National
സിനിമാ നടന് ജയിലിൽ വിഐപി പരിഗണന; ഒൻപത് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
രേണുകസ്വാമി കൊലക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന നടൻ ദർശൻ തൂക്കുദീപ കുപ്രസിദ്ധ ഗുണ്ടകൾക്ക് ഒപ്പം ജയിൽ വളപ്പിൽ അർമാദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
ബംഗളൂരു | കൊലപാതക കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സിനിമ നടന് ജയിലിൽ ‘വിഐപി പരിഗണന’ നൽകിയ സംഭവത്തിൽ കർണാടകയിൽ ഒൻപത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. രേണുകസ്വാമി കൊലക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന നടൻ ദർശൻ തൂക്കുദീപ കുപ്രസിദ്ധ ഗുണ്ടകൾക്ക് ഒപ്പം ജയിൽ വളപ്പിൽ അർമാദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
ചീഫ് സൂപ്രണ്ട് വി.ശേഷമൂർത്തി, ജയിൽ സൂപ്രണ്ട് മല്ലികാർജുൻ സ്വാമി, ജയിലർമാരായ ശരണബസവ അമിൻഘഡ, പ്രഭു എസ് ഖണ്ഡേൽവാൾ; അസിസ്റ്റൻ്റ് ജയിലർമാരായ എൽഎസ് തിപ്പേസ്വാമി, ശ്രീകാന്ത് തൽവാർ, ഹെഡ് വാർഡർമാരായ വെങ്കപ്പ കൊട്ടി, സമ്പത്ത് കുമാർ കടപ്പാട്ടി, വാർഡർ ബസപ്പ കേളി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ദർശൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എഫ് ഐ ആറും രജിസ്റ്റർ ചെയ്തതായി കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതെന്നും പരമേശ്വര പറഞ്ഞു. സംഭവത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തും. റിപ്പോർട്ട് ലഭിച്ചാലുടൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പരമേശ്വര പറഞ്ഞു.
സഹതടവുകാരിൽ ഒരാൾ മൊബൈലിൽ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്. ഫോട്ടോയിൽ നടൻ ജയിൽ വരാന്തയിൽ പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുന്നതും സിഗരറ്റ് വലിക്കുകയും കൈയിൽ ഒരു കപ്പ് പിടിക്കുകയും ചെയ്യുന്നതായി കാണാം. കുപ്രസിദ്ധ ഗുണ്ടകളായ ജെ നാഗരാജ് എന്ന ‘വിൽസൺ ഗാർഡൻ’ നാഗ, കറുത്ത ടീ ഷർട്ടിൽ ദർശൻ്റെ മാനേജർ നാഗരാജ്, വെള്ള ടീ ഷർട്ടിൽ ശ്രീനിവാസ് എന്ന കുള്ള സീന എന്നിവരും ഫോട്ടോയിൽ ഉണ്ടായിരുന്നു. കൊലപാതകം ഉൾപ്പെടെ ഡസൻ കണക്കിന് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ് നാഗയും കുള്ള സീനയും.
മൊബൈൽ ജാമർ മറികടന്ന് സഹതടവുകാരൻ എങ്ങനെ ചിത്രം പകർത്തി എന്നതും ചർച്ചയായിട്ടുണ്ട്.