Articles
പെരുന്നാളിന്റെ പൊരുളുകള്‍
പുതുവസ്ത്രം മാത്രമല്ല പെരുന്നാള്‍. സ്വയം ഉത്കൃഷ്ട സ്വഭാവങ്ങള്‍ ശീലിക്കാനും അവ മറ്റുള്ളവരിലേക്ക് പടര്‍ത്താനുമുള്ള വേളകള്‍ കൂടിയാണ് ഇത്തരം ആഘോഷങ്ങള്‍. സാമൂഹികമായി തന്നെ നന്മയുടെ തോതുയര്‍ത്തുന്നവ. ആഘോഷങ്ങള്‍ പ്രസക്തമാകുന്നത് അവയുടെ ബാഹ്യ രൂപങ്ങളാല്‍ മാത്രമല്ല, ആന്തരിക മൂല്യങ്ങള്‍ കൊണ്ട് കൂടിയാണ്.
ഒരു മാസം നീണ്ട ആരാധനാ കര്‍മങ്ങള്‍ക്കൊടുവില്‍ നാം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. വിശുദ്ധ മാസം മുഴുക്കെ ആരാധനാ കര്‍മങ്ങളില്‍ മുഴുകിയ തന്റെ പ്രിയപ്പെട്ട അടിമകള്‍ക്ക് നാഥന്‍ നല്‍കുന്ന സമ്മാനമാണ് ഈ ആഘോഷ സുദിനം. റമസാന്‍ നമ്മെ പഠിപ്പിച്ച അനേകം പാഠങ്ങളുണ്ട്. അത് ജീവിതത്തിലുടനീളം പകര്‍ത്താനുള്ളവയാണ്. പാപങ്ങളില്‍ നിന്നും മറ്റു ദൂഷ്യങ്ങളില്‍ നിന്നുമെല്ലാം മുക്തരായി പുതിയ ഹൃദയമുള്ള മനുഷ്യരായി നാം പുതുജീവിതം ആരംഭിക്കുകയാണ്. പുതുവസ്ത്രം മാത്രമല്ല പെരുന്നാള്‍ എന്ന് ചുരുക്കം. സ്വയം ഉത്കൃഷ്ട സ്വഭാവങ്ങള്‍ ശീലിക്കാനും അവ മറ്റുള്ളവരിലേക്ക് പടര്‍ത്താനുമുള്ള വേളകള്‍ കൂടിയാണ് ഇത്തരം ആഘോഷങ്ങള്‍. സാമൂഹികമായി തന്നെ നന്മയുടെ തോതുയര്‍ത്തുന്നവ. ആഘോഷങ്ങള്‍ പ്രസക്തമാകുന്നത് അവയുടെ ബാഹ്യരൂപങ്ങളാല്‍ മാത്രമല്ല, ആന്തരിക മൂല്യങ്ങള്‍ കൊണ്ട് കൂടിയാണ്.
ഈദുല്‍ ഫിത്വ്്ർ എന്നാണ് ചെറിയ പെരുന്നാളിന്റെ പേര്. നിര്‍ബന്ധ ബാധ്യതയായി നല്‍കേണ്ട “ഫിത്വ്്ർ സകാത്’ എന്ന ദാനകര്‍മത്തിലേക്ക് ചേര്‍ത്തിയാണ് ഇങ്ങനെ പറയുന്നത്. തനിക്കും തന്റെ ആശ്രിതര്‍ക്കും താമസം, ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയവക്കുള്ള ചെലവുകള്‍ കഴിഞ്ഞ് ബാക്കി ധനം കൈയിലുള്ള ആരെല്ലാം ഉണ്ടോ, അവരെല്ലാം നിശ്ചിത കണക്ക് പ്രകാരം നല്‍കുന്ന ദാനമാണിത്. ഫിത്വ്്ർ സകാത് നോമ്പുകാരന് പിഴവുകളില്‍ നിന്നുള്ള ശുദ്ധീകരണവും പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണവുമാണെന്ന് തിരുനബി(സ) പഠിപ്പിക്കുന്നതായി കാണാം. നമ്മുടെ സമ്പത്തില്‍ നിന്നുള്ള, നമ്മെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന നിര്‍ബന്ധ ദാനമെന്നാണ് ഖുര്‍ആനും ഇതേ കുറിച്ച് പറയുന്നത്. വലിയ ഒരു ആഘോഷത്തിന്റെ പേരിനു പിന്നില്‍ പോലുമുള്ള പൊരുള്‍ നോക്കൂ, വിശക്കുന്നവന് ഭക്ഷണം കൊടുക്കാനുള്ള ആഹ്വാനമാണത്. ഭക്ഷ്യവസ്തു തന്നെ ദാനമായി നല്‍കണമെന്ന നിബന്ധനയും ശ്രദ്ധേയമാണ്. ഒരു മാസക്കാലം വിശപ്പ് എന്താണെന്ന് അറിഞ്ഞവരാണ് നമ്മള്‍. ആ ബോധ്യത്തില്‍ നിന്ന് നാം ദാനം നല്‍കുമ്പോള്‍ ഈ ആരാധനകളുടെയെല്ലാം ബാഹ്യവും ആന്തരികവുമായ ലക്ഷ്യങ്ങള്‍ സഫലീകരിക്കപ്പെടുന്നു. അന്നേ ദിനം ആരും പട്ടിണി കിടക്കരുതെന്ന മതത്തിന്റെ പൊതു താത്പര്യം കൂടിയാണ് ഇതിനു പിന്നില്‍. എല്ലാവര്‍ക്കും ആഘോഷിക്കാനുള്ളതാണല്ലോ പെരുന്നാള്‍. “സ്ഫടിക സമാനമായ സ്വര്‍ഗം’ ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തിലും തിരുനബി(സ) പ്രധാനമായി എണ്ണിയത് ആളുകള്‍ക്ക് ഭക്ഷണം നല്‍കലാണ് എന്നതും ഇവിടെ ചേര്‍ത്തു വായിക്കാം.
