Connect with us

Ongoing News

പ്രൈം വോളിബോള്‍ ലീഗിന്റെ അവസാന പാദ മത്സരങ്ങള്‍ നാളെ മുതല്‍ കൊച്ചിയിൽ

കൊച്ചി ലെഗിലെ ആദ്യ മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും

Published

|

Last Updated

കൊച്ചി |പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണ്‍ അവസാന പാദ മത്സരങ്ങള്‍ വെള്ളിയാഴ്ച തുടങ്ങാനിരിക്കേ, കൊച്ചി നഗരം വോളിബോള്‍ ആവേശത്തില്‍. ഫെബ്രുവരി 4ന് ആരംഭിച്ച ടൂര്‍ണമെന്റില്‍ ബെംഗളൂരുവിലും ഹൈദരാബാദിലുമായി ഇതുവരെ 20 മത്സരങ്ങള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച മുതല്‍ ആവേശകരമായ വോളിബോള്‍ മുഹൂര്‍ത്തങ്ങള്‍ക്കായിരിക്കും കേരളത്തിലെ വോളിബോള്‍ ആരാധകര്‍ സാക്ഷ്യം വഹിക്കുക. വൈകിട്ട് ഏഴിന് കൊച്ചി ലെഗിലെ ആദ്യ മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം) ആണ് വേദി.

പ്രൈം വോളിബോള്‍ ലീഗിന്റെ 20 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാലു ജയവും ഒരു തോല്‍വിയുമായി 9 പോയിന്റുള്ള അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. അഞ്ചില്‍ നാലുകളി ജയിച്ച കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ആണ് എട്ടു പോയിന്റുമായി രണ്ടാമത്. ഇത്രയും പോയിന്റുള്ള ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് മൂന്നാം സ്ഥാനത്തുണ്ട്.

നാലു മത്സരം മാത്രം കളിച്ച കാലിക്കറ്റ് ഹീറോസാണ് ആറു പോയിന്റുമായി നാലാമത്. ബെംഗളൂരു ടോര്‍പ്പിഡോസ് (6), മുംബൈ മിറ്റിയോര്‍സ് (3), ചെന്നൈ ബ്ലിറ്റ്‌സ് (2), കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് (0) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ പോയിന്റ് നില. ഇതുവരെ ഒരു മത്സരവും ജയിക്കാത്ത കൊച്ചിക്ക് സ്വന്തം തട്ടകത്തില്‍ അവശേഷിക്കുന്ന മത്സരങ്ങളെല്ലാം നിര്‍ണായകമാണ്.

കൊച്ചിയിൽ എല്ലാ ദിവസവും വൈകിട്ട് ഏഴിനാണ് മത്സരങ്ങള്‍. ഫെബ്രുവരി 26ന് രണ്ട് മത്സരങ്ങള്‍ അരങ്ങേറും. രാത്രി 9.30നായിരിക്കും രണ്ടാം മത്സരം. റൗണ്ട് റോബിന്‍ ലീഗ് റൗണ്ടില്‍ എട്ടു മത്സരങ്ങള്‍ വീതമാണ് ഓരോ ടീമിനുമുള്ളത്. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും, കാലിക്കറ്റ് ഹീറോസും കൊച്ചിയില്‍ മൂന്ന് മത്സരങ്ങള്‍ വീതം കളിക്കും. പോയിന്റ് ടേബിളിലെ ആദ്യ നാലുസ്ഥാനക്കാരാണ് സെമിഫൈനലില്‍ പ്രവേശിക്കുക. മാര്‍ച്ച് രണ്ടിന് റൗണ്ട് റോബിന്‍ ലീഗ് മത്സരങ്ങള്‍ അവസാനിക്കും. മാര്‍ച്ച് 3,4 തീയതികളിലാണ് സെമിഫൈനല്‍ മത്സരങ്ങള്‍. മാര്‍ച്ച് 5ന് കിരീടപ്പോരാട്ടം.

Latest