Connect with us

Prathivaram

ഗള്‍ഫിലെ പെരുന്നാള്‍

നാട്ടില്‍ പെരുമഴ പെയ്യുമ്പോള്‍ 40 ഡിഗ്രിക്ക് മുകളില്‍ പൊള്ളുന്ന ചൂട് കാലത്താണ് ഗള്‍ഫില്‍ ഇത്തവണ പ്രവാസി ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. പകല്‍ നേരങ്ങളില്‍ പുറത്തിറങ്ങിയാല്‍ കണ്ണ് തുറക്കാന്‍ പ്രയാസപ്പെടുന്ന ചൂട്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പള്ളികളില്‍ ഇപ്പോഴും അകലം പാലിച്ചാണ് പ്രാർഥനക്കായി ഇരിക്കുന്നത്. പല ദേശക്കാരും ഭാഷക്കാരും വ്യത്യസ്ത സംസ്കാരമുള്ളവരെല്ലാം പ്രാർഥനക്കെത്തിയിട്ടുണ്ടാകും. കൂടുതല്‍ നേരം ആളുകളെ ഇരുത്താതെ പള്ളി ഇമാമുമാര്‍ വേഗം പ്രാര്‍ഥന പൂര്‍ത്തിയാക്കുകയും ചെയ്യും.

Published

|

Last Updated

നാട്ടില്‍ പെരുമഴ പെയ്യുമ്പോള്‍ 40 ഡിഗ്രിക്ക് മുകളില്‍ പൊള്ളുന്ന ചൂട് കാലത്താണ് ഗള്‍ഫില്‍ ഇത്തവണ പ്രവാസി ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. പകല്‍ നേരങ്ങളില്‍ പുറത്തിറങ്ങിയാല്‍ കണ്ണ് തുറക്കാന്‍ പ്രയാസപ്പെടുന്ന ചൂട്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പള്ളികളില്‍ ഇപ്പോഴും അകലം പാലിച്ചാണ് പ്രാർഥനക്കായി ഇരിക്കുന്നത്. പല ദേശക്കാരും ഭാഷക്കാരും വ്യത്യസ്ത സംസ്കാരമുള്ളവരെല്ലാം പ്രാർഥനക്കെത്തിയിട്ടുണ്ടാകും. കൂടുതല്‍ നേരം ആളുകളെ ഇരുത്താതെ പള്ളി ഇമാമുമാര്‍ വേഗം പ്രാര്‍ഥന പൂര്‍ത്തിയാക്കുകയും ചെയ്യും.

പലര്‍ക്കും കൂടുതല്‍ അവധി ദിവസം കിട്ടുന്നത് പെരുന്നാള്‍ ദിവസങ്ങളിലാണെന്നതിന്റെ സന്തോഷമുണ്ടെങ്കിലും പെരുന്നാള്‍ ദിനത്തില്‍ പള്ളിയില്‍ പോയി വന്ന് റൂമില്‍ ഭക്ഷണമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതും കഴിച്ച് ഒഴിവില്ലാതെ അധിക ജോലി ചെയ്യുന്നവരും ഉണ്ട്. ഗ്യാസ് സിലിൻഡര്‍ വിതരണം ചെയ്യുന്നവര്‍, വെള്ളം വിതരണം ചെയ്യുന്നവര്‍, ചെറുകിട പലചരക്ക് കടകളില്‍ ജോലി ചെയ്യുന്നവര്‍, ചായക്കടകളില്‍ ജോലി ചെയ്യുന്നവര്‍ ഇവര്‍ക്കെല്ലാം പെരുന്നാള്‍ ദിനം ഇങ്ങനെ കൂടിയാണ്.

ഗള്‍ഫിലെ മിക്ക ബാച്ചിലര്‍ മുറികളുടെ ബാത്ത്റൂമിന് മുമ്പില്‍ പേരു പതിച്ച ഒരു കടലാസുണ്ടായിരിക്കും. ഓരോരുത്തര്‍ക്കും കുളിക്കാനുള്ള സമയവും മുറി വൃത്തിയാക്കേണ്ട ഡ്യൂട്ടി ലിസ്റ്റുമായിരിക്കുമത്. അടുക്കളയിലും കാണും സമാനമായ മറ്റൊന്ന്. അത് ഭക്ഷണമുണ്ടാക്കാനുള്ളതും അടുക്കള വൃത്തിയാക്കാനുമുള്ള ഡ്യൂട്ടി ലിസ്റ്റായിരിക്കും. പെരുന്നാള്‍ ദിവസം മാത്രമായിരിക്കും ഈ ക്രമത്തില്‍ മാറ്റം. അന്ന് റൂമില്‍ നന്നായി ഭക്ഷണമുണ്ടാക്കാനറിയുന്ന കാരണവര്‍ ആയിരിക്കും പ്രധാന പണ്ടാരി. മറ്റുള്ളവരെല്ലാം കൈ പണ്ടാരികളായി മാറും. പത്ത് മുതല്‍ പന്ത്രണ്ട് പേരൊക്കെയാണ് രണ്ട് മുറികളിലായി കഴിയുന്നതെങ്കിലും ഒരു ബാത്ത് റൂം ആവും മിക്ക മുറികള്‍ക്കുമുണ്ടാകുക. ജോലി കഴിഞ്ഞ് വന്ന് ചിലപ്പോള്‍ വിശ്രമമില്ലാതെയാകും പെരുന്നാള്‍ ദിവസം നേരത്തെ എഴുന്നേറ്റ് പള്ളിയിലേക്ക് പുറപ്പെടുന്നത്.

