software projects
അമ്പത് സോഫ്ട്‌വെയർ പ്രൊജക്ടുകൾ; അതുല്യ നേട്ടവുമായി അബ്ദുൽ ഫത്താഹ്
ഫുൾ സ്റ്റാക് ഡെവലപ്പറായി പ്രവർത്തിക്കുന്ന അബ്ദുൽ ഫത്താഹ് ഇസ്ലാമിക് സ്റ്റഡീസ് പഠനത്തോടൊപ്പമാണ് ടെക് ലോകത്തെ ഈ അത്ഭുത നേട്ടങ്ങൾ കൈവരിച്ചത്.

പൂനൂർ | സോഫ്റ്റ്‌വെയർ ഡെവലപ്പിംഗ് രംഗത്ത് 50 പ്രൊജക്ടുകൾ വികസിപ്പിച്ച് അതുല്യ നേട്ടവുമായി ജാമിഅ മദീനതുന്നൂർ വിദ്യാർഥി അബ്ദുൽ ഫത്താഹ്. ആപ്ലിക്കേഷൻ, വെബ്സൈറ്റ്, സോഫ്ട്‌വെയർ നിർമാണവുമായി ടെക് ലോകത്ത് സജീവമായ അബ്ദുൽ ഫത്താഹിന്റെ അമ്പതാമത് സോഫ്ട്‌വെയർ പ്രൊജക്ടാണ് മർകസിലെ മൗലിദുൽ അക്ബർ വേദിയിൽ ലോഞ്ച് ചെയ്ത ‘ഹസനാത്ത് ഡെയ്ലി ആപ്ലിക്കേഷൻ’. ഇസ്ലാമിക് സ്പിരിച്ച്വൽ കമ്മ്യൂണിറ്റി ക്രിയേഷന് വേണ്ടി കൃത്യമായ ട്രാക്കിംഗിലൂടെ പ്രവർത്തിക്കുന്ന ‘ഹസനാത്ത് ഡെയ്ലി ആപ്ലിക്കേഷനിൽ പ്രഗത്ഭ പണ്ഡിതരുടെ സീരീസ് ടോക്കുകൾ ലഭ്യമാകുന്ന ഓപ്പൺ ക്ലാസ് റൂം സംവിധാനിച്ചിട്ടുണ്ട്. ഇൻബിൽറ്റ് സ്വലാത് കൗണ്ടർ, സ്വദഖ ഗേറ്റ്, അദ്കാർ പാനൽ എന്നിവയും ആപ്പിന്റെ സവിശേഷതയാണ്.
രണ്ട് ലക്ഷത്തിലധികം വരുന്ന ഉപയോക്താക്കൾ ഉള്ള അബ്ദുൽ ഫത്താഹിന്റെ വിവിധ പ്രെജക്ടുകളിൽ ശ്രദ്ധേയമായതാണ് ‘ലിബ് സ്റ്റാക്സ്’ ലൈബ്രററി മാനേജിംഗ് സോഫ്റ്റ്‌വെയർ. നൂതന സംവിധാനങ്ങളിലൂടെ ഡിജിറ്റൽ ലൈബ്രററി മാനേജ്മെന്റ് ലളിതവും സുരക്ഷിതവുമാക്കുന്ന ഈ സോഫ്ട് വെയർ നിരവധി സ്ഥാപനങ്ങളും ലൈബ്രററികളും ഇതിനകം സംവിധാനിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര അക്കാദമികളുമായി സഹകരിച്ച് ഇസ്ലാമിക വിജ്ഞാന പ്രസരണത്തിന്റെ ആഗോളവേദിയായി മാറുന്ന ഓൺലൈൻ സംവിധാനം ഹാദി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനായ അബ്ദുൽ ഫത്താഹ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യമായ പ്രയോഗവൽക്കരണത്തിലൂടെ വിജ്ഞാന കൈമാറ്റം ലളിതമാക്കാനുള്ള തയ്യാറെടുപ്പിലാണ്.
സൊമാറ്റോ, സ്വിഗ്ഗി എന്നിവക്ക് സമാനമായി രാജ്യത്തെ ഏത് കോണിലും ഭക്ഷണമെത്തിക്കുന്ന ‘ക്വീറ്റ്സ് ‘ ഡിജിറ്റൽ ഹോട്ടൽ മാനേജ്മെന്റ് സിസ്റ്റവും അബ്ദുൽഫത്താഹ് നിർമ്മിച്ചിട്ടുണ്ട്.
അബൂദാബിയിലെ ഹമദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷൽ ഇന്റലിജൻസിൽ ഉപരിപഠനം നടത്താനാണ് ആഗ്രഹം. കർണാടകയിൽ കുടക് ജില്ലയിലെ കൊണ്ടങ്കേരി അബ്ദുസ്സലാം- ജമീല ദമ്പതികളുടെ മൂത്ത മകനാണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാർഥി കാലയളവിൽ തന്നെ അതുല്യ നേട്ടം കൈവരിച്ച ഫത്താഹിനെ ജാമിഅ മദീനതുന്നൂർ ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, റെക്ടർ ഡോ. എം എ എച്ച് അസ്ഹരി എന്നിവർ അഭിനന്ദിച്ചു.