Connect with us

Uae

യു എ ഇയിൽ പനി വ്യാപിക്കുന്നു; പ്രതിരോധ കുത്തിവെപ്പിന് ശുപാർശ

പനി ഒരാഴ്ചയിലേറെ നീണ്ടുനിൽക്കുകയോ നെഞ്ച് വേദന, മൂക്കൊലിപ്പ് എന്നിവ അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടണം.

Published

|

Last Updated

ദുബൈ | യു എ ഇയിൽ പനി വ്യാപിക്കുന്നതിനാൽ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ, വേനൽ അവധിക്ക് ശേഷം നിരവധി താമസക്കാർ മടങ്ങിവന്നത് തുടങ്ങിയ കാരണങ്ങളാണ് പനി വ്യാപിക്കുന്നതിന് പിന്നിലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വിദേശികൾക്കിടയിലാണ് കൂടുതൽ രോഗബാധിതരെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

പനി, ക്ഷീണം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ. വേനലവധി കഴിഞ്ഞെത്തിയവർ അവരവരുടെ നാട്ടിലെ ഫ്ലൂ സ്‌ട്രെയിനുകൾ കൊണ്ടുവരുന്നതിനാൽ പനി പല വിധത്തിലാണെന്ന് ചികിത്സ വിദഗ്ധർ വ്യക്തമാക്കി. “ചെറിയ പനി, ശരീരവേദന, തലവേദന, മൂക്കടപ്പ് എന്നിവ പോലുള്ള ലക്ഷണങ്ങളോടെ അഞ്ച് മുതൽ ഏഴ് ദിവസം വരെ ഇൻഫ്ലുവൻസ നീണ്ടുനിൽക്കും. എന്നിരുന്നാലും, ഒരാഴ്ചയിലേറെ നീണ്ടുനിൽക്കുകയോ നെഞ്ച് വേദന, മൂക്കൊലിപ്പ് എന്നിവ അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടണം.

ലോകമെമ്പാടും ഇൻഫ്ലുവൻസ എ, ബി എന്നിവയുണ്ട്. ഓരോ വർഷവും വാക്‌സിനുകൾ നവീകരിക്കുന്നു. വാക്‌സിൻ എടുക്കുന്നത് അണുബാധയുണ്ടെങ്കിൽ രോഗലക്ഷണങ്ങളുടെ തീവ്രത കുറക്കുക മാത്രമല്ല, പകരാനുള്ള സാധ്യത കുറക്കുകയും ചെയ്യും. അടിക്കടി കൈകഴുകുക, രോഗബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക, ശരിയായ ശുചിത്വം പാലിക്കുക തുടങ്ങിയ അടിസ്ഥാന പ്രതിരോധ നടപടികളും നിർണായകമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

യു എ ഇയിലാകെ തൊഴിലാളികൾക്ക് ഫ്ലൂ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നുണ്ട്.
ഇൻഫ്ലുവൻസ പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾ സാധാരണമായിട്ടുണ്ട്. ശൈത്യകാലത്തിന് മുമ്പായി പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ തൊഴിലാളികളോട് അഭ്യർഥിച്ചു.

ഗർഭിണികൾ, 50 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ക്യാമ്പയിൻ മുൻഗണന നൽകുന്നത്. താഴ്ന്ന വരുമാനമുള്ള തൊഴിലാളികൾക്ക് വാക്‌സിൻ സൗജന്യമായി നൽകും. വാക്‌സിൻ രാജ്യത്തെ ക്ലിനിക്കുകളിലും ഫാർമസികളിലും ലഭ്യമാകുമെന്ന് പബ്ലിക് ഹെൽത്ത് സെക്ടർ അസിസ്റ്റന്റ്അണ്ടർ സെക്രട്ടറി ഡോ ഹുസൈൻ അൽ റന്ത് വ്യക്തമാക്കി.