Business
സാമ്പത്തിക മാന്ദ്യ ഭീതി; തകർന്ന് ഓഹരി വിപണികൾ; രാജ്യത്ത് ഒറ്റ ദിവസം നിക്ഷേപകർക്ക് നഷ്ടം 14 ലക്ഷം കോടി രൂപ
രാജ്യത്ത് ഹിന്ദുസ്ഥാൻ യൂണിലിവർ ഒഴികെ സെൻസെക്സിലെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ന്യൂഡൽഹി | യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിവെച്ച താരിഫ് യുദ്ധത്തിന് പിന്നാലെ ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യ ഭീതി ഉയർന്നതോടെ തകർന്നടിഞ്ഞ് ഓഹരി വിപണികൾ. ഇന്ത്യയിൽ നിക്ഷേപകരുടെ സമ്പാദ്യത്തിൽ 14 ലക്ഷം കോടി രൂപയുടെ കുറവാണ് ഒറ്റ ദിവസം കൊണ്ടുണ്ടായത്. 30 ഓഹരികളുള്ള ബിഎസ്ഇ സെൻസെക്സ് 2,226.79 പോയിൻ്റ് അഥവാ 2.95 ശതമാനം ഇടിഞ്ഞ് 73,137.90 ൽ ക്ലോസ് ചെയ്തു. ഇൻട്രാ ഡേ ഇടപാടിൽ സെൻസെക്സ് 3,939.68 പോയിൻ്റ് അഥവാ 5.22 ശതമാനം വരെ താഴ്ന്ന് 71,425.01 ൽ എത്തിയിരുന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂലധനം ഒറ്റ ദിവസം കൊണ്ട് 14,09,225.71 കോടി രൂപ കുറഞ്ഞ് 3,89,25,660.75 കോടി രൂപയായി (4.54 ട്രില്യൺ ഡോളർ). രാവിലത്തെ വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ നിക്ഷേപകരുടെ സമ്പാദ്യത്തിൽ 20.16 ലക്ഷം കോടി രൂപയുടെ വരെ കുറവുണ്ടായി.
ഹിന്ദുസ്ഥാൻ യൂണിലിവർ ഒഴികെ സെൻസെക്സിലെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ടാറ്റ സ്റ്റീൽ ആണ് ഏറ്റവും കൂടുതൽ – 7.73 ശതമാനം ഇടിഞ്ഞത്. തുടർന്ന് ലാർസൻ & ടൂബ്രോ 5.78 ശതമാനം ഇടിവ് രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര & മഹീന്ദ്ര, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്നോളജീസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളും വലിയ തോതിൽ നഷ്ടം നേരിട്ടു. ഹിന്ദുസ്ഥാൻ യൂണിലിവർ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികളിൽ ഹോങ്കോങ്ങിൻ്റെ ഹാംഗ് സെംഗ് സൂചിക 13 ശതമാനത്തിലധികം ഇടിഞ്ഞു. ടോക്കിയോയുടെ നിക്കി 225 ഏകദേശം 8 ശതമാനം, ഷാങ്ഹായ് എസ്എസ്ഇ കോമ്പോസിറ്റ് സൂചിക 7 ശതമാനത്തിലധികം, ദക്ഷിണ കൊറിയയുടെ കോസ്പി 5 ശതമാനത്തിലധികം താഴ്ന്നു.
യൂറോപ്യൻ വിപണികളും കനത്ത വില്പന സമ്മർദ്ദത്തിന് വിധേയമായി, 4 ശതമാനത്തിലധികം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻറ് ക്രൂഡ് 2.30 ശതമാനം ഇടിഞ്ഞ് ബാരലിന് 64.11 ഡോളറായി. ബിഎസ്ഇ സ്മോൾകാപ് സൂചിക 4.13 ശതമാനം, മിഡ്കാപ് സൂചിക 3.46 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.
യുഎസ് വിപണികൾ വെള്ളിയാഴ്ച കാര്യമായ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. എസ്&പി 500 5.97 ശതമാനം, നാസ്ഡാക് കോമ്പോസിറ്റ് 5.82 ശതമാനം, ഡൗ 5.50 ശതമാനം എന്നിങ്ങനെ വെള്ളിയാഴ്ച ഇടിഞ്ഞു.
ആഗോള വ്യാപാര യുദ്ധം രൂക്ഷമായതിനെ തുടർന്നാണ് ലോകമെമ്പാടുമുള്ള വിപണികൾ തകർന്നത്. വിവിധ മേഖലകളിലും ആസ്തി വിഭാഗങ്ങളിലും വില്പന സമ്മർദ്ദം ശക്തമായതോടെ ആഗോള വിപണികൾ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.