Articles
സ്ത്രീ വിദ്യാഭ്യാസവും നവോത്ഥാനത്തിന്റെ തുടര്‍ച്ചയും
ഏറെ പ്രധാനപ്പെട്ട ദൗത്യങ്ങളാണ് ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ പുരുഷന്മാരുമായി താരതമ്യപ്പെടുത്തി സ്ത്രീകളെ അപമാനിക്കാനും അവരുടെ ഉത്തരവാദിത്വങ്ങളെ ചെറുതാക്കാനുമാണ് ആധുനിക സമൂഹം ശ്രമിക്കുന്നത്.
ഇസ്ലാമിക സമൂഹത്തില്‍ സുപ്രധാനമായ സ്ഥാനമാണ് സ്ത്രീകള്‍ക്കുള്ളത്. ഓരോരുത്തരുടെയും പ്രകൃതിയും ശാരീരിക ക്ഷമതയും പരിഗണിച്ചുകൊണ്ടാണ് ഇസ്ലാം അവര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ നിര്‍ണയിച്ചു നല്‍കിയത്. ഏറെ പ്രധാനപ്പെട്ട ദൗത്യങ്ങളാണ് ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ പുരുഷന്മാരുമായി താരതമ്യപ്പെടുത്തി സ്ത്രീകളെ അപമാനിക്കാനും അവരുടെ ഉത്തരവാദിത്വങ്ങളെ ചെറുതാക്കാനുമാണ് ആധുനിക സമൂഹം ശ്രമിക്കുന്നത്. എല്ലാ ഉത്തരവാദിത്വങ്ങളുടെയും പൂര്‍ത്തീകരണത്തിന് അറിവ് അനിവാര്യമാണ്. സാമൂഹിക ദൗത്യത്തിന് മാത്രമല്ല, വിശ്വാസവും അനുഷ്ഠാനവും ഉള്‍പ്പെടെയുള്ള വ്യക്തിബാധ്യതകളുടെ നിര്‍വഹണത്തിനും പുരുഷനെപ്പോലെ സ്ത്രീയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
സ്ത്രീയുടെ അറിവനുഭവങ്ങള്‍ ചരിത്രത്തില്‍ തെളിഞ്ഞു തന്നെ കാണുന്നുണ്ട്. നബി(സ)യില്‍ നിന്ന് ആഴത്തില്‍ അറിവ് പഠിക്കുകയും ദീര്‍ഘകാലം മദീനയുടെ വൈജ്ഞാനിക വ്യവഹാരങ്ങളുടെ കേന്ദ്രമായി വര്‍ത്തിക്കുകയും ചെയ്ത ബീവി ആഇശ(റ)യും ഉമ്മുസലമ(റ)യും സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാടുകളുടെ പ്രതീകങ്ങളാണ്. സ്വഹാബി വനിതകളില്‍ പ്രമുഖയായ ഉമ്മുദ്ദര്‍ദാഅ(റ)യും ഈ ഗണത്തിലെ മറ്റൊരു അടയാളപ്പെടുത്തലാണ്. ഇത്തരത്തില്‍ എല്ലാ കാലത്തും മുസ്ലിം ജനപഥങ്ങളില്‍ സ്ത്രീവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ലോകത്തെ ആദ്യത്തെ സര്‍വകലാശാലയുടെ ചരിത്രം പോലും ഫാത്വിമ അല്‍ഫിഹ്രി എന്ന വനിതയിലേക്കാണ് ചെന്നെത്തുന്നത്. കേരളത്തിലെ ഇസ്ലാമിക ചരിത്രവും ഈ അനുഭവങ്ങളാല്‍ മനോഹരമായിരുന്നു. ഓത്തുപള്ളികളില്‍ അക്ഷരം പഠിപ്പിച്ച അധ്യാപികമാര്‍ മുതല്‍ ഫത്ഹുല്‍ മുഈന്‍ ദര്‍സ് നടത്തിയ മുദര്‍രിസത്തുമാര്‍ വരെയും കേരളത്തിലെ ഗ്രാമങ്ങളുടെ അറിവനുഭവങ്ങളില്‍ യഥേഷ്ടം കാണാമായിരുന്നു.
