Health
അഞ്ചാം പനി: ലക്ഷണങ്ങളും കരുതലും
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷം എകദേശം 25 ലക്ഷം കുട്ടികൾക്ക് ഈ രോഗം ബാധിക്കുന്നുണ്ട്. നിരവധി മരണങ്ങളും സംഭവിക്കുന്നു. 6 മാസം മുതല്‍ മൂന്ന് വയസ്സ് വരെ പ്രായമുള്ള കൂട്ടികളിലാണ് അഞ്ചാം പനി സാധാരണയായി കണ്ട് വരുന്നത്.
രാജ്യത്ത് അഞ്ചാം പനി വ്യാപിക്കുകയാണ്. കേരളത്തിലും കുട്ടികൾക്കിടയിൽ അഞ്ചാപനി ബാധ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. മീസില്‍സ് വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് അഞ്ചാംപനി. കുഞ്ഞുങ്ങളെയാണ് പ്രധാനമായും ഇത് ബാധിക്കുന്നത്. രോഗം ബാധിച്ചാൽ മരണം വരെ സംഭവിക്കാം. ചിലർക്ക് അംഗവൈകല്യമാകും ഫലം.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷം എകദേശം 25 ലക്ഷം കുട്ടികൾക്ക് ഈ രോഗം ബാധിക്കുന്നുണ്ട്. നിരവധി മരണങ്ങളും സംഭവിക്കുന്നു. 6 മാസം മുതല്‍ മൂന്ന് വയസ്സ് വരെ പ്രായമുള്ള കൂട്ടികളിലാണ് അഞ്ചാം പനി സാധാരണയായി കണ്ട് വരുന്നത്. കൗമാരക്കാരിലും പ്രായമായവരിലും ഈ രോഗം ഉണ്ടാകാറുണ്ട്. എന്നാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന അത്ര ഗുരുതരമാകാറില്ല.
അഞ്ചാംപനിയെ പലപ്പോഴും കുട്ടിക്കാലത്ത് ബാധിക്കുന്ന രോഗമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഏത് പ്രായത്തിലുമുള്ളവരെയും ഇത് ബാധിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്.ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ഇതു ബാധിക്കുന്നു. ശ്വസനവ്യൂഹത്തിലെ ശ്ളേഷ്മസ്തരം, ത്വക്ക്, നേത്രശ്ളേഷ്മസ്തരം, വായ് എന്നീ ഭാഗങ്ങളെയാണ് കൂടുതലായി ബാധിക്കുന്നത്. മിക്ക ആളുകള്‍ക്കും ഒന്നിലധികം തവണ രോഗം പിടിപെടാറില്ല എന്നത് ആശ്വാസകരമാണ്.
അഞ്ചാം പനിയുടെ ലക്ഷണങ്ങള്‍?
വായുവിലൂടെ പകരുന്ന രോഗമാണ് അഞ്ചാം പനി. കടുത്ത പനി, ജലദോഷം, ചുമ, ദേഹത്ത് ചുവന്ന പാടുകള്‍, കണ്ണില്‍ ചുവപ്പ് കാണപ്പെടുക, കണ്ണിൽ നിന്ന് വെളളം വരിക, വയറിളക്കം, ചെവിയുടെ പുറകിലും ദേഹത്തും കുരുക്കള്‍, ചെവിയില്‍ പഴുപ്പ്, അപസ്മാരം, മൂത്രത്തിന്റെ അളവ് കൂറയുക തുടങ്ങിയവയാണ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ.
രോഗം വരാനുളള സാഹചര്യം
രോഗി സംസാരിക്കുമ്പോള്‍ വായില്‍ നിന്നും ഉമ്മിനീര് മറ്റൊരാളിലേക്ക് പടരുകവഴി രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. തൂവാല മുഖേന ശ്രവം ശരീരത്തിലേക്ക് പ്രവേശിക്കുന്നതും രോഗപ്പകർച്ചക്കിടയാക്കും. രോഗി തുമ്മുന്നതും ചുമക്കുന്നതുമെല്ലാം രോഗം പടർത്താനിടയാക്കും. രോഗിയുമായി മുഖാമുഖം സമ്പര്‍ക്കം വേണമെന്നില്ല. രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടാകുന്ന 90 ശതമാനം ആൾക്കാർക്കും രോഗം വരാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
സാധാരണ ഗതിയിൽ ഇതൊരു വൈറല്‍ പനിയാണ്. കൂടുതൽ ഭയപ്പെടേണ്ട കാര്യമില്ല. പക്ഷേ ചില ഘട്ടങ്ങളിൽ കൂഞ്ഞൂങ്ങളില്‍ ഈ രോഗം ഗുരുതരമാകാറുണ്ട് എന്ന് ഓർക്കുക. നാല് ദിവസത്തില്‍ കൂടുതലുളള വിട്ട് മാറാത്ത പനി, ശ്വാസം എടുക്കുന്നതിനുളള പ്രയാസം, ഹൃദയ മിടിപ്പ് കൂടുക, പിച്ചും പേയും പറയുക, അപസ്മാരം, അതിസാരം തുടങ്ങിയവ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. അഞ്ചാം പനി മൂർച്ഛിച്ച് ന്യൂമോണിയ, മസ്തിഷ്കജ്വരം തുടങ്ങിയവ ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്.
ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- പനിക്കൊപ്പം കുട്ടികളുടെ ശരീരത്തിൽ ചുവന്ന പാടുകൾ കണ്ടാൻ ഉടൻ ഡോക്ടറെ കാണിക്കണം.
- കുട്ടിയെ നന്നായി വെളളം കുടിപ്പിക്കുക.
- പഴ വര്‍ഗങ്ങള്‍ കൊടുക്കുക.
- ഇതൊരു വൈറസ് രോഗമാണെന്ന് ആദ്യം ഉറപ്പ് വരുത്തുകയും ആവിശ്യമില്ലാതെ ആന്റെിബയോട്ടിക്കുകള്‍ കൊടുക്കാതിരിക്കുകയും ചെയ്യുക.
- കഞ്ഞി പോലെയുളള ദഹിക്കുന്ന ആഹാരങ്ങള്‍ മാത്രം കൊടുക്കുക
- രോഗബാധിതർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക.
- എല്ലാ കുഞ്ഞുങ്ങൾക്കും ഒമ്പതാം മാസത്തിലും ഒന്നര വയസ്സിലും എം ആര്‍ 1, എം ആര്‍ 2 വാക്‌സിനുകള്‍ നല്‍കുക.
രോഗബാധിതര്‍ക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. എന്നാലും ശ്രദ്ധയോടെയുള്ള പരിചരണം ആരോഗ്യനില മെച്ചപ്പെടുത്തും. അത്തരം പരിചരണത്തില്‍ ഓറല്‍ റീഹൈഡ്രേഷന്‍ ലായനി, ആരോഗ്യകരമായ ഭക്ഷണം, പനി നിയന്ത്രിക്കാനുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുത്താം. ലാക്ഷണിക പ്രതിവിധികൾ സ്വീകരിക്കുകയും സങ്കീർണത വരാതെ സൂക്ഷിക്കുകയും ആണ് ചെയ്യേണ്ടത്.
ഓര്‍ക്കുക.. വാക്‌സിനേഷന്‍ കുഞ്ഞുങ്ങളുടെ അവകാശമാണ്. അത് അവർക്ക് കൊടുത്തിരിക്കണം.