Kerala
പൂരം കലക്കല്‍; തിരുവമ്പാടി ദേവസ്വം ഭാരവാഹികളില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു
പൂരം നിര്‍ത്തിവെക്കേണ്ട സാഹചര്യമെന്തായിരുന്നു എന്നതിനുള്ള ഉത്തരമാണ് ഭാരവാഹികളില്‍ നിന്ന് ആരാഞ്ഞത്.
തൃശൂര്‍ | പൂരം കലങ്ങിയതില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ഭാരവാഹികളില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍, ജോയിന്‍ സെക്രട്ടറി ശശിധരന്‍ എന്നിവരാണ് മൊഴി നല്‍കിയത്. പൂരം നിര്‍ത്തിവെക്കേണ്ട സാഹചര്യമെന്തായിരുന്നു എന്നതിനുള്ള ഉത്തരമാണ് ഭാരവാഹികളില്‍ നിന്ന് ആരാഞ്ഞത്.
പൂരം കലങ്ങിയതിനെ സംബന്ധിച്ച് എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളായിരുന്നു തിരുവമ്പാടി ദേവസ്വത്തിനെതിരെ ഉണ്ടായിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്.
എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി അന്ന് സേവാഭാരതിയുടെ ആംബുലന്‍സിലെത്തിയ സംഭവത്തില്‍ ഇന്നലെ പോലീസ് കേസെടുത്തിരുന്നു. സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയും ദേവസ്വം ഭാരവാഹികള്‍ സുരേഷ് ഗോപിയെ ബന്ധപ്പെട്ടിരുന്നോയെന്ന കാര്യവും അന്വേഷണസംഘം പ്രാഥമികമായി ആരാഞ്ഞു.
പൂരം നടത്തിപ്പില്‍ പങ്കാളികളായ സര്‍ക്കാര്‍ ജീവനക്കാരുടെ മൊഴി കഴിഞ്ഞദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ആരോഗ്യ വിഭാഗം ജീവനക്കാര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരുന്ന അങ്കിത് അശോകന്റെ മോശം പെരുമാറ്റം സംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ട്.