Uae
യു എ ഇയില്‍ കുട്ടികളില്‍ പനി പടരുന്നു; ജാഗ്രത വേണമെന്ന് ഡോക്ടര്‍മാര്‍
വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് തടയാന്‍ വീട്ടില്‍ വിശ്രമം നിര്‍ണായകമാണ്. വിശ്രമം, ജലാംശം, കൗണ്ടര്‍ മരുന്നുകള്‍ എന്നിവ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

ദുബൈ | യു എ ഇയില്‍ കുട്ടികളില്‍ പനി പടരുന്നതായി ഡോക്ടര്‍മാര്‍. കാലാവസ്ഥ മാറുന്നതാണ് കാരണം. പോയ ദിവസങ്ങളില്‍ താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി. ചില ദിവസങ്ങളില്‍ അപ്രതീക്ഷിതമായി ചൂടും കാറ്റും അനുഭവപ്പെട്ടു. ഈ വ്യതിയാനം, പ്രതിരോധശേഷി കുറച്ചു. വൈറസുകളുടെ സാന്നിധ്യം വര്‍ധിപ്പിച്ചു.
ഉയര്‍ന്ന പനി, വിറയല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. കഠിനമായ ശരീരവേദന, ക്ഷീണം, ചുമ എന്നിവയും അനുഭവപ്പെടുന്നു. ചില കുട്ടികളില്‍ മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവക്കൊപ്പം തലവേദന, ഛര്‍ദി, വയറിളക്കം എന്നിവയും കാണാം. വിശപ്പില്ലായ്മയും നിര്‍ജലീകരണവും സ്ഥിതി വഷളാക്കുന്നു. ‘കുട്ടികള്‍ക്ക്, പ്രതിമാസം ഒരു പൊതു പരിശോധനയെങ്കിലും വേണ്ടി വരും. ഇന്‍ഫ്‌ളുവന്‍സ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് തടയാന്‍ വീട്ടില്‍ വിശ്രമം നിര്‍ണായകമാണ്. വിശ്രമം, ജലാംശം, കൗണ്ടര്‍ മരുന്നുകള്‍ എന്നിവ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ലക്ഷണങ്ങള്‍ ഗുരുതരമാകുകയാണെങ്കില്‍, ഉടന്‍ തന്നെ വൈദ്യോപദേശം തേടുന്നത് ശിപാര്‍ശ ചെയ്യുന്നു. സ്‌കൂള്‍ പരിതസ്ഥിതികളിലെ അടുത്ത ഇടപെടലുകള്‍ ഇത് കൂടുതല്‍ വഷളാക്കുന്നുണ്ടെന്ന് ചില ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
വിദ്യാലയങ്ങള്‍ ഇന്‍ഫ്‌ളുവന്‍സ സീസണില്‍ ജാഗ്രത പാലിക്കാനും രോഗവ്യാപനം തടയാന്‍ സഹായിക്കുന്ന പ്രതിരോധ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഡോക്ടര്‍മാര്‍ അഭ്യര്‍ഥിച്ചു. ഫ്‌ളൂ അണുബാധകളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് വാര്‍ഷിക വാക്സിനേഷന്‍. പനി പടരുന്നത് തടയുന്നതിന് നല്ല ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുന്നത് രോഗാണുക്കളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതേസമയം, സോപ്പും വെള്ളവും ലഭ്യമല്ലാത്തപ്പോള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് നല്ലൊരു ബദലാണ്. മുഖത്ത്, പ്രത്യേകിച്ച് കണ്ണുകള്‍, മൂക്ക്, വായ എന്നിവ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കണം. കാരണം ഇത് വൈറസുകളെ ശരീരത്തിലേക്ക് കടത്തിവിടും. ഫ്‌ളൂ ലക്ഷണങ്ങള്‍ കാണിക്കുന്ന വ്യക്തികളുമായുള്ള അടുത്ത ബന്ധം പരിമിതപ്പെടുത്തുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.