Connect with us

Articles

പെരുന്നാളിന്റെ പൊരുളുകള്‍

പെരുന്നാള്‍ നല്‍കുന്ന സന്ദേശങ്ങളെല്ലാം മനുഷ്യന്റെ ഉള്ള് നവീകരിക്കാനുള്ളതാണ്. കേവലം പുതുവസ്ത്രത്തിലും മികച്ച വിഭവങ്ങളിലും അലങ്കാരങ്ങളിലും മാത്രം ഒതുങ്ങാതെ മനസ്സുകളെ പ്രകാശിപ്പിച്ച് ചുറ്റുമുള്ളവര്‍ക്കെല്ലാം വെട്ടം വിതറാന്‍ പ്രശ്‌നങ്ങളൊരുപാടുള്ള ഈ ചുറ്റുപാടില്‍ നമുക്ക് കഴിയണം. എല്ലാ പരീക്ഷണങ്ങളെയും അതിജയിക്കാന്‍ ഉറച്ച വിശ്വാസവും ഭാരമേല്‍പ്പും ക്ഷമയും വിനയവുമടക്കമുള്ള ബലിപെരുന്നാളിന്റെ സന്ദേശങ്ങള്‍ നമുക്ക് തുണയാകണം.

Published

|

Last Updated

“ഇബ്റാഹീം നബി(അ)ന്റെ ചര്യ പിന്‍പറ്റുവിന്‍’ എന്ന ഖുര്‍ആനികാധ്യാപനം ബലിപെരുന്നാള്‍ വേളയില്‍ ഏറെ പ്രസക്തമാണ്. നിരന്തര പരീക്ഷണങ്ങള്‍ക്ക് വിധേയമായപ്പോഴും സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഒരു കുടുംബം സ്രഷ്ടാവിനെ അനുസരിക്കാനും അവന്റെ മുമ്പില്‍ സമര്‍പ്പിക്കാനും അനുഭവിച്ച ത്യാഗങ്ങള്‍ ഓരോ വിശ്വാസിയും എക്കാലവും സ്മരിക്കണമെന്ന സന്ദേശം പങ്കുവെക്കുന്നുണ്ട് ബലിപെരുന്നാള്‍. കൈയിലൊന്നുമില്ലാതെ, കൂടെയാരുമില്ലാതെ മരുഭൂമിയിലലഞ്ഞ ഒരു മാതാവും മകനും, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച പിഞ്ചോമനയെ ബലി നല്‍കണമെന്ന നാഥന്റെ കല്‍പ്പനയുണ്ടായപ്പോള്‍ മറുത്തൊന്നും ചിന്തിക്കാതെ പൂര്‍ണ മനസ്സോടെ അതിനു തയ്യാറായ ഒരു പിതാവും മകനും. പെരുന്നാളിന്റെ പൊരുളുകള്‍ തേടിയിറങ്ങുമ്പോള്‍ ഈ രണ്ട് അനുഭവങ്ങളും നമ്മെ ഏറെ ചിന്തിപ്പിക്കും.
ജീവിതം മുഴുക്കെയും നിരന്തര പരീക്ഷണങ്ങളും വെല്ലുവിളികളും നേരിട്ട റസൂലാണ് ഇബ്റാഹീം നബി(അ). ചെറുപ്രായത്തില്‍ തന്നെ തന്റെ സമൂഹത്തിലെ അനാചാരങ്ങളെയും അധര്‍മങ്ങളെയും എതിര്‍ത്തതിന്റെ പേരില്‍ നംറൂദെന്ന ഭരണാധികാരിയുടെ തീകുണ്ഡാരത്തില്‍ വലിച്ചെറിയപ്പെട്ട ദൂതന്‍, ജീവിതത്തിന്റെ പാതി പിന്നിട്ടിട്ടും സന്താനമില്ലാത്ത നോവ് ഉള്ളില്‍ കൊണ്ടുനടന്നവര്‍, ഭാര്യയെ മോഹിച്ച ഭരണാധികാരിക്ക് വഴിപ്പെടാത്തതിന്റെ പേരില്‍ ഏറെ പ്രയാസങ്ങള്‍ സഹിച്ചവര്‍, ഒടുവിലൊരു മകന്‍ പിറന്നപ്പോള്‍ സ്രഷ്ടാവിന് ബലിനല്‍കണമെന്ന സന്ദേശമെത്തിയവര്‍, പിഞ്ചുമകനെയും പങ്കാളിയെയും വിജനമായ മരുഭൂമിയില്‍ ഉപേക്ഷിക്കാന്‍ കല്‍പ്പിക്കപ്പെട്ടവര്‍… തന്നെ തേടിയെത്തിയ ഇത്തരം നിരന്തര പരീക്ഷണങ്ങളെ ഉള്‍ക്കൊണ്ടും ക്ഷമ സ്വീകരിച്ചുമാണ് ഓരോ ഘട്ടത്തെയും ഇബ്റാഹീം നബി(അ) അതിജയിക്കുന്നത്. നംറൂദിന്റെ അഗ്‌നിഗോളങ്ങള്‍ തണുപ്പായി അനുഭവപ്പെടുന്നതും പുത്രനു പകരം ആടിനെ ബലി നല്‍കാന്‍ അവസാന സമയം നാഥന്റെ സന്ദേശമെത്തുന്നതുമെല്ലാം പരീക്ഷണങ്ങളെ ക്ഷമയോടെ, അവധാനതയോടെ നേരിട്ടതിന്റെ പ്രതിഫലമാണ്. ആ ജീവിതത്തില്‍ നിന്ന് ഏറെ പാഠമുള്‍ക്കൊള്ളാനുള്ളതുകൊണ്ടാണ് ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ അന്ത്യനാള്‍ വരെ വര്‍ഷം തോറും ഇബ്റാഹീം നബി(അ)ന്റെ സ്മരണകള്‍ ഉള്‍വഹിക്കണമെന്ന അല്ലാഹുവിന്റെ കല്‍പ്പനയുണ്ടാകുന്നതും.