പുലര്‍ച്ചെ 5.45 മുതല്‍ ആറ് മണിക്കുള്ളിലാണ് യു എ ഇയിലെ പള്ളികളിലെ പെരുന്നാള്‍ നിസ്കാര സമയം. പാക്കിസ്ഥാനികളും ബംഗാളികളും ആഫ്രിക്കന്‍ ദേശത്തുള്ളവരും തുടങ്ങി വിവിധ അറബ് രാഷ്ട്രക്കാര്‍ക്കിടയില്‍ ഗള്‍ഫിലെ മലയാളിയും പ്രാര്‍ഥനകളില്‍ മുഴുകും. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി ഫോട്ടോയെടുത്ത് സ്റ്റാറ്റസിട്ടും ഗ്രൂപ്പുകളിലേക്ക് അയച്ചും നിര്‍വൃതിയടയും. പ്രാര്‍ഥന കഴിഞ്ഞ് വന്നാല്‍ ബാച്ചിലര്‍ മുറികളിലെല്ലാവരും ചേര്‍ന്ന് ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരിക്കും. പല ബാച്ചിലര്‍ മുറികളിലെയും ഉറക്ക റൂമുകളില്‍ വെളിച്ചം തെളിയുന്ന ദിവസം കൂടിയാണ് പെരുന്നാള്‍ ദിനം. നിലത്ത് വിരിച്ച സുപ്രകളില്‍ ഭക്ഷണം പരസ്പരം പങ്കിട്ട് നാട്ടിലേക്കും ബന്ധുക്കളിലേക്കുമെല്ലാം ഫോണ്‍ ചെയ്ത് പിന്നീട് പലരും നിദ്രയിലേക്ക് വീഴും. കുറേ മാസങ്ങളായി മുടങ്ങിപ്പോയ ഉറക്കം തിരിച്ചുപിടിക്കാന്‍ പെരുന്നാള്‍ ദിവസങ്ങളെ ഉപയോഗപ്പെടുത്തുന്നവര്‍ ഏറെയാണ്.

ചൂട് കനത്തതിനാല്‍ രാത്രി സമയങ്ങളിലാണ് പ്രവാസ ലോകത്തെ കുടുംബങ്ങള്‍ അധികവും പുറത്തേക്കിറങ്ങുന്നത്. അല്ലെങ്കിലും എവിടേക്കാണ് അവര്‍ക്ക് പോകാനുള്ളത്. നാട്ടിലെ പോലെ കുടുംബങ്ങള്‍ ധാരാളം ഇവിടെയില്ലാത്തതിനാല്‍ മിക്കവരും ഏതെങ്കിലും പാര്‍ക്കിലോ ബീച്ചിലോ കുട്ടികളെയും കൊണ്ടുപോകും. മറ്റു ചിലര്‍ ഷോപ്പിംഗ് മാളിലേക്കായിരിക്കും പുറപ്പെടുക.എല്ലാം ഓരോരുത്തരുടെയും സാമ്പത്തിക ശേഷിക്കനുസരിച്ചിരിക്കും. ഫ്ലാറ്റിലെ കുടുസ്സ് ജീവിതത്തില്‍ നിന്ന് തുറസ്സായ അന്തരീക്ഷത്തിലേക്ക് കുട്ടികള്‍ക്ക് ലഭിക്കുന്ന ആശ്വാസം കൂടിയാണിത്.

ഭാര്യയുടെയും കുട്ടികളുടെയും കൂടെ ഇവിടെ ജീവിക്കുന്നവരെ കാണുമ്പോള്‍, കുടുംബം കൂടെ ഇല്ലാത്തവര്‍ക്ക് തോന്നുന്നത്, “ഇവരെത്ര ഭാഗ്യവാന്മാര്‍’ എന്നാണ്. മറിച്ച് കുടുംബവുമായി കഴിയുന്നവര്‍, ബാച്ചിലേര്‍സ് ലൈഫ് കാണുമ്പോള്‍, അതിന്റെ സ്വാതന്ത്ര്യവും സുഖവും കാണുമ്പേള്‍ അതിന്റെ ആകുലത വേറെയും. കുടുംബത്തോടൊപ്പം ജീവിക്കുന്നതിന്റെ ഇഷ്ടക്കേടുകൊണ്ടല്ല. പകരം പുറത്തുനിന്ന് കാണുന്ന “ഫാമിലി ലൈഫിന്റെ സുഖ’ത്തിനൊടുവില്‍ കൈയിലൊന്നും മിച്ചംവരാതെ തിരികെ മടങ്ങേണ്ടിവരുന്നതിന്റെ ആകുലതയാണ് അതിന് കാരണം.

Latest