Connect with us

Fifa World Cup 2022

ഫിഫ ലോകകപ്പ്: സുരക്ഷക്ക് അര ലക്ഷം സുരക്ഷാ ഭടന്മാർ

കടൽ സുരക്ഷ ബ്രിട്ടീഷ് നേവിക്ക്

Published

|

Last Updated

ദോഹ | ഖത്വർ ലോകകപ്പിന്റെ സുരക്ഷക്ക് 50,000 ഭടന്മാരെ വിന്യസിച്ചു. 13 രാജ്യങ്ങളിൽ നിന്നുള്ള സൈനികരുമുണ്ട്. ജർമനി, ഫിൻലാൻഡ്, ഫ്രാൻസ്, ജോർദാൻ, കുവൈത്ത്, പാക്കിസ്ഥാൻ, ഫലസ്തീൻ, പോളണ്ട്, സഊദി അറേബ്യ, സ്പെയിൻ, തുർക്കി, യു എസ്, യു കെ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സൈനികരാണ് ഖത്വറിൽ എത്തിയത്.

പ്രത്യേക വൈദഗ്ധ്യമുള്ള സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള സേനകളുടെ പങ്കാളിത്തം ടൂർണമെന്റിന്റെ സുരക്ഷാ സേനക്ക് മുതൽക്കൂട്ടാകുമെന്നും സേന ഏകീകൃത ഖത്വരി നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. 191 ജെൻഡാർമുകൾക്കൊപ്പം ഡി മൈനർമാർക്കും സ്നിഫർ നായകളെയും അയക്കുന്നുണ്ടെന്ന് ഫ്രാൻസ് അറിയിച്ചു. രാസ, ജൈവ, വികരണ, അണു ഭീഷണികൾക്കെതിരായ പരിശീലനം ഉൾപ്പെടെയുള്ള സുരക്ഷാ പിന്തുണ നൽകുമെന്ന്  നാറ്റോ വ്യക്തമാക്കി.

കടൽ സുരക്ഷക്കായി ബ്രിട്ടീഷ്  റോയൽ നേവി ഗൾഫിലേക്ക് നാല് കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. മൂന്ന് ബ്രിട്ടീഷ് മൈൻ ഹണ്ടർമാരും ബഹ്‌റൈൻ ആസ്ഥാനമായുള്ള ഒരു സഹായ കപ്പലും ടൂർണമെന്റിലുടനീളം പട്രോളിംഗിൽ പങ്കെടുക്കുമെന്നും റോയൽ നേവി വക്താവ് പറഞ്ഞു. രാജ്യത്തേക്കുള്ള കടൽ പാതകളിൽ 24 മണിക്കൂറും പട്രോളിംഗ് നടത്തും. അത്യാധുനിക സോണാർ, അണ്ടർവാട്ടർ റിമോട്ട് കൺട്രോൾ ഉപകരണങ്ങൾ ഉപയോഗിച്ച് മൈനുകളും ബോംബുകളും കണ്ടെത്താനും തിരിച്ചറിയാനും കഴിയുമെന്നും ആവശ്യമെങ്കിൽ അധിക പിന്തുണ നൽകുന്നതിന് എച്ച്എംഎസ് മിഡിൽടൺ കപ്പൽ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

Latest