ദൈനംദിന ജീവിതത്തിനിടയില്‍ പരീക്ഷണങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകുന്ന അനവധി പേരുണ്ട് നമുക്ക് ചുറ്റും. രോഗികള്‍, സാമ്പത്തിക പരാധീനതയുള്ളവര്‍, കുടുംബപ്രശ്‌നമുള്ളവര്‍ തുടങ്ങി പലവിധ കാരണങ്ങളാല്‍ അകം വേവുന്നവര്‍. ജീവിതം അസഹനീയമാണെന്ന് വിധിയെഴുതുന്നവര്‍ക്കും നല്ലൊരു നാളെയല്ലേ എന്നാശങ്കപ്പെടുന്നവര്‍ക്കും ഓരോ വര്‍ഷവും ബലിപെരുന്നാള്‍ ശക്തമായ സന്ദേശം നല്‍കുന്നു. ഓരോരുത്തരുടെയും ജീവിതം വ്യത്യസ്ത നിലക്കാണ് അല്ലാഹു സംവിധാനിച്ചതെങ്കിലും എല്ലാവര്‍ക്കും സന്തോഷിക്കാനുള്ള വകയുണ്ടതില്‍. അനുഭവത്തിന്റെ തീക്ഷ്ണതക്കനുസരിച്ച് അനുസ്മരണത്തിന്റെയും ആനുകൂല്യത്തിന്റെയും തിളക്കം അല്ലാഹു നല്‍കുമെന്ന് ബലിപെരുന്നാള്‍ നിരന്തരം ഉദ്‌ഘോഷിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടും വീടും വിട്ട് നാട്ടുകാരാരുമില്ലാത്ത മരുഭൂമിയില്‍ എത്തിപ്പെട്ട ഹാജര്‍ ബീവി ഒരിക്കല്‍ പോലും നിനച്ചിരിക്കില്ല താനിത് ചെയ്യുന്നത് ലോകം കണ്ട ഏറ്റവും വലിയ ചരിത്ര സാക്ഷ്യമായി മാറാന്‍ വേണ്ടിയാണെന്ന്. ഇന്ന് ഹാജര്‍ ബീവിയുടെ കാല്‍പ്പാടുകള്‍ തേടി ലക്ഷോപലക്ഷം മക്കയിലണയുന്നുവെങ്കില്‍ പരീക്ഷണങ്ങള്‍ നേരിടുന്നവര്‍ക്ക് എന്നും ഇത് പാഠമാണ്. സാറാ ബീവിയും ഹാജര്‍ ബീവിയും മകന്‍ ഇസ്മാഈല്‍ നബിയും ഭര്‍ത്താവ് ഇബ്റാഹീം നബിയും അനുഭവിച്ചതും പിന്നീട് അവര്‍ക്ക് കിട്ടിയതുമോര്‍ക്കുമ്പോള്‍ എല്ലാ പരീക്ഷണങ്ങളും അവസാനം നല്ലതിലേ കലാശിക്കൂവെന്ന ശുഭചിന്ത മനുഷ്യനില്‍ ഉയര്‍ന്നു വരണം.
ലോകം സാധാരണക്കാരുടേത് കൂടിയാണ് എന്ന് ഉറപ്പിച്ചുപറയുന്നുണ്ട് ബലിപെരുന്നാള്‍. ബഹുഭൂരിഭാഗവും സാധാരണക്കാര്‍ ജീവിക്കുന്ന ഭൂമിയില്‍ സാധാരണക്കാരുടെ സംഭാവനകള്‍ക്ക് അങ്ങേയറ്റം സ്ഥാനമുണ്ടെന്ന് പെരുന്നാളിന്റെ ചരിത്രം നമ്മെയോര്‍മിപ്പിക്കുന്നു. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച സ്ത്രീയുടെ ഇടപെടലുകളാണ് ലോകം ഇന്നും സ്മരിക്കുന്നതെങ്കില്‍ അതെത്ര മഹത്തരമാണ്. സമ്പന്നരുടെ ധനമല്ല ലോകത്ത് മുഴച്ചു നിന്നതെന്നും പാവങ്ങളുടെ ത്യാഗമാണ് ലോകത്തിന്റെ ഗതിനിര്‍ണയിച്ചതെന്നും ബലിപെരുന്നാള്‍ നമ്മോട് പറയുന്നു. മരുഭൂമിയില്‍ വെള്ളത്തിനായി കൊതിച്ച് ആരുടെയെങ്കിലും ശ്രദ്ധപതിയാനായി സഫാ മര്‍വാ കുന്നുകള്‍ക്കിടയില്‍ അങ്ങോട്ടുമിങ്ങോട്ടുമോടിയ, ആരാരും തിരിഞ്ഞു നോക്കാനുണ്ടാകില്ലെന്നു നിനച്ച ഹാജര്‍ ബീവിയെ കോടിക്കണക്കിനു ജനങ്ങള്‍ അക്ഷരംപ്രതി അനുസ്മരിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുമ്പോള്‍ തങ്ങളുടെ സേവനങ്ങള്‍ ആരും കാണുന്നില്ലെന്നു നിനച്ച് പകലന്തിയോളം വിയര്‍പ്പൊഴുക്കുന്ന കോടിക്കണക്കിന് ജനങ്ങളോട് ബലിപെരുന്നാള്‍ പറയുന്നത് നിങ്ങളെ ചരിത്രം ഉയര്‍ത്തിക്കൊണ്ടുവരും എന്നു തന്നെയാണ്.

