Connect with us

gotabaya rajapaksa

ഒടുവില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ഗോതബയ രജപക്‌സെ

പാര്‍ലിമെന്റ് സ്പീക്കര്‍ക്ക് ഗോതബയ രാജിക്കത്ത് ഇ മെയില്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.

Published

|

Last Updated

കൊളംബോ | ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ഗോതബയ രജപക്‌സെ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളായി ആളിക്കത്തുന്ന ജനരോഷത്തെ തുടര്‍ന്നാണ് രാജി. പാര്‍ലിമെന്റ് സ്പീക്കര്‍ക്ക് ഗോതബയ രാജിക്കത്ത് ഇ മെയില്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഇതോടെ പ്രക്ഷോഭകരുടെ പ്രധാന ആവശ്യമാണ് നിറവേറുന്നത്. രാജ്യം വിട്ട് മാലിദ്വീപിലേക്ക് പോയ ഗോതബയ നിലവിൽ സിംഗപ്പൂരിലാണുള്ളത്. അഭയം നൽകാൻ ഗോതബയ അഭ്യർഥിച്ചതായും എന്നാൽ ഇത് നിരസിച്ചതായും സിംഗപ്പൂർ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സഊദി അറേബ്യയുടെ വിമാനത്തിലാണ് പ്രസിഡന്റ് മാലിദ്വീപില്‍ നിന്ന് സിംഗപ്പൂരിലെത്തിയത്. അഭയം ലഭിക്കാത്തതിനാൽ സിംഗപ്പൂരില്‍ നിന്ന് സഊദിയിലെ ജിദ്ദയിലേക്കാണ് ഗോതബയ രജപക്‌സെ പോകുകയെന്നാണ് സൂചന. രാജി ആവശ്യപ്പെട്ട് പ്രസിഡന്‍ഷ്യല്‍ കൊട്ടാരം പ്രക്ഷോഭകര്‍ കൈയടക്കിയതിനെ തുടര്‍ന്ന് അജ്ഞാത കേന്ദ്രത്തിലായിരുന്ന ഗോതബയ ബുധനാഴ്ച പുലര്‍ച്ചെയാണ് മാലിദ്വീപിലേക്ക് രഹസ്യമായി പോയത്.

ജനങ്ങള്‍ ഇരച്ചുകയറിയ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അധികൃതര്‍ക്ക് കൈമാറിയതായി പ്രക്ഷോഭകര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും പോലീസിന് കൈമാറി. ഗോതാഗോഗാമ എന്ന പ്രധാന പ്രതിഷേധ കേന്ദ്രത്തിന് സമീപമുള്ള പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റിന്റെ ഒരു ഭാഗത്ത് പ്രതിഷേധക്കാര്‍ തുടരും. അതിനിടെ, യു കെ അടക്കമുള്ള രാജ്യങ്ങള്‍ ശ്രീലങ്കയിലേക്ക് യാത്ര ചെയ്യരുതെന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Latest