From the print
ഒടുവില്‍ വീണു; പഞ്ചാബ് എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി (2-1)
പകരക്കാരനായെത്തി ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് അവസരമൊരുക്കുകയും ചെയ്ത ലൂക്കാ മെയ്‌സനാണ് പഞ്ചാബിന്റെ വിജയശില്‍പ്പി.
കൊച്ചി | തിരുവോണനാളില്‍ വിജയപ്പൂക്കളമൊരുക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പഞ്ചാബുകാര്‍ അനുവദിച്ചില്ല. ഐ എസ് എല്ലിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ് സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. പകരക്കാരനായെത്തി ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് അവസരമൊരുക്കുകയും ചെയ്ത ലൂക്കാ മെയ്‌സനാണ് പഞ്ചാബിന്റെ വിജയശില്‍പ്പി. ഇഞ്ചുറി ടൈമില്‍ ഫിലിപ് മിര്‍സ്‌ലകിന്റെ വകയായിരുന്നു വിജയ ഗോള്‍. സ്‌പെയിനുകാരന്‍ ജീസസ് ജിമിനെസ് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടി.
ആദ്യ കളിയില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വല കാക്കാനെത്തിയത് സച്ചിന്‍ സുരേഷ് ആയിരുന്നു. പ്രതിരോധത്തില്‍ സന്ദീപ് സിംഗ്, പ്രീതം കോട്ടാല്‍, മുഹമ്മദ് സഹീഫ്, മിലോസ് ഡ്രിന്‍സിച് എന്നിവര്‍ അണിനിരന്നു. മധ്യനിരയില്‍ അലക്സാന്‍ഡ്രെ കൊയെഫ്, െഫ്രഡി ലല്ലാംമാവ്മ, മുഹമ്മദ് ഐമന്‍ എന്നിവരും മുന്നേറ്റത്തില്‍ നോഹ സദൂയ്, ക്വാമി പെപ്ര, രാഹുല്‍ കെ പി എന്നിവരുമെത്തി. പഞ്ചാബ് എഫ് സിയുടെ ഗോള്‍ മുഖത്ത് രവികുമാര്‍ ആയിരുന്നു. കെ ലുംഗ്ധിം, അഭിഷേക് സിംഗ്, സുരേഷ് മെയ്‌തേയ്, ഇവാന്‍ നുവോസെലച് എന്നിവര്‍ പ്രതിരോധത്തില്‍. മധ്യനിരയില്‍ ഫിലിപ് മിര്‍സിയാക്, വിനീത് റായ്, എസ്‌ക്യുയെല്‍ വിദാല്‍, നിഖില്‍ പ്രഭു എന്നിവര്‍. ബക്കെങ്ങയും നിഹാല്‍ സുധീഷുമായിരുന്നു മുന്നേറ്റത്തില്‍.
ആദ്യ ഘട്ടത്തില്‍ പ്രതിരോധത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ശ്രദ്ധ. പതിയെ ആക്രമണത്തിലേക്ക് നീങ്ങി. രാഹുലിന്റെ തകര്‍പ്പന്‍ നീക്കം സദൂയിയെ ലക്ഷ്യം െവച്ചെങ്കിലും നിഖില്‍ പ്രഭു തടഞ്ഞു. മുപ്പത്തേഴാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിനു സുവര്‍ണാവസരം കിട്ടി. സദൂയ് തൊടുത്ത കോര്‍ണര്‍ കൃത്യം ഗോള്‍ മുഖത്ത്. പക്ഷേ ഐമന് തല വെക്കാനായില്ല. ഇതിനിടെ ബക്കെങ്ങ ബ്ലാസ്റ്റേഴ്‌സ് വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി.