ബലിപെരുന്നാളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന തക്ബീര്‍ ധ്വനികള്‍ക്ക് പിന്നിലും വലിയ ആശയങ്ങളുണ്ട്. അല്ലാഹുവാണ് വലിയവന്‍ എന്ന് പ്രഖ്യാപിക്കുന്നതോടെ സ്രഷ്ടാവിന്റെ മുന്നില്‍ നമ്മള്‍ ഒന്നുമല്ലെന്ന യാഥാര്‍ഥ്യമാണ് വിളിച്ചുപറയുന്നത്. ഈ ഭൂമിയില്‍ അഹങ്കരിക്കാനോ പെരുമ നടിക്കാനോ തക്ക യോഗ്യത ആര്‍ക്കുമില്ലെന്നും ഏത് നിമിഷവും തീരാവുന്ന ആയുസ്സും ആരോഗ്യവും സമ്പത്തും മാത്രമേ സ്വന്തം പക്കലുള്ളൂ എന്നും തക്ബീര്‍ നമ്മെ ഉണര്‍ത്തുന്നുണ്ട്. ഞാനാണ് ഈ ഭൂമിയില്‍ ഏറ്റവും നല്ലവന്‍ എന്നും, കുറെ സമ്പത്തുള്ളവന്‍ എന്നും, നല്ല കരുത്തുള്ളവന്‍ എന്നും ചിന്ത വരുമ്പോഴാണ് നാം മറ്റുള്ളവരെ ആക്രമിക്കാനും കീഴ്പ്പെടുത്താനും അവഹേളിക്കാനും പോകുന്നത്. മറ്റുള്ളവര്‍ ചെറിയവരാണ്, വിവരമില്ലാത്തവരാണ്, സമ്പത്തില്ലാത്തവരാണ് എന്ന തോന്നലുണ്ടാകുമ്പോള്‍ നമ്മള്‍ അവരുടെ മേല്‍ ആധിപത്യം നേടാന്‍ ശ്രമിക്കും. ഈ ആധിപത്യം ഇന്നെല്ലാ മേഖലകളിലും പ്രകടമാണ്. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെല്ലാം ഇത്തരം എടുത്തുചാട്ടങ്ങള്‍ നമുക്ക് കാണാം. എന്നാല്‍ നമ്മളെല്ലാം വളരെ നിസ്സാര മനുഷ്യരാണ്. അല്ലാഹു തന്ന കഴിവുകൊണ്ട് അവന്‍ നിശ്ചയിച്ച ആയുസ്സിനുള്ളില്‍ ഈ ഭൂമിയില്‍ ചെയ്യാനുള്ള ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടി വന്നവര്‍ മാത്രമാണ് എന്ന ചിന്ത എപ്പോഴും ഉള്ളിലുണ്ടായാല്‍ നമുക്കാരെയും നോവിക്കാനാകില്ല. ഞാനും ഞാന്‍ നോവിക്കാന്‍ ഉദ്ദേശിച്ചവനും എല്ലാം അല്ലാഹുവിന്റെ മുന്നില്‍ സമന്മാരാണ്. സമ്പത്തോ അധികാരമോ സാമൂഹിക നിലവാരമോ അല്ല, ഹൃദയത്തിലുള്ള ഭക്തിയും നന്മയുമാണ് അവന്റെയടുക്കല്‍ നിലവാരമളക്കാനുള്ള മാപിനി എന്നറിഞ്ഞാല്‍ നാം അത്രയേറെ ശാന്തരും സമാധാന പ്രിയരും നന്മയുടെ വാഹകരുമാകും. ഈ പെരുന്നാള്‍ സുദിനത്തില്‍ തക്ബീറിന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതത്തില്‍ പുതിയ മാറ്റം കൊണ്ടുവരാനും ചുറ്റുമുള്ളവരോടെല്ലാം വിനയത്തോടെയും കരുണയോടെയും ലാളിത്യത്തോടെയും പെരുമാറാനും നമുക്ക് സാധിക്കണം.