ഈ നിര്‍ബന്ധ ദാനത്തിനു പുറമെ എത്ര വേണമെങ്കിലും ഐച്ഛിക ദാനങ്ങള്‍ നല്‍കാനും പ്രത്യേക നിര്‍ദേശമുണ്ട് ഈ ദിനങ്ങളില്‍. അത് പണമായോ എങ്ങനെ വേണമെങ്കിലും നല്‍കാം. വിശക്കുന്നവരോ വിഷമിക്കുന്നവരോ ആയി ആരും ഉണ്ടാകരുതെന്ന മഹത്തായ ആശയമാണിത്. നാമെല്ലാവരും ആത്മാര്‍ഥമായി അത് ഏറ്റെടുക്കണം. സമൂഹത്തിന്റെ നാനാ തട്ടുകളില്‍ ജീവിക്കുന്ന സകലര്‍ക്കും സന്തോഷമെത്തിക്കാന്‍ ഈ ദിനം നാം ഉപയോഗപ്പെടുത്തണം. നമ്മുടെ അയല്‍പക്കങ്ങളില്‍ നന്നേ വിഷമിക്കുന്ന ആളുകള്‍ക്ക് പരമാവധി ആശ്വാസമേകാന്‍ നാം മുന്നിട്ടിറങ്ങണം.
സഹോദര്യത്തിന്റേത് കൂടിയാണ് ഓരോ ആഘോഷങ്ങളും. പെരുന്നാള്‍ വിശേഷിച്ചും. കുടുംബക്കാര്‍, വീട്ടുകാര്‍, സുഹൃത്തുക്കള്‍, അയല്‍വാസികള്‍ തുടങ്ങി നമ്മോട് ബന്ധപ്പെട്ടു ജീവിക്കുന്നവരെല്ലാം നമ്മുടെ സഹോദരങ്ങളാണ്. അവരെയെല്ലാം സന്ദര്‍ശിച്ചും സന്തോഷങ്ങള്‍ പങ്കിട്ടും ഈ ദിനം നാം ധന്യമാക്കണം. സമൂഹം പരസ്പര സ്‌നേഹത്തിനും സഹിഷ്ണുതക്കുമായി ദാഹിക്കുന്ന കാലം കൂടിയാണ്. ഇത്തരം ആഘോഷങ്ങള്‍ അവക്കെല്ലാം പരിഹാരമായി കൂടി ഉപയോഗപ്പെടുത്തണം എന്ന് പറയേണ്ടതില്ലലോ. നമ്മുടെ നാടിനും കാലങ്ങളായി അത്തരം പാരമ്പര്യം തന്നെയാണ് ഉള്ളത്. പരസ്പര പങ്കുവെക്കലിന്റെ കൂടി ആഘോഷമായാണ് നാം ഇക്കാലമത്രയും ഈദ് ആഘോഷിച്ചു പോന്നത്. അവയെല്ലാം സമൂഹത്തിന്റെ സ്‌നേഹത്തിലൂന്നിയ നിലനില്‍പ്പില്‍ വലിയ പങ്കുവഹിച്ചു പോന്നിട്ടുമുണ്ട്. അത്തരം ശീലങ്ങള്‍ നിലനില്‍ക്കേണ്ടത് ആകയാല്‍ സമൂഹത്തിന്റെ കൂടി ആവശ്യമാണ്. പരസ്പര വിദ്വേഷമില്ലാതെ, അസൂയയോ പകയോ ഇല്ലാതെ സഹോദരരായി ജീവിക്കാനാണ് തിരുനബി(സ) ഉണര്‍ത്തിയത്.
