Connect with us

From the print

മാപ്പിളപ്പാട്ട് വേദി കീഴടക്കി ഫസലിന്റെ ഇശലുകൾ

തനത് മാപ്പിളപ്പാട്ട് ശാഖയിൽ ഇതുവരെ ഇരുപതോളം പരമ്പരാഗത പാട്ടുകൾക്ക് ഫസൽ രചന നിർവഹിച്ചിട്ടുണ്ട്.

Published

|

Last Updated

ലസ്ഥാന നഗരിയിൽ മാപ്പിളപ്പാട്ടിന്റെ താള മനോഹാരിത പെയ്തിറങ്ങിയപ്പോൾ വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വേദി ചാലക്കുടിപ്പുഴ, ഇശലിന്റെ ഓളമിട്ടു. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗം മത്സരങ്ങളിൽ ഏറെ കുട്ടികളും തിരഞ്ഞെടുത്തത് അധ്യാപകനും എഴുത്തുകാരനുമായ ഫസൽ കൊടുവള്ളിയുടെ വരികളാണ്. കുട്ടികളുടെ പാട്ട് കേൾക്കാൻ ഫസൽ മാഷും വേദിയിൽ തന്നെ ഉണ്ടായിരുന്നു.

ടോപ്‌സിംഗർ ടെലിവിഷൻ റിയാലിറ്റി ഷോയിലെ വിന്നറും കോഴിക്കോട് റഹ്്മാനിയ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയുമായ ദേവനന്ദ ഫസലിന്റെ ബദർ ഖസീദയിൽ നിന്ന് എടുത്ത മുഹ്‌സിൻ കുരിക്കൾ ഈണം നൽകിയ ‘ബദറപ്പടബെമ്പിടുംബമ്പരിൽ മൂണ്ടരെ ബിത്യ ബിരമ്പുന്നെ… ബാറാൽ ബിന പൊങ്കും കുതുകുല ബികൃതമതേ’ എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ട് ആലപിച്ചാണ് മിന്നും താരമായത്. ദേവനന്ദ തുടർച്ചയായി രണ്ടാം തവണയാണ് ഫസലിന്റെ പാട്ടുമായി സംസ്ഥാന കലോത്സവത്തിനെത്തുന്നത്.

ഇടുക്കിയിലെ ജി വി എച്ച് എസ് നെടുങ്കണ്ടത്തിലെ സിജ്‌നയും പാറശാല ഗവ. ഹൈസ്‌കൂളിലെ വൈഭവ് വി ആറും ആലപിച്ചത് സീറത്തു സഹ്‌റയിലെ വരികളാണ്.

‘അലിയാരെ തരുൾ നാരി തിരുനൂറിൻ മകൾ ഹൂറി
അലരാകും സുറുറിൻ സീറാം സുരറാണി… എന്ന് തുടങ്ങുന്ന പ്രാവചകന്റെ പ്രിയപുത്രി ഫാതിമയുടെയും മണവാളനായ അലിയുടെയും കല്യാണ വിശേഷങ്ങൾ ഇതിവൃത്തമാക്കിയ രചനയാണിത്. ഈ ഗാനം കഴിഞ്ഞ വർഷവും കലോത്സവത്തിൽ പാടിയിരുന്നു.തൃശൂർ തളിക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ റന ആലപിച്ചത് ഉഹ്ദ് സബീനയിലെ ‘ബന്ദാറപ്പെണ്ടുടൽ ബിണ്ടിടും ബണ്ടറിൽ ‘ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു. ഇതും ഫസലിന്റെ രചനയിൽ പിറന്ന വരികളായിരുന്നു.

തനത് മാപ്പിളപ്പാട്ട് ശാഖയിൽ ഇതുവരെ ഇരുപതോളം പരമ്പരാഗത പാട്ടുകൾക്ക് ഫസൽ രചന നിർവഹിച്ചിട്ടുണ്ട്. 2017ൽ തൃശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിലും തുടർന്നുള്ള ആലപ്പുഴ, കാസർകോട്, കോഴിക്കോട്, കൊല്ലം കലാമേളകളിലും ഫസലിന്റെ പാട്ടുകൾ ശ്രദ്ധേയമായിരുന്നു.
യൂസുഫ് നബി ചരിത്രത്തിലെ ‘ചിന്താര ചെങ്കതിർ ചുന്ദരി ചിങ്കരിയാൾ സുലൈഖാബി’, പ്രളയ ദുരന്തമാലയിലെ ‘പകയാലെ ബലദിതിൽ പല ബിധം പുകിന്ത പുകിൽ പതി പാടെ മദിത്തെ’, ബദർ ഖസീദയിലെ ‘തങ്കത്തേൻ തിരുനബി തരുൾതരമാൽ മക്കത്തെ തിങ്കും ബദർ ‘, ഹിജ്‌റയിലെ ‘ദൂതരാം നബി ഒരു ദിനം തിരുബൈത്തിൽ ‘, പൂക്കോട്ടൂർ പടയിലെ ‘തൊള്ളായിരത്തിരുപത്തിയൊന്നിൽ’ തുടങ്ങി പോയ വർഷങ്ങളിൽ മാറ്റുരച്ച മികച്ച ഒട്ടേറെ പാട്ടുകൾ ഫസലിന്റേതായുണ്ട്.

കൊടുവള്ളി വലിയപറമ്പ് സ്‌കൂളിലെ അധ്യാപകനായ ഫസൽ തനത് മാപ്പിളപ്പാട്ടുകൾക്ക് പുറമെ അഞ്ഞൂറോളം ഗാനങ്ങളും എഴുതിയിട്ടുണ്ട്. കോഴിക്കോട് ആകാശവാണിയിൽ കാഷ്വൽ അനൗൺസർ കൂടിയായി സേവനം ചെയ്യുന്ന ഫസലിന് മോയിൻകുട്ടി വൈദ്യരുടെ ശൈലിയിൽ മാപ്പിളപ്പാട്ടുകൾക്ക് രചന നിർവഹിക്കാനാണ് ഇഷ്ടം.

Latest