Connect with us

National

യെച്ചൂരിക്ക് വിട നൽകി രാജ്യം; മൃതദേഹം എയിംസിന് വിട്ടുനൽകി

കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ യെച്ചൂരിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വികാരനിർഭരമായി വിട നൽകി രാജ്യം. എ കെ ജി ഭവനിൽ പൊതുദർശനം പൂർത്തിയാക്കിയ ശേഷം മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഡൽഹി എയിംസിന് പഠന ആവശ്യത്തിനായി വിട്ടുനൽകി.

നേരത്തെ എ കെ ജി ഭവനിൽ കൊണ്ടുവന്ന മൃതദേഹം പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, എംഎ ബേബി തുടങ്ങിയവര്‍ ഏറ്റുവാങ്ങി. സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുതിർന്ന പത്രപ്രവർത്തകനും ‘ന്യൂസ്‌ ക്ലിക് ’ എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്‌ത, കപിൽ സിബൽ, മനീഷ്‌ സിസോദിയ, അഖിലേഷ് യാദവ്,  തുടങ്ങി നിരവധി നേതാക്കളാണ്‌ ആദരമർപ്പിക്കാൻ എകെജി ഭവനിൽ എത്തിയത്‌.

രാവിലെ 11 മണിക്ക് തുടങ്ങിയ പൊതുദര്‍ശനം വൈകീട്ട് മൂന്ന് മണിവരെ തുടർന്നു.നിരവധി നേതാക്കള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തിയിരുന്നു. വീട്ടില്‍ നിന്നും എകെജി ഭവനിലേക്കുള്ള യാത്രയില്‍ മൃതദേഹത്തിനൊപ്പം ഭാര്യ സീമ ചസ്തിയും, വൃന്ദാകാരാട്ട്, ബിജു കൃഷ്ണന്‍ തുടങ്ങിയ നേതാക്കളും ആംബുലന്‍സില്‍ ഉണ്ടായിരുന്നു

എകെജി ഭവനിൽ നിന്ന് വൈകിട്ട് അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങിയ ശേഷം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി എയിംസ് അധികൃതര്‍ക്കു മൃതദേഹം കൈമാറി

Latest