Connect with us

International

ഒടുവില്‍ പുറത്തേക്ക്; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് പാര്‍ലമെന്റ്

ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് 204 പേര്‍ വോട്ടു ചെയ്തപ്പോള്‍ 85 പേര്‍  എതിര്‍ത്തു വോട്ടു ചെയ്തു

Published

|

Last Updated

സിയോള്‍ |  പട്ടാള ഭരണം കൊണ്ടുവരാന്‍ ശ്രമിച്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യൂളിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് 204 പേര്‍ വോട്ടു ചെയ്തപ്പോള്‍ 85 പേര്‍  എതിര്‍ത്തു വോട്ടു ചെയ്തു. 300 അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്. വിവാദമായ പട്ടാളനിയമത്തിന് പിന്നാലെ രാജ്യത്തെമ്പാടും പ്രതിഷേധപ്രകടനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്തത്. എട്ട് വോട്ടുകള്‍ അസാധുവാകുകയും മൂന്നുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. തുടര്‍ച്ചയായ കലാപങ്ങള്‍ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് യൂനിനെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്.

ഇംപീച്ച്മെന്റ് നടപടി നിലവില്‍ ഭരണഘടനാ കോടതിയുടെ പുനരവലോകനത്തിനായി വിട്ടിരിക്കുകയാണ്. ഇക്കാലയളവില്‍ യൂന്‍ സുക് യൂളിന് അധികാരങ്ങളും എല്ലാവിധ ചുമതലകളും നഷ്ടമാകും. പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ ഇടക്കാല പ്രസിഡന്റാകും. ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സിറ്റിംഗ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നത്.

 

ഉത്തര കൊറിയയില്‍ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് യൂള്‍ പട്ടാളനിയമം പാസാക്കിയത്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലര്‍ത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും യൂന്‍ ആരോപിച്ചിരുന്നു.