ത്യാഗവും സമര്‍പ്പണവും ഇഹലോകത്തെ നേട്ടങ്ങളെയും ആനുകൂല്യങ്ങളെയും അളന്നു തിട്ടപ്പെടുത്തിയാകരുതെന്നാണ് ബലിപെരുന്നാള്‍ നല്‍കുന്ന പാഠം. അത്തരക്കാരുടെ വിയര്‍പ്പുകള്‍ക്ക് നാഥന്റെ അംഗീകാരവും ലഭിക്കില്ല. മനുഷ്യന്റെ അധ്വാനം ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോകുന്നതിന്റെ പിന്നിലുള്ള പ്രധാന കാര്യവും ഇതുതന്നെയാണ്. അല്ലാഹുവാണ് നമ്മെ സൃഷ്ടിച്ചതെന്നും അവനാണ് ഇതിനെല്ലാം അവസരം തന്നെതെന്നും അവനുവേണ്ടി ജീവിതം സമര്‍പ്പിക്കലാണ് തന്റെ ദൗത്യമെന്നും മനുഷ്യന്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ അനുഗ്രഹത്തിന്റെയും അംഗീകാരത്തിന്റെയും ഒരായിരം കവാടങ്ങള്‍ നമുക്ക് മുമ്പില്‍ തുറക്കപ്പെടും. പെരുന്നാള്‍ നല്‍കുന്ന സന്ദേശങ്ങളെല്ലാം മനുഷ്യന്റെ ഉള്ള് നവീകരിക്കാനുള്ളതാണ്. കേവലം പുതുവസ്ത്രത്തിലും മികച്ച വിഭവങ്ങളിലും അലങ്കാരങ്ങളിലും മാത്രം ഒതുങ്ങാതെ മനസ്സുകളെ പ്രകാശിപ്പിച്ച് ചുറ്റുമുള്ളവര്‍ക്കെല്ലാം വെട്ടം വിതറാന്‍ പ്രശ്‌നങ്ങളൊരുപാടുള്ള ഈ ചുറ്റുപാടില്‍ നമുക്ക് കഴിയണം. എല്ലാ പരീക്ഷണങ്ങളെയും അതിജയിക്കാന്‍ ഉറച്ച വിശ്വാസവും ഭാരമേല്‍പ്പും ക്ഷമയും വിനയവുമടക്കമുള്ള ബലിപെരുന്നാളിന്റെ സന്ദേശങ്ങള്‍ നമുക്ക് തുണയാകണം.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി

Latest