Uae
ഷാര്‍ജയില്‍ പിടികൂടിയ വാഹനങ്ങള്‍ വിട്ടുനല്‍കുന്നതിനുള്ള ഫീസ് പരിഷ്‌കരിച്ചു
ഗുരുതരമായ കുറ്റങ്ങള്‍ക്ക് പിടിച്ചെടുക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ബാധകമാണ് ഈ തീരുമാനം.
ഷാര്‍ജ| പിടികൂടിയ വാഹനങ്ങള്‍ വിട്ടുനല്‍കുന്നതിനുള്ള ഫീസ് പുതുക്കി ഷാര്‍ജ പുതിയ തീരുമാനം പ്രഖ്യാപിച്ചു. ഗുരുതരമായ കുറ്റങ്ങള്‍ക്ക് പിടിച്ചെടുക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ബാധകമാണ് ഈ തീരുമാനം. ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സിലിലാണ് തീരുമാനം. അശ്രദ്ധമായ ഡ്രൈവിംഗ് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ആളുകളുടെയും സ്വത്തിന്റെയും സുരക്ഷക്ക് കാര്യമായ അപകടസാധ്യതകളാണ് സൃഷ്ടിക്കുന്നത്. കണ്ടുകെട്ടല്‍ കാലാവധി അവസാനിച്ചാല്‍ ഇവ ഉടമകള്‍ക്ക് തിരികെ സ്വീകരിക്കാനാവും. എന്നാല്‍ വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിന്റെ പുതുക്കിയ ഫീസ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല.
ഇന്നലെ ചേര്‍ന്ന യോഗത്തില്‍, സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രകടനം വിലയിരുത്തുന്ന നിരവധി അജണ്ടകളും ചര്‍ച്ച ചെയ്തു. പരിസ്ഥിതിയെ പിന്തുണക്കുന്നതിനും സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും സംരംഭങ്ങളും കൗണ്‍സില്‍ അവലോകനം ചെയ്തു. സുസ്ഥിരതക്കും ആരോഗ്യ, പാരിസ്ഥിതിക കാര്യങ്ങളിലും എമിറേറ്റിന്റെ പ്രമുഖമായ സ്ഥാനം വര്‍ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ശ്രമങ്ങള്‍.
ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പങ്കെടുത്തു.