Connect with us

Kerala

മുജാഹിദ് വിഭാഗങ്ങളില്‍ പോര് രൂക്ഷം; സംസ്ഥാന സമ്മേളനം മാറ്റിവെച്ചു

ഈ വര്‍ഷം ഡിസംബര്‍ 31ന് കോഴിക്കോട്ട് നടത്താന്‍ നിശ്ചയിച്ച സമ്മേളനമാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

Published

|

Last Updated

കോഴിക്കോട് | മുജാഹിദ് വിഭാഗങ്ങള്‍ക്കിടയിലെ പോര് ശക്തമായതോടെ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമ്മേളനം മാറ്റിവെച്ചു. ഈ വര്‍ഷം ഡിസംബര്‍ 31ന് കോഴിക്കോട്ട് നടത്താന്‍ നിശ്ചയിച്ച സമ്മേളനമാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച സമ്മേളനത്തിന്റെ അതേ ദിവസത്തേക്ക് അബ്ദുല്ലക്കോയ മദനിയും ഡോ. ഹുസൈന്‍ മടവൂരും നേതൃത്വം നല്‍കുന്ന സി ഡി ടവര്‍ മുജാഹിദ് വിഭാഗം സമ്മേളനം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയണ് സി പി ഉമര്‍ സുല്ലമിയുടെ നേതൃത്വത്തിലുള്ള മുജാഹിദ് വിഭാഗത്തിന്റെ പിന്മാറ്റം.

സി ഡി ടവര്‍ വിഭാഗം അന്തസ്സും മാന്യതയും വെടിഞ്ഞ് വാശിയുടെ പാതയിലാണെന്ന് മര്‍കസുദ്ദഅ്‌വ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. മത പ്രബോധനം വാശിതീര്‍ക്കലോ മത്സരമോ അല്ല. ദൈവിക മാര്‍ഗത്തിലുള്ള ഉത്തരവാദിത്വ നിര്‍വഹണമാണ്. ഈ ബോധം ഉള്‍ക്കൊണ്ടു കൊണ്ടാണ് സമ്മേളനം മാറ്റിവെക്കുന്നതെന്നും വാര്‍ത്താകുറിപ്പിലുണ്ട്.

മുജാഹിദ് വിഭാഗങ്ങള്‍ 2002ല്‍ രണ്ടായി പിരിഞ്ഞെങ്കിലും പിന്നീട് ഐക്യപ്പെടുകയായിരുന്നു. സിഹ്‌റ് (മാരണം), കണ്ണേറ് എന്നിവയുടെ ഫലപ്രാപ്തിയെക്കുറിച്ചായിരുന്നു ഇരു ഗ്രൂപ്പുകളും തമ്മില്‍ മുഖ്യമായും അഭിപ്രായ ഭിന്നത. ഇത്തരം വിഷയങ്ങളില്‍ പരസ്യമായ ചര്‍ച്ചകള്‍ പാടില്ലെന്ന് 2016ലെ ഐക്യ കരാറില്‍ ഇരു വിഭാഗങ്ങളും ഒപ്പു വെച്ചിരുന്നു. എന്നാല്‍, രണ്ടു കൂട്ടരുടേയും പ്രസിദ്ധീകരണങ്ങളില്‍ പിന്നീട് വന്ന ലേഖനങ്ങളില്‍ കരാര്‍ ലംഘിക്കപ്പെട്ടു. ഇതോടെ മുജാഹിദ് വിഭാഗം വീണ്ടും പിളരുകയായിരുന്നു. ഈ ഘട്ടത്തില്‍ ഹുസൈന്‍ മടവൂര്‍ സ്വന്തം വിഭാഗത്തെ തള്ളി സി ഡി ടവര്‍ വിഭാഗത്തിന് ഒപ്പം ചേര്‍ന്നു. ഇതിനിടക്ക് ഈ വിഭാഗങ്ങളില്‍ നിന്നുള്ള ഉപ ഗ്രൂപ്പുകള്‍ വേറെയും രൂപപ്പെട്ടു. ഇത്തരം കൂട്ടായ്മകള്‍ വിവിധ സംഘടനകളായും നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

 

Latest