Ongoing News
വളം കയറ്റുമതി; ഇന്ത്യയുമായി കരാര്‍ ഒപ്പിട്ട് സഊദി അറേബ്യന്‍ മൈനിംഗ് കമ്പനി
2023 മുതല്‍ ഇന്ത്യയിലേക്കുള്ള ഫോസ്‌ഫേറ്റ് ഉത്പന്നങ്ങളുടെയും അമോണിയയുടെയും കയറ്റുമതി ഇരട്ടിയാക്കുന്നതിനുള്ള കരാറാണ് ഒപ്പ് വെച്ചത്.
റിയാദ് | സഊദി അറേബ്യന്‍ മൈനിംഗ് കമ്പനി (മഅദന്‍) ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടു. 2023 മുതല്‍ ഇന്ത്യയിലേക്കുള്ള ഫോസ്‌ഫേറ്റ് ഉത്പന്നങ്ങളുടെയും അമോണിയയുടെയും കയറ്റുമതി ഇരട്ടിയാക്കുന്നതിനുള്ള കരാറാണ് സഊദി വ്യവസായ, ധാതു വിഭവശേഷി മന്ത്രി ബന്ദര്‍ അല്‍ഖോറായ്ഫിന്റെയും കേന്ദ്ര കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രി ഡോ. മാന്‍സുഖ് മാണ്ഡവ്യ സാന്നിധ്യത്തില്‍ ഒപ്പ് വെച്ചത്. ധാരണാപത്ര പ്രകാരം ഫോസ്‌ഫേറ്റ് വളങ്ങളുടെ ഉത്പന്നവും സാങ്കേതിക വികസന സഹകരണവും പര്യവേക്ഷണം ചെയ്യാനുള്ള പദ്ധതികളുമുണ്ട്.
ഫോസ്‌ഫേറ്റ് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഇന്ത്യന്‍ പൊട്ടാഷ് കമ്പനി ലിമിറ്റഡുമായുള്ള കരാര്‍, ഗുജറാത്ത് സ്റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്‌സ് & കെമിക്കല്‍സ് ലിമിറ്റഡിന് അമോണിയ വിതരണം ചെയ്യുന്നതിനുള്ള കരാര്‍, ഫോസ്‌ഫേറ്റ് ഉത്പന്നങ്ങളും അമോണിയയും വിതരണം ചെയ്യുന്നതിന് യഥാക്രമം കൃഷക് ഭാരതി കോര്‍പ്പറേറ്റീവ് കമ്പനി ലിമിറ്റഡുമായും കോറമാണ്ടല്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായും രണ്ട് കരാറുകള്‍, സ്‌പെഷ്യാലിറ്റി ഉത്പന്നങ്ങള്‍, വികസനം, അഗ്രോണമി, ലോജിസ്റ്റിക്‌സ് സൊല്യൂഷനുകള്‍ എന്നിവക്കായി സാങ്കേതികവിദ്യ സഹകരണവുമായി ബന്ധപ്പെട്ട കരാര്‍ എന്നിവയാണ് ഒപ്പിട്ടത്.
ലോകത്തിലെ ഫോസ്‌ഫേറ്റിന്റെയും അമോണിയയുടെയും ഏറ്റവും വലിയ ഇറക്കുമതി വിപണിയാണ് ഇന്ത്യ. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഭൂമിശാസ്ത്രപരമായ സാമീപ്യം കാരണം മഅദന്‍ ഇപ്പോള്‍ പ്രതിവര്‍ഷം 1.7 ദശലക്ഷം ടണ്‍ ഫോസ്‌ഫേറ്റ് ഉത്പന്നങ്ങളും അമോണിയയും ഇന്ത്യന്‍ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇത് വര്‍ധിപ്പിക്കുന്നതിന് ധാരണാപത്രം സഹായകരമാവും.