടുവെച്ചതിലൂടെ ഒബിസി വോട്ടുകൾ ഉറപ്പിക്കാനും ബിജെപിക്ക് സാധിക്കുകയും ചെയ്തു.

വോട്ട് വിഹിതത്തിൽ കോൺഗ്രസ് ബിജെപിയെക്കാൾ മുന്നിലാണെങ്കിലും ഇത് സീറ്റാക്കി മാറ്റാൻ സാധിച്ചില്ല. പല സീറ്റുകളിലും കുറഞ്ഞ മാർജിനാണ് ബിജെപി വിജയിച്ചത്.  ഹരിയാനയിലെ ഭരണ വിരുദ്ധ വോട്ടുകൾ പ്രാദേശിക പാർട്ടികളും സ്വതന്ത്രരും നേടിയെന്നാണ് ഇത് കാണിക്കുന്നത്. ഇത് ബിജെപിക്ക് അനുഗുണമാകുകയും ചെയ്തു.

ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ജാട്ട് വോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ബിജെപിക്ക് അനുകൂലമായി ജാട്ട് ഇതര വോട്ടുകളുടെ ഏകീകരണം ഉണ്ടായതും തിരിച്ചടിക്ക് കാരണമായി. കോൺഗ്രസ് വിജയിച്ചാൽ അത് ജാട്ടുകളുടെ വിജയമാകുമെന്ന് വന്നതോടെ ഇതര കക്ഷികൾ ഭരണപക്ഷത്തേക്ക് ചാഞ്ഞെന്നാണ് വിലയിരുത്തൽ.

എഎപിയുമായുള്ള സഖ്യ ചർച്ചകൾ പരാജയപ്പെട്ടതും കോൺഗ്രസിന് തിരിച്ചടിയായെന്ന് വേണം കരുതാൻ. എഎപി പത്ത് സീറ്റുകൾ ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് നൽകാൻ തയ്യാറായത് ഏഴ് സീറ്റുകൾ മാത്രമാണ്. ഇതോടെ ആ ചർച്ച വഴിമുട്ടി. ഒറ്റക്ക് നിന്ന് തന്നെ വിജയിക്കാമെന്ന അമിത ആത്മവിശ്വാസമാണ് കോൺഗ്രസിനെ ഈ പിടിവാശിക്ക് പ്രേരിപ്പിച്ചത്. മറുവശത്ത് കോൺഗ്രസ് മുന്നോട്ടവെച്ച ഏഴ് സീറ്റുകൾ വാങ്ങാൻ തയ്യാറാകാതിരുന്ന എഎപി എട്ടുനിലയിൽ പൊട്ടിയതും ഈ തിരഞ്ഞെടുപ്പിൽ കണ്ടു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ടാണ് കോൺഗ്രസ് ഹരിയാനയിൽ മികച്ച വിജയം നേടിയത്. ജാട്ട്-ദളിത് വോട്ടുകള്‍ സ്വന്തം പാളയത്തിൽ എത്തിച്ചായിരുന്നു ഈ മുന്നേറ്റം. അനുകൂല സാഹചര്യത്തിലും ഭരണം പിടിക്കാനാകാത്തത് എന്തുകൊണ്ട് എന്ന പുനർവിചിന്തനമാകും വരും ദിവസങ്ങളിൽ കോൺഗ്രസ് കേന്ദ്രങ്ങൾ നടത്തുക.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

---- facebook comment plugin here -----

Latest