Connect with us

Poem

വിഷപ്പേടി

പുറത്ത് ജനമെത്തി, ജനപ്രതിനിധികളെത്തി, സാമൂഹ്യ സാംസ്കാരിക നവോത്ഥാന നായകരെത്തി, മാധ്യമപ്പടയെത്തി, നെട്ടോട്ടമോടി സംഘാടകർ.

Published

|

Last Updated

പുറത്ത്
ജനമെത്തി,
ജനപ്രതിനിധികളെത്തി,
സാമൂഹ്യ സാംസ്കാരിക
നവോത്ഥാന നായകരെത്തി,
മാധ്യമപ്പടയെത്തി,
നെട്ടോട്ടമോടി സംഘാടകർ.

വരാന്തയിൽ
വെടി പറഞ്ഞു നിന്ന
വനിതയാണ്,
വാതിൽപ്പഴുതിലൂടെ
അകത്ത് പോയ പാമ്പിനെ കണ്ടത്.

കള്ളനെ പിടിക്കാം,
പാമ്പിനെ പിടിക്കാൻ
വകുപ്പില്ലെന്ന് പോലീസ്.

പാമ്പ് വിദ്വാൻ പാഞ്ഞെത്തി,
അരിച്ച് പെറുക്കി
മഷിയിട്ടു നോക്കി
പാമ്പിനെ മാത്രം
കണ്ടില്ല…

ആരോ സ്വാഗതം
പറഞ്ഞു തുടങ്ങി…
പിന്നെ വൈകിയില്ല,
അനർഗള നിർഗളം…
വേദിയാകെ കോരിത്തരിച്ചു.
സദസ്സിൽ അവിടവിടെ
ചർച്ചകൾ…
പാമ്പ് കറുത്ത്, വെളുത്ത്,
നീണ്ടു, കുറുകി,
തടിച്ച്, മെലിഞ്ഞ്,
ഘോര വിഷമുള്ളത്…

വേദിയലങ്കരിക്കുന്ന
പ്രമുഖരുടെ വിഷമൊന്നും
പാമ്പിനില്ലെന്ന്
ഒരു നാടൻ കാരണവർ!
പിറ്റേന്ന്, വിഷം തീണ്ടി
നീലിച്ചൊരു പാവം പാമ്പ്
വേദിക്കരികിൽ
ചത്തുകിടന്നു…⬛

kabeerhabitat@gmail.com

Latest