ഇടക്കാലത്ത് ഈ പതിവിന് മാറ്റമുണ്ടായി. സ്ത്രീകള്‍ക്ക് ആഴത്തിലുള്ള പഠനം ആവശ്യമില്ല എന്നൊരു മനോഭാവം സൃഷ്ടിക്കപ്പെട്ടു. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഭൗതിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള നിലപാടില്‍ മാറ്റം വരികയും സ്ത്രീകള്‍ നന്നായി പഠിക്കുകയും ചെയ്തു. മതവിദ്യാഭ്യാസ രംഗത്ത് ലോകത്തിന് തന്നെ മാതൃകയാകുന്ന വിധം കേരളം വളര്‍ന്നപ്പോഴും സ്ത്രീകള്‍ മാത്രം പുറത്തു നിന്നു. ഈ സാംസ്‌കാരിക മാറ്റത്തിന്റെ കാരണം ചരിത്രം അപഗ്രഥിച്ച് കണ്ടെത്തേണ്ടതുണ്ട്. മുസ്ലിം കേരളത്തിന്റെ സാംസ്‌കാരികവും സാമ്പത്തികവുമായ വളര്‍ച്ചയെ തകര്‍ത്തു കളഞ്ഞത് സാമ്രാജ്യത്വ അധിനിവേശമാണ്. പ്രത്യേകിച്ച് പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും മാപ്പിളമാരെ പ്രത്യേകമായി തന്നെ ടാര്‍ഗറ്റ് ചെയ്തു എന്നതിന് ചരിത്രം സാക്ഷിയാണ്. അവസാനം ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ആശ്വാസത്തിലേക്ക് ഉയര്‍ന്നെഴുന്നേറ്റപ്പോള്‍ ഏറ്റവും പരിതാപകരമായ സാമൂഹിക അവസ്ഥയിലായിരുന്നു മുസ്ലിംകള്‍. അടിസ്ഥാനാവശ്യങ്ങളുടെ പൂര്‍ത്തീകരണം പോലും ചോദ്യചിഹ്നമായി ഈ സമുദായത്തിന്റെ മുന്നില്‍ ഉയര്‍ന്നു നിന്നു.
കൊളോണിയല്‍ ശക്തികളോട് നീക്കുപോക്കുകള്‍ക്ക് തയ്യാറായ ചില വ്യക്തികള്‍ അവരുടെ നവോത്ഥാനത്തെ സാമാന്യവത്കരിക്കുകയും മതപരമായ നിര്‍വചനങ്ങളെ അവഗണിക്കുകയും ചെയ്തു. മസ്ജിദുകളിലെ ദര്‍സുകളുള്‍പ്പെടെയുള്ള സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അവര്‍ പടിക്ക് പുറത്താക്കി. അറബി ഭാഷാ സാഹിത്യത്തിന് മാത്രം പ്രാധാന്യം നല്‍കി. ശാസ്ത്രം, വാണിജ്യം തുടങ്ങിയവയെ മതത്തില്‍ നിന്ന് വേര്‍പ്പെടുത്തി. അതോടെ ഭൗതിക വിദ്യാഭ്യാസ ത്വരയുള്ളവര്‍ മതം തീരെ പഠിക്കാതെയായി. മതം പഠിക്കുന്നവര്‍ കേവലം ആരാധനാ കാര്യങ്ങളിലും അറബി സാഹിത്യത്തിലും മാത്രം ഒതുങ്ങി. ഈ നീക്കങ്ങളെ തകര്‍ത്തെറിഞ്ഞാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ദര്‍സുകളിലെ സമന്വയ വിദ്യാഭ്യാസത്തെ പരിപോഷിപ്പിച്ചത്. അങ്ങനെ ഈ പ്രതിസന്ധിയെ, 1970കളില്‍ തുടക്കം കുറിച്ച ചില മുന്നേറ്റങ്ങളിലൂടെ കേരളീയ മുസ്ലിംകള്‍ മറികടന്നു. മതം, ഭൗതികം എന്നിങ്ങനെ വിദ്യാഭ്യാസത്തെ വിഭജിച്ച സിദ്ധാന്തങ്ങളുടെ കരവലയത്തില്‍ നിന്ന് കുതറി മാറി, കേരളത്തിലെ പണ്ഡിതന്‍മാര്‍ അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികളില്‍ നിന്ന് പോലും ഉയര്‍ന്ന പദവികള്‍ സ്വന്തമാക്കി. സര്‍വകലാശാല ബിരുദമില്ലാത്ത ഒരു പണ്ഡിതനുമില്ല എന്ന തരത്തിലേക്ക് പുതിയ ജനറേഷനില്‍ മാറ്റം വന്നു. ബഹുഭാഷാ പാണ്ഡിത്യത്തോടെ എല്ലാ മേഖലയിലും അവര്‍ സമൂഹത്തിന്റെ മുന്നില്‍ നടന്നു.
