Connect with us

Alappuzha

വിദ്യാര്‍ത്ഥി വിപ്ലവത്തിന്റെ അമ്പതാണ്ട്; പ്രൗഢമായി എസ് എസ് എഫ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനം

ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.

Published

|

Last Updated

ആലപ്പുഴ | പ്രവര്‍ത്തനവീഥിയില്‍ അഞ്ച് പതീറ്റാണ്ടിന്റെ കര്‍മ്മ ധന്യതയിലേക്ക് പ്രവേശിക്കുന്ന എസ് എസ് എഫിന്റെ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനത്തിന് പ്രൌഢ സമാപനം. ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. കിഴക്കിന്റെ വെനീസിലെ ചരിത്ര നഗരത്തില്‍ ധാര്‍മ്മിക വിപ്ലവ പതാകയേന്തിയ കാല്‍ ലക്ഷത്തിലധികം വരുന്ന പ്രവര്‍ത്തകരുടെ പ്രകടനവും നടന്നു.

കടപ്പുറം റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച റാലി സമ്മേളന നഗരിയില്‍ സമാപിച്ചു. പരിസ്ഥിതി, കല, സാഹിത്യം, മുസ്ലിം നവോത്ഥാനം, ക്ഷേമ രാഷ്ട്രം, സമരങ്ങള്‍ തുടങ്ങി കാലികപ്രസക്തമായ പ്രമേയത്തിലുള്ള പ്ലോട്ടുകളും ആവിഷ്‌കാരങ്ങളും പ്രകടനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പൊതു സംമ്മേളനം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന ജന:സെക്രട്ടറി സി.എന്‍ ജഅഫര്‍ പ്രമേയ പ്രഭാഷണം നടത്തി. ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ഒന്നര വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെയും കര്‍മ്മ പദ്ധതികളുടെയും പ്രഖ്യാപനം പൊതുസമ്മേളനത്തില്‍ നടന്നു.

സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം എ.ത്വാഹ മുസ്ലിയാര്‍ കായംകുളം, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, മജീദ് കക്കാട് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സെക്രട്ടറി എം. മുഹമ്മദ സ്വാദിഖ്, സയ്യിദ് വി പി എ തങ്ങള്‍ ആട്ടീരി, ബാദുഷ സഖാഫി ആലപ്പുഴ, സയ്യിദ് അബ്ദുന്നാസിര്‍ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ് എസ് എഫ് ഉയര്‍ത്തിയ ആശയങ്ങളെയും സാധിച്ച വിപ്‌ളവത്തെയും ആവിഷ്‌കരിച്ച അമ്പത് കലാകാരന്‍മാര്‍ അണിനിരന്ന സമര ശില്പവും സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങളില്‍ ഒരേ സമയം എന്‍ഹാന്‍സ് ഇന്ത്യ കോണ്‍ഫറന്‍സ് എന്ന പേരില്‍ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനങ്ങള്‍ നടന്നു.

---- facebook comment plugin here -----

Latest