Connect with us

Kerala

പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി: പാലക്കാട് രാഹുലിന് രണ്ട് അപരന്‍മാര്‍; ചേലക്കരയില്‍ അപര ശല്യമില്ല

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചപ്പോള്‍ പാലക്കാട് 16 സ്ഥാനാര്‍ഥികളും ചേലക്കരയില്‍ ഒമ്പത് സ്ഥാനാര്‍ഥികളും വയനാട്ടില്‍ 21 സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ട്.

Published

|

Last Updated

പാലക്കാട് | ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു മണ്ഡലങ്ങളിലും നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്‍മാര്‍. ചേലക്കരയില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് അപരന്‍മാരില്ല. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28 ന് നടക്കും. ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്നിനകം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചപ്പോള്‍ പാലക്കാട് 16 സ്ഥാനാര്‍ഥികളും ചേലക്കരയില്‍ ഒമ്പത് സ്ഥാനാര്‍ഥികളും വയനാട്ടില്‍ 21 സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ട്. പാലക്കാട് ഡമ്മി സ്ഥാനാര്‍ഥികളായി കെ ബിനു മോള്‍ (സി പി എം), കെ പ്രമീള കുമാരി (ബി ജെ പി), സ്വതന്ത്ര സ്ഥാനാര്‍ഥികളായി എസ് സെല്‍വന്‍, രാഹുല്‍ ആര്‍, സിദ്ദീഖ്, രമേഷ് കുമാര്‍, എസ് സതീഷ്, ബി ഷമീര്‍, രാഹുല്‍ ആര്‍ മണലടി വീട് എന്നിവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 16 സ്ഥാനാര്‍ഥികള്‍ക്കായി ആകെ 27 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.

ചേലക്കരയില്‍ ഒമ്പത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് അപരനില്ലെങ്കിലും രമ്യ ഹരിദാസിന്റെ പേരിനോട് സാമ്യമുള്ള ഹരിദാസ് എന്നൊരാള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി യു ആര്‍ പ്രദീപ്, യു ഡി എഫ് സ്ഥാനാര്‍ഥിയായി രമ്യ പി എം, എന്‍ ഡി എ സ്ഥാനാര്‍ഥിയായി കെ ബാലകൃഷ്ണന്‍, പി വി അന്‍വറിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുധീര്‍ എന്‍ കെ എന്നിവരാണ് മത്സര രംഗത്തുള്ളത്. സുനിത, രാജു എം എ, ഹരിദാസന്‍, പന്തളം രാജേന്ദ്രന്‍, ലിന്റേഷ് കെ ബി എന്നിവരാണ് പത്രിക നല്‍കിയ മറ്റുള്ളവര്‍. ആകെ 15 സെറ്റ് പത്രികയാണ് ചേലക്കരയില്‍ ലഭിച്ചത്.

വയനാട് ലോക സഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്(റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജാതിയ ജനസേവ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ രുഗ്മിണി, സോനു സിങ് യാദവ്, ഡോ. കെ പത്മരാജന്‍, ഷെയ്ക്ക് ജലീല്‍, ജോമോന്‍ ജോസഫ് സാമ്പ്രിക്കല്‍, എ പി ജെ ജുമാന്‍ എന്നിവരാണ് മുന്‍ദിവസങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

എ സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ബാബു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), എ സി സിനോജ് (കണ്‍ട്രി സിറ്റിസണ്‍ പാര്‍ട്ടി), കെ സദാനന്ദന്‍ (ബി ജെ പി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഇസ്മയില്‍ സബിഉള്ള, സന്തോഷ് ജോസഫ്, ആര്‍ രാജന്‍, അജിത്ത് കുമാര്‍ സി, ബുക്കരാജു ശ്രീനിവാസ രാജു, എ നൂര്‍മുഹമ്മദ് എന്നിവരാണ് വെളളിയാഴ്ച പത്രിക സമര്‍പ്പിച്ചത്.

 

Latest