National
നിയമം തിരിച്ചടിക്കുമെന്ന് ഭയം; രാജസ്ഥാനില്‍ കൂട്ടരാജി വെച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി പിന്‍വലിക്കും
2023 ജനുവരി 23ന് നടക്കാനിരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാറിന്റെ അഞ്ചാം ബജറ്റിനു മുമ്പ് രാജി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും എം എല്‍ എമാരോട് ആവശ്യപ്പെട്ടിരുന്നു
ജയ്പൂര്‍ | രാജസ്ഥാനില്‍ കൂട്ടരാജി വെച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമനടപടി ഭയന്ന് രാജി പിന്‍വലിക്കുന്നു. മുഖ്യമന്ത്രി അശോക് ഗഹ്ലോതിന് പിന്തുണ പ്രഖ്യാപിച്ച് രാജിവെച്ചവരാണ് കോടതി നടപടികള്‍ മുന്നില്‍ കണ്ട് രാജിയില്‍ നിന്നും പിന്‍മാറുന്നത്. എം എല്‍ എമാര്‍ സമര്‍പ്പിച്ച രാജിയില്‍ രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ സി പി ജോഷി നിഷ്‌ക്രിയ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ച് ഉപ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോര്‍ പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ ഹൈക്കോടതി ഡിസംബര്‍ ആറിന് സി പി ജോഷിയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു
2023 ജനുവരി 23ന് നടക്കാനിരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാറിന്റെ അഞ്ചാം ബജറ്റിനു മുമ്പ് രാജി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും എം എല്‍ എമാരോട് ആവശ്യപ്പെട്ടിരുന്നു. അതേ സമയം രാജിവെച്ചതും ഇപ്പോള്‍ പിന്‍വലിക്കുന്നതും സ്വന്തം ഇഷ്ടപ്രകാരമാണെന്നും സമ്മര്‍ദമില്ലെന്നുമാണ് എംഎല്‍എമാരും നിലപാട്.
ഇക്കഴിഞ്ഞ സെപ്തംബറിലാണ് രാജസ്ഥാനില്‍ ഗഹ്ലോത് പക്ഷത്തിലെ 91 എം എല്‍ എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രി അശോക് ഗഹ്ലോത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങിയതോടെ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു എം എല്‍ എമാരുടെ കൂട്ടരാജി.