നിങ്ങള്‍ക്ക് മുന്‍ കാലങ്ങളിലുള്ളതിനേക്കാള്‍ ശ്രേഷ്ഠമായ രണ്ട് ആഘോഷങ്ങള്‍ പടച്ചവന്‍ നല്‍കുന്നു എന്നാണ് പെരുന്നാളുകളെ സംബന്ധിച്ചുള്ള ഹദീസ് വചനം. ആഘോഷമെന്നാല്‍ പാട്ടും കൂത്തുമല്ലെന്നും അല്ലാഹുവിന്റെ മഹത്വം വിളംബരം ചെയ്തും വിശ്വാസികള്‍ തമ്മിലുള്ള സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിച്ചും പുതുവസ്ത്രമണിഞ്ഞും നല്ല വിഭവങ്ങള്‍ ഭക്ഷിച്ചും അനുവദനീയമായ രൂപത്തില്‍ കൊണ്ടാടാനുള്ളതാണെന്നും ഈ ഹദീസിന്റെ ബാഹ്യാര്‍ഥത്തില്‍ നിന്ന് മനസ്സിലാക്കാം. ചെറിയ പെരുന്നാള്‍ പിറ കണ്ടത് മുതല്‍ നിസ്‌കാരം വരെയുള്ള വേളയില്‍ തക്ബീറുകളാല്‍ നമ്മുടെ വീടുകളും ആരാധനാലയങ്ങളും മുഖരിതമാകണമെന്ന് പറയുന്നതില്‍ അല്ലാഹുവിന്റെ ചിഹ്നങ്ങള്‍ പ്രകടമാക്കുക എന്ന അതിമഹത്തായ കര്‍മമുണ്ട്. പെരുന്നാള്‍ നിസ്‌കാരത്തിന് പള്ളിയില്‍ പോകാനും തിരിച്ചുവരാനും തിരുനബി(സ) വ്യത്യസ്ത വഴികള്‍ ആയിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത് എന്നതിനു പിന്നിലും ദീനിന്റെ അടയാളങ്ങള്‍, സവിശേഷ ദിനങ്ങള്‍ വിളംബരം ചെയ്യുകയെന്ന അര്‍ഥമുണ്ടാകാം. പരസ്പരം പെരുന്നാള്‍ സന്ദേശങ്ങളും ആശംസകളും കൈമാറിയും അനുവദനീയ സമ്മാനങ്ങള്‍ കൈമാറിയുമൊക്കെ നമുക്കും ഈ ചര്യ പിന്‍പറ്റാനാകും.
വിശ്വാസിയുടെ ആഘോഷമെന്നാല്‍ സമകാലിക ലോകത്തെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞ ആഘോഷമല്ല. അതില്‍ ലഹരിയും മതം വിലക്കിയ മറ്റു മാര്‍ഗങ്ങളും കടന്നുവരാന്‍ പാടില്ല. മുതലാളി-തൊഴിലാളി ബന്ധം ശക്തിപ്പെടുത്താനും അയല്‍പക്ക ബന്ധം സുതാര്യമാക്കാനും ഭാര്യയും ഭര്‍ത്താവും മക്കളും രക്ഷിതാക്കളും തമ്മിലുള്ള ഇണക്കം ശക്തിപ്പെടുത്താനുമൊക്കെയാണ് വിശ്വാസിയുടെ ആഘോഷങ്ങള്‍. വിശ്വാസി ജീവിതത്തെ സന്തുലിതമാക്കുന്നതിലും പെരുന്നാള്‍ വഹിക്കുന്ന പങ്ക് വലുതാണ്. ഫിത്വ്്ർ സകാത് പോലുള്ള പങ്കുവെപ്പുകളും സഹായങ്ങളും സമ്മാനങ്ങളും ബാഹ്യമായ സന്തുലിതാവസ്ഥ ഉറപ്പുവരുത്താന്‍ ഏറെക്കുറെ പര്യാപ്തമാണ്. അയല്‍പക്ക സന്ദര്‍ശനവും വിഭവങ്ങളും പുതുവസ്ത്രങ്ങളും മാനസികമായ സന്തോഷവും ഉറപ്പുവരുത്തുന്നു.
