Kerala
ഒടുവില്‍ രാജി: പൂര്‍ണ തൃപ്തിയോടെയല്ല; സാദിഖലി തങ്ങളെ ചിലര്‍ സമ്മര്‍ദത്തിലാക്കിയെന്ന് ഹക്കീം ഫൈസി
പിന്തുണയുമായി സി ഐ സിയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 118 പേരും രാജി സമര്‍പ്പിച്ചു. ലീഗിലെ നല്ലൊരു വിഭാഗം ഒപ്പമെന്നും ഫൈസി
മലപ്പുറം | സംഘടനാ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇ കെ വിഭാഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹക്കീം ഫൈസി ആദ്യശ്ശേരി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലമിക് കോളേജസിന്റെ (സി ഐ സി) ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ഇ കെ വിഭാഗം സമസ്ത നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്നലെ രാത്രി സി ഐ സി പ്രസിഡന്റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ ഹക്കീം ഫൈസിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി രാജിയാവശ്യപ്പെട്ടിരുന്നു. ഇന്ന് വൈകിട്ടോടെ ഇ-മെയില്‍ വഴി രാജിക്കത്ത് സാദിഖലി തങ്ങള്‍ക്ക് സമര്‍പ്പിച്ചു. ഇദ്ദേഹത്തിന് പിന്തുണയുമായി സി ഐ സിയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 118 പേരും രാജി സമര്‍പ്പിച്ചിട്ടുണ്ട്.
പൂര്‍ണമനസ്സോടെയല്ല തന്റെ രാജിയെന്നും ഇതിനായി സമസ്തയിലെ ചിലര്‍ സാദിഖലി ശിഹാബ് തങ്ങളെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിയെന്നും ഹക്കീം ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിരിച്ചിവിടണമെന്നാവശ്യപ്പെട്ട് തങ്ങളെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ചിലര്‍. സി ഐ സിയുടെ ഭരണഘടന പ്രകാരം ജനറല്‍ ബോഡിക്കാണ് രാജിക്കത്ത് സമര്‍പ്പിക്കേണ്ടത്. ജനറല്‍ ബോഡിയാണ് അതില്‍ അന്തിമ തീരുമാനമെടുക്കുക. 97 അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെ കൂട്ടായ്മ ചര്‍ച്ച ചെയ്തശേഷമേ അന്തിമ തീരുമാനമെടുക്കാവൂ. സാദിഖലി തങ്ങളോടുള്ള ബഹുമാനം മൂലമാണ് രാജിയാവശ്യപ്പെട്ടപ്പോള്‍ അനുസരിച്ചത്. വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ രാജിവെയ്ക്കാന്‍ പറ്റില്ലെന്ന് പറയും. ചിലര്‍ക്ക് തന്നോട് വിദ്വേഷമോ ഭിന്നാഭിപ്രായമോ ഉണ്ടാവാം. ഇവര്‍ തന്റെ രാജി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വലിയൊരു വിഭാഗം അതില്‍ വേദനിക്കുന്നുണ്ട്. സി ഐ സി കുടുംബത്തിനകത്ത് യാതൊരു ഭിന്നാഭിപ്രായമില്ല. ഇ കെ വിഭാഗത്തിലെ കുറച്ചാളുകള്‍ അനവസരത്തില്‍ അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മതപരമായ ഇന്റലക്ചല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വമേകേണ്ടവര്‍ അനാവശ്യമായി ഓരോ സ്ഥാപനത്തിന്റെയും ഭരണപ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. എന്നെ ആദ്യം പുറത്താക്കി. അതിന് അവര്‍ വിശദീകരണം നല്‍കി. പിന്നെ കവലകള്‍ തോറും വിശദീകരണം വെച്ചു. എന്റെ വീടിന്റെ സമീപത്തും വിശദീകരണം വെച്ചു. പിന്നെ നാണക്കേട് തോന്നി അവരത് നിര്‍ത്തി. എനിക്കെതിരെ കേസുകൊടുത്തു. സാദിഖലി തങ്ങളുമായി വേദി പങ്കിടതുതെന്ന് ആരും പറഞ്ഞിട്ടില്ല. നാദാപുരത്തെ സ്ഥാപനത്തില്‍ പങ്കെടുക്കുകയില്ലെന്ന് പറയുന്നത് സ്വന്തം വീട്ടിലെ കല്യാണത്തില്‍ പങ്കെടുക്കുകയില്ലെന്ന് പറയലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വേദി പങ്കിടാന്‍ പാടില്ലെന്ന തിട്ടൂരം എങ്ങനെ ഉണ്ടായി. വിട്ടുനില്‍ക്കണമെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ല. അപരിഷ്‌കൃതമായ നാണംകെട്ട വൈര്യവും ദേഷ്യവുമാണ് പലര്‍ക്കും. മികച്ച രീതിയില്‍ പോവുന്ന സി ഐ സി സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. സി ഐ സിയുടെ തുടക്കത്തിൽ തന്നെ ചിലര്‍ അസ്വസ്ഥത പുലര്‍ത്തിയിട്ടുണ്ടെന്ന് ഫൈസി തുറന്നടിച്ചു.
മുസ്‌ലിം ലീഗിലെ നല്ല ഒരു വിഭാഗം തങ്ങളുടെ രീതി ശരിയാണെന്ന് പറയുന്നവരാണ്. സി ഐ സിയിലെ കുട്ടികളോടും രക്ഷിതാക്കളോടും ആലോചിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഹക്കീം ഫൈസി ആദ്യശ്ശേരി പറഞ്ഞു. പാങ്ങ് വഫാ ക്യാമ്പസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫൈസിയെ അനുകൂലിക്കുന്നവരും പങ്കെടുത്തു.