Ongoing News
അവസാന ഗ്രാൻഡ്സ്ലാം കിരീട സ്വപ്‌നം തകർന്നു; സാനിയ - രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി
ബ്രസീലിയൻ ജോഡികളായ ലൂയിസ-റാഫേൽ സഖ്യത്തിന് ആദ്യ ഗ്രാൻഡ് സ്ലാം കിരീടം
മെൽബൺ | ടെന്നീസ് താരം സാനിയ മിർസയുടെ അവസാന ഗ്രാൻഡ്സ്ലാം ഫൈനൽ കിരീടമെന്ന സ്വപ്‌നം തകർന്നു. ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് ഫൈനലിൽ ബ്രസീലിയൻ ജോഡികളായ ലൂയിസ സ്റ്റെഫാനി-റാഫേൽ മാറ്റോസിനോട് സാനിയ (36), രോഹൻ ബൊപ്പണ്ണ (42) സഖ്യം പരാജയപ്പെട്ടു.
ലൂയിസ-റാഫേൽ സഖ്യം ആദ്യമായാണ് ഗ്രാൻഡ് സ്ലാം നേടുന്നത്. ആദ്യ സെറ്റ് ടൈബ്രേക്കിൽ 6-7ന് സാനിയ-ബൊപ്പണ്ണ സഖ്യത്തിന് നഷ്ടമായി. രണ്ടാം സെറ്റിലും തിരിച്ചുവരാൻ അവസരം നൽകാതെ ബ്രസീലിയൻ ജോഡി 6-2ന് സെറ്റ് സ്വന്തമാക്കി.
ഫൈനൽ മത്സരത്തിന് ശേഷം മെൽബൺ റോഡ് ലാവർ അരീനയിൽ സംസാരിക്കാനായി വിളിച്ചപ്പോൾ സാനിയുടെ കണ്ണുകൾ നിറഞ്ഞു. “ഇത് സന്തോഷത്തിന്റെ കണ്ണുനീരാണ്. 18 വർഷം മുമ്പ് മെൽബണിൽ തുടങ്ങിയ കരിയർ, അവസാനിപ്പിക്കാൻ മെൽബണിനെക്കാൾ മികച്ച മറ്റൊരു സ്ഥലമില്ല. എല്ലാവർക്കും നന്ദി” – കരഞ്ഞുകൊണ്ട് സാനിയ പറഞ്ഞു. സഹതാരം രോഹൻ ബൊപ്പണ്ണയ്ക്കും സാനിയ മിർസ നന്ദി പറഞ്ഞു. 14-ാം വയസ്സിൽ തന്റെ ആദ്യ മിക്സഡ് ഡബിൾസ് പങ്കാളി ബൊപ്പണ്ണയായിരുന്നുവെന്ന് അവർ പറഞ്ഞു. ഇരുവരുടെയും കുടുംബങ്ങളും കുട്ടികളും സമാപന സമയത്ത് സന്നിഹിതരായിരുന്നു. അതേസമയം സാനിയയുടെ ഭർത്താവും പാക് താരവുമായ ഷൊയ്ബ് മാലിക് കളി കാണാൻ എത്തിയിരുന്നില്ല.
ഫെബ്രുവരി 19 മുതൽ ദുബായിൽ നടക്കുന്ന ഡബ്ല്യുടിഎ 1000 ഇവന്റ് തന്റെ അവസാന ടൂർണമെന്റായിരിക്കുമെന്ന് ജനുവരി ആദ്യം സാനിയ പറഞ്ഞിരുന്നു. ഒരു ടെന്നീസ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അവർ വിമരിക്കൽ പ്രഖ്യാപിച്ചത്.
ആറ് വർഷം മുമ്പ് 2017ൽ ഫ്രഞ്ച് ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടം സാനിയ-ബൊപ്പണ്ണ സഖ്യം നേടിയിരുന്നു. ഓസ്‌ട്രേലിയൻ ഓപ്പണിൽ 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിർസ ചാമ്പ്യനായി.