Connect with us

Health

ഫൈബ്രോയിഡ് അഥവാ ഗർഭാശയ മുഴകൾ തിരിച്ചറിയാം

അടിവയറ്റിൽ അനുഭവപ്പെടുന്ന ഭാരം, ശക്തമായ ബ്ലീഡിംങ്ങ് മുതലായവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

Published

|

Last Updated

മസിലുകൾ ചേർന്ന് രൂപപ്പെട്ട അവയവമാണ് ഗർഭപാത്രം. ഗർഭപാത്രത്തിനുള്ളിലെ ഈ മസിലുകളിൽ രൂപപ്പെടുന്ന മുഴകൾ (ഫൈബ്രോയിഡ് യൂട്രസ്) ഇന്ന് സ്ത്രീകളിൽ സാധാരണമായിക്കഴിഞ്ഞു. 25 മുതൽ 45 വയസ്സുവരെ പ്രായക്കാരിലാണ് ഫൈബ്രോയ്ഡ് മുഴകൾ കൂടുതലായി കണ്ടുവരുന്നത്. ഹോർമോണിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇതിനുപ്രധാന കാരണം.

അടിവയറ്റിൽ അനുഭവപ്പെടുന്ന ഭാരം, ശക്തമായ ബ്ലീഡിംങ്ങ് മുതലായവയാണ് ഇതിന്റെ ലക്ഷണങ്ങൾ. എന്നാൽ ചിലരിൽ യാതൊരു വിധ ലക്ഷണങ്ങളും ഇല്ലാതെയും ഫൈബ്രോയിഡ് മുഴകൾ രൂപംകൊള്ളാറുണ്ട്. ചില സമയങ്ങളിൽ ഗർഭധാരണം നടക്കാതിരുക്കുന്നതിനും പ്രധാന കാരണം ഫൈബ്രോയ്ഡിന്റെ സാനിധ്യമാണ്. പെട്ടന്ന് ഒരു ദിവസം മൂത്രം പോകാതിരിക്കുന്നതും ഇതിന്റെ ലക്ഷണമാകാം.

ക്ലിനിക്കൽ പരിശോധനയിലൂടെയാണ് ഇത്തരം രോഗങ്ങൾ സ്ഥിരീകരിക്കാറ്. പ്രത്യക്ഷത്തിൽ മുഴ മനസ്സിലാക്കാൻ പറ്റാത്ത രോഗികളിൽ വജൈനൽ എക്‌സാമിനേഷൻ നടത്തും. അൾട്രാസൗണ്ട് ടെസ്റ്റാണ് പ്രാഥമിക ടെസ്റ്റായി കണക്കാക്കപ്പെടുന്നത്. ഗർഭപാത്രത്തിന്റെ അകത്താണോ, പുറത്താണോ, എത്ര മുഴകൾ ഉണ്ട് തുടങ്ങി എല്ലാ കാര്യങ്ങളും ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു. എം ആർ ഐ ടെസ്റ്റാണ് മറ്റൊരു പരിശോധനാ രീതി. ഇിലൂടെ മുഴയെക്കുറച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കും.

ഒരു വർഷത്തിൽ 2 സെമി വലുപ്പത്തിൽ ഒരു ഫൈബ്രോയ്ഡ് വളരും. ഇത്തരം ചെറിയ മുഴകളിൽ ബ്ലീഡിംങ് ഇല്ലാത്ത സാഹചര്യമാണെങ്കിൽ ശരീരത്തിൽനിന്നും മുഴകൾ നീക്കം ചെയ്യാതെ നിരന്തര ചെക്കപ്പുകൾ നടത്താറാണ് പതിവ്. എന്നാൽ പെട്ടന്നു വളരുന്ന ഫൈബ്രോയ്ഡുകളാണ് സെല്ലുല്ലാർ ഫൈബ്രോയ്ഡ്. പിറ്റിയൂറ്ററിയിൻ നിന്ന് ഹോർമോണിന്റെ അളവ് കുറച്ചുകൊണ്ടാണ് സെല്ലുല്ലാർ ഫൈബ്രോയ്ഡ് ചികിത്സ. ഇത് വളരെയേറെ ചിലവേറിയ ചികിത്സയാണ്. എന്നാൽ ഹോർമോണിനെ വലിയതോതിൽ കുറയ്ക്കുന്നത് ശരീരത്തിനു ഗുണകരമല്ലാത്തതിനാൽ അടിയന്തര ഘട്ടങ്ങളിലെ ഇത് ഉപയോഗിക്കാറുളളൂ.

യൂട്ടറിൻ ആർട്ടറി എംബോളൈസേഷൻ അഥവാ ഗർഭപാത്രത്തിലേക്കുള്ള രക്തയോട്ടം നിർത്തിവെച്ച് അതുവഴി ഫൈബ്രോയ്ഡിന്റെ വളർച്ച തടയുന്ന ചികിത്സാരീതിയും ഇന്ന് നിലവിലുണ്ട്. വലിയ ഫൈബ്രോയ്ഡുകൾ ഓപ്പണ മിയോമെക്ടമി (open myomectomy) യിലൂടെ പുറത്തെടുക്കും.

പൊതുവെ വണ്ണമുള്ളവരിലാണ് ഫൈബ്രോയ്ഡുകൾ കൂടുതലായി കാണപ്പെടുന്നത്. ഫാസ്റ്റ്ഫുഡ്, ജീവിതരീതി തുടങ്ങിയവയെല്ലാം മുഴകൾ രൂപപ്പെടുന്നതിനുള്ള പ്രധാന കാരണമാണ്. ഫൈബ്രോയ്ഡ് വളരെ സാധാരണയായി കാണുന്ന മുഴയാണെങ്കിലും അത് യൂട്രസിൽ എവിടെയിരിക്കുന്നു എന്നതിന്റ അടിസ്ഥാനത്തിൽ ചിലർക്ക് പ്രശ്‌നമുണ്ടാകും. എന്നാൽ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ ഫൈബ്രോയ്ഡുകളെ ശരീരത്തിൽ നിന്നും പൂർണമായി ഇല്ലാതാക്കാം.

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ഉഷ എം ജി
ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ്, കിൻഡർ ഹോസ്പിറ്റൽ കൊച്ചി