Kerala
വയനാടിന് പ്രിയങ്കരി; കന്നിയങ്കത്തില്‍ കൂറ്റന്‍ ഭൂരിപക്ഷവുമായി പ്രിയങ്ക
തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി പി ഐയുടെ സത്യന്‍ മൊകേരിയേക്കാള്‍ 4,10,931 വോട്ട് അധികം നേടിയാണ് യു ഡി എഫ് സാരഥി തിളക്കമാര്‍ന്ന ജയം സ്വന്തമാക്കിയത്.
കല്‍പ്പറ്റ | തിരഞ്ഞെടുപ്പിലെ തന്റെ കന്നിയങ്കത്തില്‍ തകര്‍പ്പന്‍ വിജയവുമായി പ്രിയങ്കാ ഗാന്ധി. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി പി ഐയുടെ സത്യന്‍ മൊകേരിയേക്കാള്‍ 4,10,931 വോട്ട് അധികം നേടിയാണ് യു ഡി എഫ് സാരഥി തിളക്കമാര്‍ന്ന ജയം സ്വന്തമാക്കിയത്. രാജീവ് ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും പ്രിയ പുത്രിയും രാഹുല്‍ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണെന്ന് വയനാടന്‍ ജനത പ്രഖ്യാപിക്കുകയായിരുന്നു.
പ്രിയങ്കാ ഗാന്ധി 6,22,338 വോട്ട് നേടിയപ്പോള്‍ സത്യന്‍ മൊകേരിക്ക് 2,11,407 വോട്ട് ലഭിച്ചു. എന്‍ ഡി എ സ്ഥാനാര്‍ഥി നവ്യ ഹരിദാസിന് 1,09939 വോട്ടാണ് നേടാന്‍ കഴിഞ്ഞത്.
2024ല്‍ രാഹുല്‍ ഗാന്ധി രണ്ടാം തവണയും വയനാട്ടില്‍ നിന്ന് ജനവിധി നേടിയപ്പോള്‍ സ്വന്തമാക്കിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷം പ്രിയങ്ക പഴങ്കഥയാക്കി. എന്നാല്‍, 2019ല്‍ രാഹുല്‍ നേടിയ 4,31,770 എന്ന ചരിത്ര ഭൂരിപക്ഷത്തെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. മൊത്തം പോള്‍ ചെയ്തതിന്റെ 64.99 ശതമാനം വോട്ട് പ്രിയങ്കക്ക് ലഭിച്ചു. 2019-ല്‍ രാഹുലിന് 64.67 വോട്ടുകളാണ് കിട്ടിയത്. പോളിങ് ശതമാനം കുറഞ്ഞിട്ടും രാഹുലിന് ലഭിച്ചതിലും വോട്ടുവിഹിതം പ്രിയങ്കക്ക് ലഭിച്ചു.
വോട്ടെണ്ണലിന്റെ ഒരു റൗണ്ടില്‍ പോലും പ്രിയങ്കയെ നേരിയ വ്യത്യാസത്തിനെങ്കിലും മറികടക്കാന്‍ മറ്റ് സാരഥികള്‍ക്ക് സാധിച്ചില്ല. മണ്ഡലത്തില്‍ വോട്ടിങ് ശതമാനം കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കുമെന്ന് യു ഡി എഫ് കേന്ദ്രങ്ങള്‍ പോലും ആശങ്കപ്പെട്ടിരുന്നുവെങ്കിലും വോട്ടെണ്ണല്‍ തുടങ്ങിയതോടെ തന്നെ അതെല്ലാം അസ്ഥാനത്തായി. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ പോളിങാണ് വയനാട്ടില്‍ ഇത്തവണ രേഖപ്പെടുത്തിയത്-64.72 ശതമാനം.
ഈ സാഹചര്യത്തിലും പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യാനായി എന്ന ആശ്വാസം യു ഡി എഫിന് ഉണ്ടായിരുന്നു പ്രതീക്ഷ. അപ്പോഴും ഭൂരിപക്ഷം രാഹുലിന് അടുത്തെത്തില്ലേയെന്ന അശങ്കയും ഉണ്ടായിരുന്നു. അവസാന കണക്ക് അനുസരിച്ച് പ്രിയങ്കയുടെ ഭൂരിപക്ഷം 4,10,931 വോട്ടുകളാണ്.
4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2019-ല്‍ രാഹുല്‍ വയനാട്ടില്‍ നിന്ന് വിജയിച്ചത്. 7,06,367 വോട്ടാണ് അന്ന് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്. മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 64.67 ശതമാനമാണ് രാഹുല്‍ സ്വന്തമാക്കിയത്. അന്ന് രണ്ടാമതെത്തിയ സി പി ഐ സ്ഥാനാര്‍ഥി പി പി സുനീര്‍ 2,74,597 വോട്ട് നേടിയപ്പോള്‍ എന്‍ ഡി എയുടെ തുഷാര്‍ വെള്ളാപ്പള്ളിക്ക് 78,816 വോട്ട് ലഭിച്ചു.
2019ലെ ഭൂരിപക്ഷത്തിന്റെ അടുത്തു പോലുമെത്താന്‍ 2024 തിരഞ്ഞെടുപ്പില്‍ രാഹുലിന് കഴിഞ്ഞില്ല. 3,64,442 വോട്ടിനാണ് രാഹുല്‍ സി പി ഐ സ്ഥാനാര്‍ഥി ആനി രാജയോട് വിജയിച്ചത്. ആകെ പോള്‍ ചെയ്ത 72.92 ശതമാനം വോട്ടില്‍ 59.69 ശതമാനം നേടാന്‍ രാഹുലിന് സാധിച്ചു. ആനി രാജ 2,83,023 വോട്ട് സ്വന്തമാക്കിയപ്പോള്‍ ബി ജെ പി സാരഥി കെ സുരേന്ദ്രന്‍ 1,41,045 വോട്ട് നേടി.