Connect with us

Articles

ഭയവും വെറുപ്പും ഹിജാബിനോട് മാത്രമല്ല

എതിരാളികളെ തോല്‍പ്പിച്ച്, അന്തഃപുരങ്ങളില്‍ കയറി അവിടുത്തെ സ്ത്രീകളെ സ്വതന്ത്രരാക്കുക എന്ന അമര്‍ചിത്രകഥാ യുദ്ധാഖ്യാനങ്ങളില്‍ അഭിരമിക്കുകയാണ് സംഘ്പരിവാര്‍. അതുകൊണ്ടാണ് കര്‍ണാടകയിലെ ഒരു ക്യാമ്പസില്‍ ആരംഭിച്ച് പലയിടത്തേക്കും പടര്‍ന്ന ഹിജാബിനെതിരെയുള്ള യുദ്ധപ്രഖ്യാപനത്തിന് പിന്തുണയുമായി അമിത് ഷായെപ്പോലെ ഒരു പ്രധാനി തന്നെ നേരിട്ട് രംഗത്ത് വരുന്നത്.

Published

|

Last Updated

സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഹിജാബിന് ഒരു വസ്ത്ര സൂചകം മാത്രമായിരിക്കാന്‍ സാധ്യമല്ല എന്ന് സാമാന്യ ബുദ്ധിയുള്ള സകലര്‍ക്കും അറിയാവുന്നതാണ്. മുസ്ലിംകളുമായി ബന്ധപ്പെട്ട എന്തിനെയും സംശയകരമായി നോക്കിക്കാണുന്ന ഒരു സാമൂഹിക പരിസരത്തില്‍ ഹിജാബ് സവിശേഷമായി വീക്ഷിക്കപ്പെടുന്നതില്‍, അതിന് അവസരം സൃഷ്ടിക്കുന്നതില്‍ അസ്വാഭാവികത ഒന്നും തന്നെയില്ല.

ആഗോളതലത്തില്‍ അത്തരമൊരു ഇസ്ലാം പേടിക്ക് സുദീര്‍ഘമായ ചരിത്രം തന്നെയുണ്ട്. ഇവിടെ ഇന്ത്യയിലാകട്ടെ ആര്‍ എസ് എസിന്റെ ഹിന്ദുത്വ സാംസ്‌കാരിക ദേശീയതയുടെ അടിസ്ഥാനം തന്നെ മുസ്ലിംകളോടുള്ള വെറുപ്പാണ്. ഇന്ത്യയില്‍ മുസ്ലിം എന്നതിന്റെ സ്വത്വപരമായ നിലനില്‍പ്പ് തന്നെ സംഘ്പരിവാര്‍ അംഗീകരിക്കുന്നില്ല. ഇപ്പോള്‍ ഇതെഴുതുന്ന സമയത്ത് അത് ആര്‍ എസ് എസിന്റെ ഔദ്യോഗിക രേഖയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയില്‍ എല്ലാവരും ഹിന്ദുക്കളാണെന്ന് അത് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. ആ പ്രഖ്യാപനം ഒരു നിമിഷത്തെ പൊടുന്നനെയുള്ള ആവേശത്തള്ളിച്ചയില്‍ ഉണ്ടായ ഒന്നല്ല. ആര്‍ എസ് എസുകാരുടെ എക്കാലത്തെയും വിശുദ്ധ ഗ്രന്ഥമായ വിചാര ധാരക്കകത്തെ പൗരത്വ നിര്‍വചനം തന്നെയാണ് മുസ്ലിംകളുടെ അപരവത്കരണത്തിന് ആധാരം. അതനുസരിച്ച് ‘അന്തേവാസിയും’ ‘പൗരനും’ കൃത്യമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിനകത്ത് പുണ്യസ്ഥലവും ജന്മസ്ഥലവും ഉള്ള ആള്‍ വിചാരധാരക്കകത്തെ പൗരന്‍. അതിനാല്‍ തന്നെ, രാജ്യത്തിന് പുറത്തുള്ള മക്കയിലെ വിശുദ്ധ ഗേഹത്തിന് അഭിമുഖമായി അഞ്ച് നേരവും നിസ്‌കരിക്കുന്ന മുസ്ലിം സ്വാഭാവികമായും സങ്കുചിതത്വ ഹിന്ദുത്വ ദേശീയതയുടെ അതിരുകള്‍ക്കകത്ത് ആഗിരണം ചെയ്യാന്‍ പറ്റാത്തതും അതിന് എതിരുമാണ്. അതുകൊണ്ട് തന്നെയാണ്, മറ്റാരേക്കാളും മുസ്ലിംകള്‍ക്കെതിരായി അവസാനമില്ലാത്ത യുദ്ധങ്ങള്‍ സംഘ്പരിവാര്‍ വിഭാവനം ചെയ്യുന്നത്.