ഇങ്ങനെയെല്ലാം മുന്നേറുമ്പോഴും സ്ത്രീ വിദ്യാഭ്യാസ കരിക്കുലം ആഴത്തിലുള്ള മതപഠനമെന്ന അജന്‍ഡയിലേക്ക് ഉയര്‍ന്നുവന്നില്ല. ആ കാത്തിരിപ്പ് അവസാനിക്കുന്നു എന്ന് ആശ്വസിക്കാവുന്ന വിധം ഒരു വിദ്യാഭ്യാസ സ്ഥാപനം നമുക്ക് മുന്നില്‍ പുതിയ മാതൃകകള്‍ സൃഷ്ടിക്കുകയാണ്. ഏഴ് വര്‍ഷം മുമ്പ് മര്‍കസ് നോളജ് സിറ്റിയില്‍ സ്ഥാപിതമായ വിറാസ് ഗേള്‍സ് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരമാകുകയാണ്. നോളജ് സിറ്റി എന്ന ആശയം രൂപപ്പെടുന്ന സമയത്ത് തന്നെ പ്രധാന പരിഗണനയില്‍ ഉണ്ടായിരുന്ന സംരംഭമായിരുന്നു വിമന്‍സ് ഹബ്ബായ ക്വീന്‍സ് ലാന്‍ഡ്. അതിലെ ഏറ്റവും പ്രധാനപ്പെട്ട സംരംഭമാണ് വിറാസ്. പാരമ്പര്യ ദര്‍സ് സിലബസില്‍ വിദ്യാര്‍ഥിനികള്‍ കിതാബോതി പഠിക്കുകയാണിവിടെ. മീസാനില്‍ തുടങ്ങി അല്‍ഫിയയും ഫത്ഹുല്‍ മുഈനും തഫ്‌സീറും ഹദീസും ഉള്‍പ്പെടെ ജംഉം ശര്‍ഹുല്‍ അഖാഇദും വരെ പഠിക്കുന്ന സിലബസാണ് അഞ്ച് വര്‍ഷത്തെ പഠനത്തിന് ഇവിടെ അവലംബമാക്കുന്നത്. കൂടാതെ ഹ്യൂമാനിറ്റീസ്, സയന്‍സ് ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ക്കും ബി എസ്്‌സി സൈക്കോളജി, ബി സി എ, ബി ബി എ, ബി എ ഇംഗ്ലീഷ്, ബി എ അറബിക്, ബി എ സോഷ്യോളജി എന്നീ ഡിഗ്രി കോഴ്‌സുകളും നല്‍കി വരുന്നു.
പ്രാമാണികമായ മതഗ്രന്ഥങ്ങളെ അവലംബിച്ച് രചനകള്‍ നിര്‍വഹിച്ചും സ്ത്രീസമൂഹത്തില്‍ പ്രബോധകരായും അവര്‍ സാന്നിധ്യമറിയിച്ചു വരുന്നു. സ്ഥാപനത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 32 പേര്‍ക്ക് സനദ് നല്‍കുന്ന പ്രഥമ കോണ്‍വൊക്കേഷന്‍ കോണ്‍ഫറന്‍സ് ഇന്ന് മുതല്‍ മര്‍കസ് നോളജ് സിറ്റിയില്‍ ആരംഭിക്കുകയാണ്.
ബിദഇകളുടെ ആഗമനത്തോടെ നിലച്ചുപോയ നവോത്ഥാനത്തിന്റെ തുടര്‍ച്ചയാകും എന്ന ആത്മവിശ്വാസത്തില്‍ മുന്നോട്ട് പോകുന്ന ഈ സംവിധാനത്തെ മുസ്ലിം സമൂഹം വിലയിരുത്തണം. ആവശ്യമായ പരിഷ്‌കരണങ്ങള്‍ നിര്‍ദേശിക്കണം. അപാകങ്ങള്‍ പരിഹരിക്കണം. ഈ സംവിധാനത്തില്‍ മുന്നേറുന്ന പണ്ഡിതകളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ കുറിച്ച് കാര്യമായ ആലോചനയുണ്ടാകണം. സ്ത്രീ അമരത്തിരിക്കേണ്ട അനേകം സംവിധാനങ്ങളില്‍ അവരില്ല. അവയെല്ലാം പുനഃസംവിധാനിക്കണം. അങ്ങനെ നവോത്ഥാനത്തിന്റെ തുടര്‍ച്ചയിലേക്കുള്ള പ്രയാണം വേഗത്തിലാകട്ടെ.