Ongoing News
ഫിഫ ഫണ്ട് അഴിമതി; ബ്ലാറ്ററെയും പ്ലാറ്റിനിയെയും വെറുതെ വിട്ട് കോടതി
ഒരു പതിറ്റാണ്ട് നീണ്ട കേസിലാണ് കോടതി വിധി. പ്രോസിക്യൂഷന്‍ ഹരജിയില്‍ ഇത് രണ്ടാം തവണയാണ് കോടതി ഇരുവരെയും വെറുതെ വിടുന്നത്.

ബേണ്‍ | ഫിഫ ഫണ്ട് അഴിമതി കേസില്‍ ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററെയും യുവേഫ മുന്‍ തലവന്‍ മിഷേല്‍ പ്ലാറ്റിനിയെയും വെറുതെ വിട്ട് സ്വിസ് ഫെഡറല്‍ കോടതി. ഒരു പതിറ്റാണ്ട് നീണ്ട കേസിലാണ് കോടതി വിധി. പ്രോസിക്യൂഷന്‍ ഹരജിയില്‍ ഇത് രണ്ടാം തവണയാണ് കോടതി ഇരുവരെയും വെറുതെ വിടുന്നത്.
2022ല്‍ പ്രോസിക്യൂട്ടര്‍മാരുടെ വാദം തള്ളിക്കൊണ്ട് മുറ്റന്‍സ് കോടതി ബ്ലാറ്ററെയും പ്ലാറ്റിനിയെയും വിട്ടയച്ചിരുന്നു. 2011ല്‍ ഫിഫ ഫണ്ടുമായി ബന്ധപ്പെട്ട് 20 ലക്ഷം സ്വിസ് ഫ്രാങ്കിന്റെ (2.26 ദശലക്ഷം ഡോളര്‍) ക്രമക്കേട് നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് നിലവില്‍ 89കാരനായ ബ്ലാറ്റര്‍ക്കും 69കാരനായ പ്ലാറ്റിനിക്കുമെതിരെ ചുമത്തിയിരുന്നത്. തങ്ങള്‍ക്കു മേല്‍ ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍ ഇരുവരും തുടര്‍ച്ചയായി നിഷേധിച്ചിരുന്നു.
കോടതി വെറുതെ വിട്ടതിലും തന്റെ സത്‌പേര് പുനസ്ഥാപിക്കപ്പെട്ടതിലും ഏറെ സന്തോഷമുണ്ടെന്ന് വിധി പ്രസ്താവിക്കപ്പെട്ട ശേഷം പ്ലാറ്റിനി പ്രതികരിച്ചു. ‘ഫിഫയുടെയും സ്വിസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരില്‍ ചിലരുടെയും 10 വര്‍ഷം നീണ്ട വേട്ടയാടല്‍ പൂര്‍ണമായി അവസാനിച്ചിരിക്കുന്നു.’- ഫ്രഞ്ച് ദേശീയ ടീമിന്റെ മുന്‍ ക്യാപ്റ്റനും മാനേജരുമായിരുന്ന പ്ലാറ്റിനി പറഞ്ഞു.