ഷാബാനു കേസ് ഉദാഹരണമായെടുക്കാം. അന്ന് മുസ്ലിം സ്ത്രീയെ ‘സംരക്ഷിക്കല്‍ യജ്ഞത്തില്‍’ ഹിന്ദുത്വവാദികള്‍ സജീവമായി ഉണ്ടായിരുന്നു. മതേതര ലിബറല്‍ പുരോഗമന വാദികളും മുസ്ലിം പരിഷ്‌കരണ വാദികള്‍ എന്ന് സ്വയം വിശേഷിപ്പിച്ചവരും ഈ യജ്ഞത്തില്‍ പങ്കാളികളായി. അന്നത്തെ പ്രചാരണങ്ങളുടെ സ്‌ക്രിപ്റ്റ് യഥാര്‍ഥത്തില്‍ തയ്യാറാക്കിയത് സംഘ്പരിവാര്‍ കാര്യാലയത്തില്‍ നിന്ന് തന്നെയായിരുന്നു എന്നതിന് പിന്നീട് നടന്ന സംഭവ വികാസങ്ങള്‍ തന്നെയാണ് ഏറ്റവും വലിയ തെളിവ്. അന്ന് മുസ്ലിം പരിഷ്‌കരണവാദിയായി സ്വയം ഐഡന്റിഫൈ ചെയ്ത ആരിഫ് മുഹമ്മദ് ഖാന്‍ മാത്രമല്ല മുസ്ലിം സ്ത്രീയുടെ അവകാശത്തിന് വേണ്ടി കേസ് കൊടുത്ത ഷാബാനു ബീഗം തന്നെയും അവസാനം എത്തിച്ചേര്‍ന്നത് സംഘ്പരിവാര്‍ കാര്യാലയത്തില്‍ തന്നെയാണ്.

ആക്രമണോത്സുക ഹിന്ദുത്വഭാവനകള്‍ മുസ്ലിം സ്ത്രീയെക്കുറിച്ച് നിര്‍മിച്ച് വെച്ചിരിക്കുന്ന വാര്‍പ്പ് മാതൃകകള്‍ അന്ന് തന്നെ പുറത്തുവന്നതാണ്. മുസ്ലിം പുരുഷനെ അപരിഷ്‌കൃതനും അക്രമിയുമായി ചിത്രീകരിച്ചു അവര്‍. മുസ്ലിം പുരുഷനാല്‍ അടിച്ചമര്‍ത്തപ്പെടുന്ന വസ്തുവായി മുസ്ലിം സ്ത്രീയെ അടയാളപ്പെടുത്തുകയും ചെയ്തു. അതേസമയം മുസ്ലിം സ്ത്രീയെ മുസ്ലിം പുരുഷനില്‍ നിന്ന് രക്ഷിക്കുന്ന രക്ഷക സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യുന്നുണ്ട് സംസ്‌കാരിക ഹിന്ദുത്വവാദികള്‍.

