Connect with us

Ongoing News

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം നാളെ; മലയോര മേഖലയിലെ ജനങ്ങള്‍ ആശങ്കയില്‍

Published

|

Last Updated

പത്തനംതിട്ട | കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം വെള്ളിയാഴ്ച വരാനിരിക്കെ മലയോര മേഖലയിലെ ജനങ്ങള്‍ ആശങ്കയില്‍. റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ കാര്‍ഷിക മേഖല, തോട്ടങ്ങള്‍, ജനവാസ മേഖലകള്‍ ഇവ പൂര്‍ണമായും ഒഴിവാക്കണമെന്ന് ആന്റോ ആന്റണി എം പി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയില്‍ ഏഴ് വില്ലേജുകളാണ് ഇ എസ് എ പരിധിയില്‍ വരുന്നത്. തണ്ണിത്തോട്, അരുവാപ്പുലം, സീതത്തോട്, ചിറ്റാര്‍, കൊല്ലമുള, പെരുനാട്, വടശേരിക്കര വില്ലേജുകളാണിത്. ഈ സ്ഥലങ്ങള്‍ മുഴുവന്‍ കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുന്നതാണ്. ജില്ലയില്‍ മൊത്തം 1,547 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോലമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. 1,26,474 പേരാണ് ഈ പ്രദേശങ്ങളിലായി അധിവസിക്കുന്നത്. 2018 ല്‍ യാതൊരു പഠനവും നടത്താതെ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അംഗീകരിക്കുകയാണ് ചെയ്യുക. ഇതിലെ വിശദാംശങ്ങള്‍ എം പിമാരുമായി ചര്‍ച്ച നടത്തിയിട്ടില്ല .ഇത് സംബന്ധിച്ച ഒരു രേഖയും നല്‍കിയിട്ടില്ല. എല്ലാ വിവരങ്ങളും രഹസ്യമാക്കി വക്കുകയായിരുന്നു. പഠനങ്ങള്‍ നടത്താതെയുള്ള റിപ്പോര്‍ട്ടാണിതെന്നും എം പി പറഞ്ഞു.

അന്തിമ വിജ്ഞാപനത്തില്‍ വരുന്ന പ്രദേശങ്ങളില്‍ പിന്നീട് തിരുത്തല്‍ വരുത്താന്‍ കഴിയില്ല. കൃഷിക്കാരുടെ ഭൂമി ഇ എസ് എ മേഖലയില്‍ വരാന്‍ പാടില്ല. ജനവാസ മേഖലയെ പരിസ്ഥിതി ദുര്‍ബല മേഖലയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് ആവശ്യമെന്ന് എം പി പറഞ്ഞു. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 880 ല്‍ അധികം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ആദ്യം കേരളം ആവശ്യപ്പെട്ടിരുന്നത്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കസ്തൂരി രംഗന്‍ സമിതി ശിപാര്‍ശ ചെയ്തിരുന്നത് കേരളത്തിന്റെ 13,109 ചതുരശ്ര കി.മീ പാരിസ്ഥിതിക ദുര്‍ബല മേഖലയാണെന്നാണ്. ഇത് കേരളത്തിന്റെ പല മേഖലകളില്‍ നിന്നും പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കേരളം ഉമ്മന്‍ വി ഉമ്മന്‍ സമിതിയെ നിയോഗിച്ചിരുന്നു. 9,903.7 ച കി മീ മാത്രമാണ് പാരിസ്ഥിതിക ദുര്‍ബല മേഖലയെന്ന് ഈ സമിതി കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചത്. പിന്നീട് 123 വില്ലേജുകളില്‍ നിന്ന് ഇ എസ് എ പരിധി 92 ആയി കുറക്കുകയും മൊത്തം വിസ്തൃതി 8,300 ച കി മീ ആക്കി ചുരുക്കുകയും ചെയ്തു. ജനവാസ മേഖലകളും കൃഷിയിടങ്ങളും അടക്കം നോണ്‍ കോര്‍ മേഖലകളായി തിരിച്ചാണ് പുതിയ നിയന്ത്രണം വരുന്നത്. ഇ എസ് എയെ കോര്‍, നോണ്‍ കോര്‍ മേഖലകളായി തിരിക്കുമ്പോള്‍ ജനവാസ മേഖലകളില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നത്. കോര്‍ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. സംരക്ഷിത വനമേഖലക്ക് പുറത്തുള്ള പ്രദേശങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന ആവശ്യമാണ് മലയോര കര്‍കഷകര്‍ ഉന്നയിക്കുന്നത്.