Kerala
പതിനഞ്ചുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി മരിച്ച സംഭവം; കുട്ടി നേരിട്ടത് അതിക്രൂര റാഗിങ്ങെന്ന് കുടുംബം
അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി|തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ആരോപണങ്ങളുമായി കുടുംബം. ഇക്കഴിഞ്ഞ ജനുവരി 15നാണ് മിഹിര്‍ അഹമ്മദ് എന്ന വിദ്യാര്‍ത്ഥി തൃപ്പൂണിത്തുറ ചോയിസ് ടവര്‍ ഫ്‌ലാറ്റിലെ 26-ാം നിലയില്‍ നിന്ന് ചാടി മരിച്ചത്. സരിന്‍ രചന ദമ്പതികളുടെ മകനാണ് മിഹിര്‍. മിഹിര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് നേരിട്ടത് അതിക്രൂരമായ മാനസിക, ശാരീരിക പീഡനമെന്ന് കുടുംബം ആരോപിക്കുന്നു. സ്കൂളിലെ റാഗിങ്ങിനെ തുടർന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ പരാതി.
വിദ്യാര്‍ത്ഥികള്‍ ക്രൂരമായി പീഡിപ്പിച്ചെന്ന കാര്യം മിഹിറിന്റെ സഹപാഠികളില്‍ നിന്നാണ് ലഭിച്ചത്. ശുചിമുറിയില്‍ കൊണ്ടു പോയി ക്ലോസറ്റ് നക്കിച്ചെന്നും ഇനി ഒരു വിദ്യാര്‍ത്ഥിക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും കുട്ടിയുടെ അമ്മാവന്‍ മുഹമ്മദ് ഷെരീഫ് പറഞ്ഞു. നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പാള്‍ കുട്ടിയ്ക്ക് കടുത്ത ശിക്ഷ നല്‍കിയിരുന്നു. ആഴ്ചകളോളം സ്‌കൂളില്‍ ഒറ്റപ്പെടുത്തി. ഇത് മിഹിനെ ഏറെ വേദനിപ്പിച്ചിരുന്നെന്നും മുഹമ്മദ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തൃപ്തികരമാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും കുടുംബം പറയുന്നു.
അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മരിച്ച മിഹിറിന്റെ മാതാപിതാക്കളുമായി സ്‌കൂള്‍ അധികൃതര്‍ സംസാരിച്ചിരുന്നു. അവര്‍ കൈമാറിയ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കമുള്ള തെളിവുകള്‍ സ്‌കൂള്‍ അധികൃതര്‍ പോലീസിന് നല്‍കിയിട്ടുണ്ട്.
ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായി സ്‌കൂള്‍ മാനേജ്‌മെന്റ് സംസാരിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ഉണ്ടാകും. കുട്ടികള്‍ക്കെതിരെ തെളിവുകള്‍ ഇല്ലാത്ത പക്ഷം ഒരു നടപടിയും സ്വീകരിക്കാന്‍ സ്‌കൂളിനാവില്ല. റാഗിങ്ങിനെതിരെ ശക്തമായ നിലപാടാണ് സ്‌കൂള്‍ മാനേജ്‌മെന്റിനുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.