Connect with us

തെളിയോളം

വേലികൾ വേണം, വെട്ടിമുറിക്കാനല്ല

അതിരുകൾ നിശ്ചയിക്കുകയും ആളുകളെ അത് ബോധിപ്പിക്കുകയും ചെയ്താൽ മാത്രം പോരാ, അവരത് മറികടക്കുമ്പോൾ ആ പ്രവൃത്തി നിങ്ങൾക്ക് അനുയോജ്യമല്ലെന്ന് ഉചിതമായി അറിയിക്കണം.

Published

|

Last Updated

ല്ല വേലികൾ തീർച്ചയായും നല്ല അയൽക്കാരെ സൃഷ്ടിക്കും. ഭൂമിയിൽ അതിർത്തികളില്ലെങ്കിൽ, എനിക്കിത് കൊയ്യാമെന്ന് പ്രതീക്ഷിച്ച് ആരും ഒന്നും നടുകയില്ല.ഒരാളുടെ ഭൂമി എവിടെ അവസാനിക്കുന്നുവെന്നും മറ്റൊരാളുടെ ഭൂമി എവിടെ തുടങ്ങുന്നുവെന്നും നിർണയിക്കുമ്പോഴാണ് മനം നിറഞ്ഞ് ആത്മാഭിമാനത്തോടെ വാതിൽ തുറന്നിട്ട് കിടന്നുറങ്ങാൻ കഴിയുക. തൊഴിലിലും ജീവിതത്തിലും കൃത്യമായ അകലം പരസ്പരം പാലിച്ച് മുന്നോട്ടു പോകുന്നത് ഹൃദ്യമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും ഉത്പാദനക്ഷമത വർധിപ്പിക്കാനും സഹായിക്കും. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തേണ്ടി വരുമല്ലോ എന്ന് കരുതിയും സഹപ്രവർത്തകരും ബന്ധുക്കളും തന്നെ വെറുക്കുകയോ അകലുകയോ ചെയ്യുമെന്ന് ഭയന്നും പലരും അതിരുകൾ നിശ്ചയിക്കാൻ പാടുപെടാറുണ്ട്.

യഥാർഥത്തിൽ അതിരുകൾ ഒരാളുടെ സമയം, ഊർജം, മാനസിക ക്ഷേമം എന്നിവ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ലോഫ്റ്റെറ സി ഇ ഒ സാക് ഹൗട്ടൺ പറയുന്നത് “അതിർത്തികൾ എന്നത് അമിത പ്രതിബദ്ധതയിൽ നിന്നും, മുതലെടുക്കലിൽ നിന്നും, ജോലിസ്ഥലത്ത് അധാർമികമായി പ്രവർത്തിക്കുന്നതിൽ നിന്നും സ്വയം പരിരക്ഷിക്കാൻ നിങ്ങൾ സ്ഥാപിക്കുന്ന ശാരീരികവും വൈകാരികവും മാനസികവുമായ പരിധികളാണ്’ എന്നാണ്.
ജോലി സമയം എപ്പോൾ അവസാനിക്കുമെന്നും സ്വകാര്യ സമയം എപ്പോൾ ആരംഭിക്കുമെന്നും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

കുടുംബത്തിനും സമൂഹത്തിനും കൂട്ടുകാർക്കും ഉള്ള സമയ മുൻഗണനകൾ നിർണയിക്കണം. ജോലിസ്ഥലത്ത് ചില അടിയന്തര സാഹചര്യങ്ങൾ വന്നേക്കാമെന്നത് മുൻകൂട്ടി കണ്ട് കൃത്യമായ വഴക്കത്തിലുള്ള ഷെഡ്യൂളുകളാവണം ഉണ്ടാവേണ്ടത്. ജോലിസ്ഥലത്തെ അടിയന്തരാവസ്ഥ എന്താണെന്നും അത് സംഭവിക്കുമ്പോൾ നിങ്ങളെ എങ്ങനെ ബന്ധപ്പെടാമെന്നും മറ്റിടങ്ങളിൽ ആശയവിനിമയം നടത്തുന്നത് ഉറപ്പാക്കണം. നമ്മൾ നമ്മെത്തന്നെയും നമ്മുടെ സമയം, ഊർജം, കഴിവുകൾ, വൈദഗ്ധ്യം എന്നിവയും വിലമതിക്കുമ്പോൾ, നമ്മൾ എന്ത് ഏറ്റെടുക്കണം, ഏതൊക്കെ പന്തുകൾ ഉപേക്ഷിക്കണം എന്നതിലെല്ലാം കൂടുതൽ സെലക്ടീവായിരിക്കും. ആരോഗ്യകരമായ തൊഴിൽ – ജീവിത സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഇത്തരം തിരഞ്ഞെടുപ്പുകളും അതിരുകൾ സ്ഥാപിക്കലുകളും നിർണായകമാണ്.

നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കാത്ത എന്തും നിരസിക്കുക, വികാരങ്ങൾ ഉത്തരവാദിത്വത്തോടെ പ്രകടിപ്പിക്കുക, നിങ്ങളുടെ അനുഭവങ്ങളെക്കുറിച്ച് സത്യസന്ധമായി സംസാരിക്കുക, നിമിഷനേരം കൊണ്ട് മറുപടി നൽകുക, മൂന്നാം കക്ഷിയുമായിട്ടല്ല, ബന്ധപ്പെട്ട വ്യക്തിയുമായി നേരിട്ട് പ്രശ്നങ്ങൾ പരിഹരിക്കുക, ആളുകൾ നിങ്ങളുടെ പ്രതീക്ഷകൾ മനസ്സിലാക്കുമെന്ന് കരുതുന്നതിനുപകരം അവ തുറന്ന് വ്യക്തമാക്കുക തുടങ്ങിയവ ഏറ്റവും ഫലപ്രദമായ അതിരുകളാണ്. അതിരുകൾ നിശ്ചയിച്ചതിന് ശേഷം അത് അമിതമായി വിശദീകരിക്കുകയോ ക്ഷമാപണം നടത്തുകയോ ചെയ്യേണ്ടതില്ല, കാരണം എല്ലാവരും അവർ ചെയ്യുന്നതും ചെയ്യാൻ ആഗ്രഹിക്കാത്തതും പറഞ്ഞ് നിങ്ങളെ തളർത്തിയേക്കാം. ബന്ധങ്ങൾ പ്രൊഫഷണലായി നിലനിർത്തുക. സഹപ്രവർത്തകരുമായി ഉറ്റ ചങ്ങാതിമാരാകുന്നത് എത്ര പ്രലോഭനകരമായാലും, അത് പിന്നീട് അതിരുകൾ മങ്ങുന്നതിനും പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. അതിരുകൾ മതിലുകളല്ല. മറുപടി നൽകാനുള്ള അവകാശം നൽകാതെ ആളുകളെ വെട്ടിമുറിക്കുക, അല്ലെങ്കിൽ ദീർഘനേരം നിശബ്ദമായി പെരുമാറുക തുടങ്ങിയ മതിലുകൾ സ്ഥാപിക്കുന്ന പെരുമാറ്റം ആരോഗ്യകരമായ അതിരുകൾ നിശ്ചയിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് വൈകാരിക ദുരുപയോഗമാണ്.

ഒരു സഹപ്രവർത്തകനോ സുഹൃത്തോ അതിർത്തി കടന്നാൽ, അത് ഉടനടി പരിഹരിക്കേണ്ടത് പ്രധാനമാണ്.നിങ്ങൾക്ക് അവരുമായി ഉള്ള ബന്ധം ഊഷ്മളമായി തന്നെ കൂടുതൽ ബഹുമാനത്തോടെ തുടരുന്നതിന് വികാരങ്ങൾ നിങ്ങളുടെ ആശയവിനിമയത്തെ നയിക്കാതിരിക്കണം. അതിർത്തി ലംഘനത്തെ അഭിസംബോധന ചെയ്യുന്നതിൽ വീഴ്ച വരരുത്. കഴിയുന്നത്ര വ്യക്തവും സത്യസന്ധവുമായി സംസാരിക്കുക. ശബ്ദം ഉയർത്തി, ഭാവം മാറി, പരുക്കൻ ശൈലിയിൽ ആവാതിരിക്കാൻ ശ്രദ്ധിക്കണം.

അതിരുകൾ നിശ്ചയിക്കുകയും ആളുകളെ അത് ബോധിപ്പിക്കുകയും ചെയ്താൽ മാത്രം പോരാ, അവരത് മറികടക്കുമ്പോൾ ആ പ്രവൃത്തി നിങ്ങൾക്ക് അനുയോജ്യമല്ലെന്ന് ഉചിതമായി അറിയിക്കണം.അല്ലാതെ മര്യാദ പാലിച്ചിരുന്നാൽ പരസ്പരം നീരസം വളരാനേ അത് ഉപകരിക്കൂ. മാത്രമല്ല അത് നിങ്ങളുടെ മാനസിക, വൈകാരിക, ശാരീരിക ക്ഷേമത്തെ ബാധിക്കുകയും പിന്നീട് ഉത്കണ്ഠ, സമ്മർദം, വിഷാദം എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. “അതിർത്തികളാണ് ആരോഗ്യകരമായ ബന്ധങ്ങളിലേക്കുള്ള കവാടം’ എന്ന് ഗ്രന്ഥകർത്താവും സൈക്കോതെറാപ്പിസ്റ്റുമായ നെദ്ര ഗ്ലോവർ തവാബ്.

Latest