Connect with us

Kozhikode

സ്ത്രീപക്ഷ നാട്യങ്ങള്‍ അവസാനിപ്പിക്കണം: ഡോ. ഹകീം അസ്ഹരി

'അസാധ്യമായ സങ്കല്‍പ്പങ്ങളെ കുറിച്ചുള്ള സംസാരങ്ങള്‍ അവസാനിപ്പിച്ച് സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനാണ് സംഘടിതമായ ശ്രമമുണ്ടാകേണ്ടത്.'

Published

|

Last Updated

മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സ് വിദ്യാര്‍ഥിനികളുടെ സമ്പൂര്‍ണ ഫാമിലി സംഗമം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.

നോളജ് സിറ്റി | സ്വാതന്ത്ര്യവും സമത്വവും മുഖമൂടിയാക്കിയുള്ള സ്ത്രീപക്ഷ നാട്യങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി. പല സംഘടനകളും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും സമത്വത്തെ കുറിച്ചും വാതോരാതെ സംസാരിക്കുന്നു. എന്നാല്‍ അവരുടെ സംഘടനയില്‍ പോലും ഇതൊന്നും സാക്ഷാത്ക്കരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 10 വനിതാ എം പിമാരില്ലാത്തത് ജനവിധി മൂലമാണെന്ന് സമ്മതിക്കാം. എന്നാല്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 10 വനിതാ സ്ഥാനാര്‍ഥികളില്ലാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ വ്യക്തമാക്കണം. അസാധ്യമായ സങ്കല്‍പ്പങ്ങളെ കുറിച്ചുള്ള സംസാരങ്ങള്‍ അവസാനിപ്പിച്ച് സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനാണ് സംഘടിതമായ ശ്രമമുണ്ടാകേണ്ടത്. മര്‍കസും നോളജ് സിറ്റിയും അതിനാണ് പ്രയത്‌നിക്കുന്നതെന്നും അസ്ഹരി പറഞ്ഞു.

മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സിലെ വിദ്യാര്‍ഥിനികളുടെ സമ്പൂര്‍ണ ഫാമിലി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്ര മുശാവറാംഗം അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശോല മുഖ്യപ്രഭാഷണം നടത്തി. എം ടി ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഇബ്‌റാഹീം സഖാഫി താത്തൂര്‍, അബ്ദുല്ലാഹ് ഉനൈസ് നൂറാനി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി അണ്ടോണ, അഹ്മദ് ആശിഖ് സഖാഫി, ബാസില അബ്ദുര്‍റഹ്മാന്‍, സുമയ്യ താജുദ്ദീന്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

ഈ അധ്യയന വര്‍ഷത്തേക്കുള്ള പി ടി എ ഭാരവാഹികളായി സയ്യിദ് പൂക്കോയ തങ്ങള്‍ കരുവന്‍തിരുത്തി (പ്രസി.) ഹാമിദ് കോയമ്മ തങ്ങള്‍ പാനൂര്‍, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി (വൈ. പ്രസി.), അബ്ദുര്‍റശീദ് സഖാഫി മെരുവമ്പായി (ജന. സെക്ര.),
ആശിഖ് സഖാഫി കാലടി, അബ്ദുര്‍റസാഖ് ഹാജി മാവൂര്‍ (സെക്ര.) അബ്ദുല്‍ജബ്ബാര്‍ സഖാഫി അണ്ടോണ (ഫിനാന്‍സ് സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

 

 

 

 

Latest