Connect with us

Kerala

ഒടുവില്‍ തീരുമാനമായി; ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റന്നാള്‍ പുറത്തുവിടും

വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ എല്ലാം ഒഴിവാക്കിയാകും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക.

Published

|

Last Updated

തിരുവനന്തപുരം |  സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒടുവില്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവിടാനാണ് തീരുമാനം. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ എല്ലാം ഒഴിവാക്കിയാകും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക.  പുറത്തു വിടുന്നതിനു എതിരെ നല്‍കിയ ഹരജി തള്ളിയ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.

ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉളളടക്കം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.ആരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സജിമോന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് സാംസ്‌കാരിക വകുപ്പും വിവരാവകാശ കമ്മീഷനും കോടതിയില്‍ സ്വീകരിച്ചത്.

വിമന്‍ ഇന്‍ കളക്ടീവും വനിതാ കമ്മീഷനും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ ഹേമ, നടി ശാരദ, റിട്ട. ഐ എ എസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019 ഡിസംബറില്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. രണ്ടുവര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകളോ നടപടികളോ ഉണ്ടായിരുന്നില്ല.

Latest