kerala bjp groupism
ബി ജെ പിയില്‍ പോര് മുറുകുന്നു; മുതിര്‍ന്ന നേതാക്കള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് അടിച്ചു
സുരേന്ദ്രന്‍- മുരളീധരന്‍ വിരുദ്ധ ഗ്രൂപ്പിലെ പ്രധാനികളായ പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഈ ഗ്രൂപ്പില്‍ നിന്ന് പുറത്ത് പോയത്
തിരുവനന്തപുരം | സംസ്ഥാനത്തെ ബി ജെ പി പുനഃസംഘടനയെച്ചൊല്ലി പ്രതിഷേധം പുകയുന്നു. സംസ്ഥാനത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോള്‍ തങ്ങളുടെ ഗ്രൂപ്പിലുള്ളവര്‍ക്ക് പരിഗണന കിട്ടിയില്ലെന്ന പരാതി കൃഷ്ണദാസ് പരസ്യമായും രഹസ്യമായും ഉയര്‍ത്തിയതിന് പിന്നാലെ പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ ലെഫ്റ്റ് അടിച്ചു. സുരേന്ദ്രന്‍- മുരളീധരന്‍ വിരുദ്ധ ഗ്രൂപ്പിലെ പ്രധാനികളായ പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഈ ഗ്രൂപ്പില്‍ നിന്ന് പുറത്ത് പോയത്.
സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രനാണ് ഗ്രൂപ്പിന്റെ അഡ്മിന്‍. കൃഷ്ണദാസ് പക്ഷത്തെ പ്രമുഖ വക്താവായിരുന്ന പി ആര്‍ ശിവശങ്കരനെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സംസ്ഥാന നേതൃത്വം വിലക്കിയിരുന്നു. ഇതില്‍ അടക്കം കൃഷ്ണദാസ് പക്ഷത്തിന് കടുത്ത അമര്‍ഷമുണ്ടെന്നാണ് സൂചന.
അതേസമയം, വയനാട് ബിജെപിയിലും ആഭ്യന്തര കലഹം മൂര്‍ച്ചിക്കുകയാണ്. അഴിമതി ആരോപണം നേരിടുന്നയാളെ പ്രസിഡന്റാക്കിയതില്‍ അതൃപ്തി പരസ്യമാക്കി നേതാക്കള്‍ രംഗത്തെത്തി. കെ പി മധുവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് ഒരു വിഭാഗം വിട്ടുനിന്നു.