അങ്ങനെ ഘട്ടം ഘട്ടമായി വികസിപ്പിക്കപ്പെട്ട ആസൂത്രിതമായ അജന്‍ഡയുടെ ഏറ്റവും അവസാനത്തെ അധ്യായമാണ് ഇപ്പോഴത്തെ ഹിജാബ് എപ്പിസോഡ്. സ്ത്രീ ശരീരത്തെ സമ്പൂര്‍ണമായി മറക്കുന്ന വസ്ത്രവിധാനം എന്നത് ഏതെങ്കിലും മതത്തിന്റെയോ നാഗരികതയുടെയോ സംസ്‌കാരത്തിന്റെയോ കുത്തകയൊന്നുമല്ല എന്നതാണ് യാഥാര്‍ഥ്യം. ലോകത്തെമ്പാടും വിവിധ ഇടങ്ങളില്‍ അത് പിന്തുടര്‍ന്ന് വരുന്നുണ്ട്. ഇന്ത്യയില്‍ തന്നെ ഹിന്ദു പുരാണങ്ങളില്‍ അത്തരം മാതൃകകള്‍ ഉണ്ട്. കൂടാതെ ഇപ്പോഴും അത്തരം വസ്ത്രധാരണ രീതികള്‍ പിന്തുടരുന്ന ഹിന്ദു സമൂഹങ്ങളും ഉണ്ട്. കാര്യങ്ങള്‍ ഇതായിരിക്കെ, മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണ രീതിയെ വേര്‍തിരിച്ച് ആക്രമിക്കുന്നതിന്റെ കാരണം ഏതെങ്കിലും വസ്ത്രത്തോടുള്ള എതിര്‍പ്പല്ല. മറിച്ച് മുസ്ലിംകളോടും അതിന്റെ ചിഹ്നങ്ങളോടും പൊതുവില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള വെറുപ്പിന്റെ തുടര്‍ച്ചയാണ് ഇതെല്ലാം എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.

‘അസ്വാതന്ത്ര്യയായ മുസ്ലിം സ്ത്രീയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന സാംസ്‌കാരിക ദേശീയത’ എന്ന മുദ്രാവാക്യവും വിവാദം ഉയര്‍ത്തുന്നവര്‍ മുന്നോട്ട് വെക്കുന്നുണ്ട്. മുസ്ലിം സ്ത്രീകള്‍ തങ്ങളോടൊപ്പമാണെന്ന് നിരവധി തവണ നരേന്ദ്ര മോദി തന്നെ പറഞ്ഞിട്ടുണ്ട്. അതേസമയം, ഹിജാബ് മുസ്ലിം സ്ത്രീക്ക് പുരുഷന്‍ അടിച്ചേല്‍പ്പിക്കുന്നതാണെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു. എതിരാളികളെ തോല്‍പ്പിച്ച്, അന്തപുരങ്ങളില്‍ കയറി അവിടുത്തെ സ്ത്രീകളെ സ്വതന്ത്രരാക്കുക എന്ന അമര്‍ചിത്രകഥാ യുദ്ധാഖ്യാനങ്ങളില്‍ അഭിരമിക്കുകയാണ് സംഘ്പരിവാര്‍. അതുകൊണ്ടാണ് കര്‍ണാടകയിലെ ഒരു ക്യാമ്പസില്‍ ആരംഭിച്ച് പലയിടത്തേക്കും പടര്‍ന്ന ഹിജാബിനെതിരെയുള്ള യുദ്ധപ്രഖ്യാപനത്തിന് പിന്തുണയുമായി അമിത് ഷായെപ്പോലെ ഒരു പ്രധാനി തന്നെ നേരിട്ട് രംഗത്ത് വരുന്നത്.

