Kozhikode
ഒടുവില്‍ ഉത്തരവിറങ്ങി; കോഴിക്കോട് ഡി ഇ ഓഫീസിൽ എ ഒ, എ പി എഫ് ഒ തസ്തികകളില്‍ നിയമനം
ഭരണ സ്തംഭനമുണ്ടെന്ന് സിറാജ് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു

കോഴിക്കോട് | ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡി ഡി ഇ) ഓഫീസിലെ രണ്ട് സുപ്രധാന തസ്തികകളില്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. അക്കൗണ്ട്സ് ഓഫീസര്‍ (എ ഒ), അസ്സിസ്റ്റന്റ്‌പ്രൊവിഡന്റ്ഫണ്ട് ഓഫീസര്‍ (എ പി എഫ് ഒ) എന്നീ തസ്്തികകളിലാണ് നിയമനം നടത്തിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടടറുടെ ഉത്തരവിറങ്ങിയത്. എന്നാല്‍ അഡിമിനിസ്ട്രേറ്റീവ് അസ്സിസ്റ്റന്റ്(എ എ) തസ്തികയില്‍ ആരെയും നിയമിച്ചിട്ടില്ല. സുപ്രധാനമായ മൂന്ന് തസ്തികകളും ഒഴിഞ്ഞ് കിടക്കുന്നതിനെ തുടര്‍ന്ന് ഓഫീസില്‍ ഭരണ സ്തംഭനമുണ്ടെന്ന് സിറാജ് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്.
ഓഫീസുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകളൊന്നും നീങ്ങുന്നില്ലെന്നും പ്രൊവിഡന്റ് ഫണ്ടിന് അപേക്ഷിച്ച അധ്യാപക, അധ്യാപകേതര ജീവനക്കാരുടെ ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്നുമായിരുന്നു വാര്‍ത്ത. പുതിയ ഉത്തരവ് പ്രകാരം വടകര ഡി ഇ ഒയുടെ പി എ. ആരിഫ് മുഹമ്മദിനെയാണ് സ്ഥാനക്കയറ്റം നല്‍കി കോഴിക്കോട് ഡി ഡി ഇ ഓഫീസില്‍ അസ്സിസ്റ്റന്റ്‌പ്രൊവിഡന്റ്ഫണ്ട് ഓഫീസറായി നിയമിച്ചത്.
തലശ്ശേരി ഡി ഇ ഒയുടെ പി എ. മുഹമ്മദ് ശരീഫ് കെ ടിയെ ഡി ഡി ഇ ഓഫീസില്‍ അക്കൗണ്ട്സ് ഓഫീസറായും സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു. മലപ്പുറം, ഇടുക്കി, കാസര്‍കോട്, വയനാട്, തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ ഡി ഡി ഇ ഓഫീസുകളിലെയും ഒഴിവുകള്‍ നികത്തിയിട്ടുണ്ട്.
ഡി ഡി ഇ ഓഫീസുകളിലെ സുപ്രധാന തസ്്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് വലിയ പ്രയാസമാണുണ്ടാക്കുന്നത്. കോഴിക്കോട് ഡി ഡി ഇ ഓഫീസില്‍ തസ്്തികയില്‍ ആളില്ലാത്തതിനാല്‍ ജീവനക്കാരുടെ പി എഫ് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. പല അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ക്കും പി എഫിന് അപേക്ഷിച്ച ജീവനക്കാര്‍ ദുരിതത്തിലാകുകയും ചെയ്തു. പി എഫ് സെക്്ഷനില്‍ അപേക്ഷ ബോക്സിലിട്ടാല്‍ പിന്നീട് എ പി എഫ് ഒയാണ് ഈ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും പാസ്സാക്കുന്നതും. എന്നാല്‍ തസ്്തികയില്‍ ആളില്ലാത്തതാണ് വലിയ പ്രതിസന്ധി സൃഷ്്ടിച്ചത്. പുതിയ അസ്സിസ്റ്റന്റ്‌പ്രൊവിഡന്റ്ഫണ്ട് ഓഫീസര്‍ ചുമതലയേല്‍ക്കുന്നതോടെ ഇതില്‍ തീര്‍പ്പുണ്ടാകും.
സ്‌കൂളുകളുടെ ഭരണസിരാകേന്ദ്രത്തില്‍ മേലധികാരികള്‍ ഇല്ലാത്തത് ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുമ്പോഴാണ് പുതിയ ഉത്തരവ് ഇറങ്ങിയത്.