ഇടവേളക്കു ശേഷം ബ്ലാസ്റ്റേഴ്‌സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. മുന്നേറ്റത്തില്‍ പെപ്രക്ക് പകരം ജീസസ് ജിമിനെസ് ഇറങ്ങി. മധ്യനിരയില്‍ ഐമന് പകരം വിബിന്‍ മോഹനനും എത്തി. ബ്ലാസ്റ്റേഴ്‌സ് ആക്രമണം തുടര്‍ന്നെങ്കിലും പഞ്ചാബ് പ്രതിരോധം ഉറച്ചു നിന്നതോടെ ഗോള്‍ അകന്നു. 58ാം മിനുട്ടില്‍ സദൂയിയുടെ തകര്‍പ്പന്‍ ഷോട്ട് പഞ്ചാബ് ഗോള്‍ കീപ്പര്‍ രവികുമാര്‍ ഇടത്തേക്ക് പറന്ന് തട്ടിയകറ്റി. 70ാം മിനുട്ടില്‍ രാഹുലിന്റെ ലോംഗ് ക്രോസ്സ് ബോക്സിലേക്ക് പറന്നെങ്കിലും ജിമിനെസിനും സദൂയിക്കും പന്ത് എടുക്കാനായില്ല. രണ്ട് മാറ്റങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്‌സ് വരുത്തി. െഫ്രഡിക്ക് പകരം മുഹമ്മദ് അസ്ഹറും സന്ദീപിന് പകരം ഐബന്‍ ദോഹ്്‌ലിംഗും ഇറങ്ങി.
83ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് പെനാല്‍റ്റി വഴങ്ങി. ലിയോണ്‍ അഗസ്റ്റിനെ സഹീഫ് ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. ലൂക്കാ മെയ്‌സന്റെ കിക്ക് ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷിന് തടയാനായില്ല. ഇന്‍ജുറി ടൈമില്‍ (90+2) ജിമിനിസ് തകര്‍പ്പന്‍ ഹെഡറിലൂടെ ബ്ലാസ്റ്റേഴ്‌സിന് സമനില സമ്മാനിച്ചു. പ്രീതം കോട്ടാല്‍ തൊടുത്ത ക്രോസ്സില്‍ സ്പാനിഷുകാരന്‍ തലവെച്ചു. പന്ത് കൃത്യം വലയില്‍. സ്റ്റേഡിയം ഇരന്പിയാര്‍ത്തു. 95ാം മിനുട്ടില്‍ പഞ്ചാബ് വിജയമുറപ്പിച്ചു. മെയ്‌സന്‍ നല്‍കിയ പന്ത് മിര്‍സ്്‌ലക് പിടിച്ചെടുത്ത് ബോക്സിലേക്ക് തൊടുത്തു. സച്ചിന്‍ ശ്രമിച്ചെങ്കിലും തടയാനായില്ല. സ്‌കോര്‍ 2-1. അടുത്ത നിമിഷം മിലോസ് ഡ്രിന്‍സിച്ചിന്റെ ഹെഡര്‍ രവികുമാര്‍ പിടിച്ചെടുത്തതിന് പിന്നാലെ അവസാന വിസില്‍ മുഴങ്ങി. 22ന് ഈസ്റ്റ് ബംഗാളുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. കൊച്ചിയാണ് വേദി.
ത്രില്ലര്‍ നോര്‍ത്ത് ഈസ്റ്റ്
കൊല്‍ക്കത്ത ്യു ഐ എസ് എല്ലില്‍ മുഹമ്മദന്‍സിന്റെ അരങ്ങേറ്റം തോല്‍വിയോടെ. ആവേശകരമായ മത്സരത്തില്‍ ഡ്യൂറന്‍ഡ് കപ്പ് ജേതാക്കളായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് മടക്കമില്ലാത്ത ഒരു ഗോളിനാണ് കൊല്‍ക്കത്തന്‍ ടീം തോല്‍വിയറിഞ്ഞത്. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ (90+4) മൊറോക്കന്‍ താരം അലാവുദ്ദീന്‍ അരാറെയാണ് നോര്‍ത്ത് ഈസ്റ്റിന് ജയം സമ്മാനിച്ചത്. തോയ് സിംഗിന്റെ ക്രോസ്സില്‍ നിന്നായിരുന്നു ഗോള്‍. ഐ ലീഗ് ചാമ്പ്യന്മാരായാണ് മുഹമ്മദന്‍സ് ഐ എസ് എല്ലിന് യോഗ്യത നേടിയത്.