Kuwait
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളിയായ ഫിലിപിനോ യുവതി സ്‌പോണ്‍സറുടെ കുഞ്ഞിനെ വാഷിംഗ് മെഷിനില്‍ മുക്കിക്കൊന്നു
വീട്ടുടമയില്‍ നിന്ന് തനിക്ക് നേരിട്ട പീഡനങ്ങളാണ് കൃത്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ കുറ്റസമ്മതം.
കുവൈത്ത് സിറ്റി | കുവൈത്തില്‍ സ്‌പോണ്‍സറുടെ ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ വാഷിംഗ് മെഷിനിലിട്ട് മുക്കിക്കൊന്ന സംഭവത്തില്‍ ഫിലിപിനോ വേലക്കാരി അറസ്റ്റില്‍. മുബാറക് അല്‍ കെബീര്‍ ഗവര്‍ണറേറ്റിലാണ് അതിദാരുണമായ സംഭവം നടന്നത്.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മാതാപിതാക്കള്‍ നടത്തിയ തിരച്ചിലില്‍ കുഞ്ഞിനെ വാഷിംഗ് മെഷീനില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ കുട്ടിയെ ജാബിര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിഷ്ഠൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വീട്ടുടമയില്‍ നിന്ന് തനിക്ക് നേരിട്ട പീഡനങ്ങളാണ് കൃത്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ കുറ്റസമ്മതം.
ഗാര്‍ഹിക തൊഴിലിടങ്ങളിലെ തര്‍ക്കത്തെ തുടര്‍ന്ന് ഫിലിപൈന്‍സും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധം നേരത്തെ ഏറെ വഷളായിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴിലാളി കരാര്‍ ബന്ധം പുനസ്ഥാപിച്ചത്. ഇതിനു ശേഷം മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഫിലിപിനോ വീട്ടുജോലിക്കാരി പ്രതിയായിട്ടുള്ള കൊലപാതക സംഭവം നടന്നിരിക്കുന്നത്.