വിശുദ്ധ റമസാനില്‍ ശീലിച്ച ജീവിത ശുദ്ധിയും ലാളിത്യവും ദൈവിക സ്മരണയും ജീവിതത്തിലാകെ പിന്തുടരുമെന്ന ഉറച്ച തീരുമാനമാകണം പെരുന്നാളിന്റെ സന്തോഷങ്ങളില്‍ പ്രധാനം. മറ്റുള്ളവര്‍ക്ക് ഉപദ്രവമാകുന്ന പ്രവൃത്തികള്‍ തന്നില്‍ നിന്ന് ഉണ്ടാകില്ലെന്നും അരുതായ്മകള്‍ക്കും തട്ടിപ്പുകള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കില്ലെന്നും നാം ഈ ദിവസം പ്രതിജ്ഞയെടുക്കുകയും ജീവിതത്തില്‍ പാലിക്കുകയും വേണം. ആഡംബര ജീവിതം മുന്നില്‍ കണ്ട് നിയമം ലംഘിച്ചും അനുവദനീയമല്ലാത്ത മാര്‍ഗത്തിലൂടെയും ധനം സമ്പാദിക്കുന്നവരുടെ എണ്ണം സമൂഹത്തില്‍ ഏറി വരികയാണ്. സാമ്പത്തിക ക്രമക്കേടുകളും കുറ്റകൃത്യങ്ങളും ചെയ്യാന്‍ യാതൊരു മടിയുമില്ലാത്ത ജനങ്ങള്‍ ഏറി വരുന്നുണ്ടെന്നത് നാം ജാഗ്രതയോടെ കാണേണ്ട കാര്യമാണ്. ജീവിത വിശുദ്ധി എന്നത് റമസാനില്‍ മാത്രം ഒതുങ്ങാതെ ജീവിതമാകെ ശീലിക്കാന്‍ നാം ഉത്സാഹിക്കണം. സമൂഹത്തില്‍ നാം ഇടപെടുന്ന എല്ലാ മേഖലയിലും ആരും നമ്മെകുറിച്ച് മോശം പറയുന്ന അവസ്ഥ ഉണ്ടാകരുത്. അല്ലാഹുവിന് തൃപ്തികരമായ ജീവിതം നയിച്ചാല്‍ ജനങ്ങള്‍ക്കും നമ്മോട് തൃപ്തിയും മതിപ്പും വരും. ഹൃദയ വിശുദ്ധി പോലെ പ്രധാനമാണ് സാമ്പത്തിക ശുദ്ധിയും. നന്മകളെയും സ്വസ്ഥമായ സാമൂഹിക ജീവിതത്തെയും വിശ്വാസത്തെയും നശിപ്പിക്കുന്ന അധാര്‍മിക പ്രവണതകള്‍ വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ അത്തരം സാമൂഹിക വിപത്തുകളെ തടയിടാന്‍ ആഘോഷ വേളകള്‍ നാം ഉപയോഗപ്പെടുത്തണം.
പെരുന്നാള്‍ നല്‍കുന്ന സന്ദേശങ്ങളെല്ലാം മനുഷ്യരെ നവീകരിക്കാനുള്ളതാണ്. ഓരോരുത്തരും ആവുന്നിടത്തോളം മനസ്സ് നന്നാക്കി സമൂഹത്തില്‍ ഇടപെട്ടാല്‍ എത്ര സുന്ദരമായിരിക്കും നമ്മുടെ ഈ ഭൂമി. പരസ്പരം വിനയം കാണിക്കാനും ബഹുമാനിക്കാനും വിട്ടുവീഴ്ച ചെയ്യാനും ത്യജിക്കാനും മനസ്സുകാണിച്ചാല്‍ എത്രയെത്ര പ്രശ്‌നങ്ങള്‍ ഇല്ലാതാകും. കനപ്പിച്ച് തമ്മില്‍ തമ്മില്‍ നോക്കാതെ നടക്കുന്ന എത്ര മുഖങ്ങളില്‍ പുഞ്ചിരി വിടരും. അകറ്റി നിര്‍ത്തിയ എത്ര മനുഷ്യര്‍ ഒന്നിച്ചുപുണരും. കേവലം പുതുവസ്ത്രത്തിലും മികച്ച വിഭവങ്ങളിലും അലങ്കാരങ്ങളിലും മാത്രം ഒതുങ്ങാതെ മനസ്സുകളില്‍ പുതുമ സൃഷ്ടിച്ച്, മനസ്സുകളെ പ്രകാശിപ്പിച്ച് ചുറ്റുമുള്ളവര്‍ക്കെല്ലാം വെട്ടം വിതറാന്‍ പ്രശ്‌നങ്ങളൊരുപാടുള്ള ഈ ചുറ്റുപാടില്‍ നമുക്ക് സാധിക്കട്ടെ.