ഹിജാബ് വിഷയത്തില്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കേസ് ഉന്നത നീതിപീഠം പരിഗണിക്കാനിരിക്കെ, ന്യായാധിപന്റെ അസ്വാഭാവിക മരണത്തില്‍ പോലും സംശയിക്കപ്പെടുന്ന അമിത് ഷായെപ്പോലെ ഒരു ആഭ്യന്തര മന്ത്രി നല്‍കുന്ന സന്ദേശം വ്യക്തമാണ്. പൊതു ബോധത്തെയും മാധ്യമങ്ങളെയും കോടതിയെയും ഒരു പോലെ ഹിജാബിനെതിരെ അണിനിരത്താനാണ് സംഘ്പരിവാര്‍ പരിശ്രമിക്കുന്നത്. സംഘ്പരിവാര്‍ താത്പര്യങ്ങളില്‍ അഭിരമിക്കുന്ന, തീവ്ര വലതുപക്ഷ അനുഭാവം പ്രകടിപ്പിക്കുന്ന ചില മാധ്യമങ്ങള്‍ സംഘ്പരിവാറിന്റെ ഈ കെണിയില്‍ ബോധപൂര്‍വം തന്നെ വീണുപോയിരിക്കുന്നു. സംഘ്പരിവാര്‍ തുടങ്ങിവെച്ച ഈ വിവാദം കേവലം ഹിജാബില്‍ തുടങ്ങുന്നതോ പര്യവസാനിക്കുന്നതോ അല്ല. മുസ്ലിം സാംസ്‌കാരിക സൂചകങ്ങളോടും ബഹുസ്വരതയോടും ഉള്ള പരസ്യമായ യുദ്ധ പ്രഖ്യാപനം തന്നെയാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ട് തന്നെ, അതിനെതിരെ ഉരുത്തിരിയുന്ന പ്രതിഷേധങ്ങളുടെ പുതിയ ഭാഷയെക്കുറിച്ചും പറയാതിരിക്കാനാകില്ല. പര്‍ദയും ഹിജാബും പറിച്ചെറിഞ്ഞ് കൊണ്ട് വേണം പൊതുമണ്ഡലത്തില്‍ പ്രവേശിക്കാന്‍ എന്ന ഹിന്ദുത്വ തിട്ടൂരം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കോംപ്രമൈസ് ഇല്ല എന്ന് പ്രഖ്യാപിച്ച് അഭിമാനികളായ വിദ്യാര്‍ഥിനികള്‍ പൊതു ഇടത്തിലേക്ക് പ്രവേശിക്കുന്നത്. തലമറച്ച മുസ്ലിം സ്ത്രീകള്‍ ഇല്ലാത്ത ഒരു പൊതുവിനെ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുഖത്തേല്‍ക്കുന്ന ഏറ്റവും കനത്ത പ്രഹരം അത് തന്നെയാണ്. ഹിജാബിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ഹിന്ദുത്വ പരിശ്രമങ്ങള്‍ സ്വയം തോറ്റ് പോകുന്നത്, സ്വത്വാഭിമാനത്തില്‍ ഊന്നി നില്‍ക്കുന്ന ഇത്തരം സമരസന്നദ്ധതക്ക് മുന്നില്‍ തന്നെയായിരിക്കുന്നു. ഒരു പക്ഷേ, സ്വയം തീര്‍ക്കുന്ന കുഴിയില്‍ വീഴാനായിരിക്കും ഇക്കാര്യത്തില്‍ സംഘ്പരിവാരത്തിന്റെ വിധി. പര്‍ദയെയും ഹിജാബിനെയും പേടിപ്പെടുത്തുന്ന ഒന്നായി അവതരിപ്പിച്ചു കഴിഞ്ഞു മുഖ്യധാരയിലെ ഹിന്ദുത്വ ആഖ്യാനങ്ങള്‍. പക്ഷേ, അതുകൊണ്ടൊന്നും, ഇതുവരെ പര്‍ദ ധരിക്കുന്നവരെ, ഹിജാബ് അണിയുന്നവരെ പേടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല അധികാര ഹിന്ദുത്വത്തിന്. അവസാനം പൗരത്വ സമര കാലത്തെപ്പോലെ പര്‍ദ ധരിക്കുന്നവരെ പേടിക്കേണ്ടിവരും ഹിന്ദുത്വ ഭരണകൂടത്തിന്.

 

 

കേരള ഹൈക്കോടതി അഭിഭാഷകന്‍

Latest