Connect with us

Malappuram

കേരള മുസ്‌ലിം ജമാഅത്തിന് ധനവകുപ്പിന്റെ മറുപടി; മഞ്ചേരി മെഡി. കോളജിന് ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചത് 61 കോടി

മഞ്ചേരി മെഡിക്കല്‍ കോളജിന്റെ വകയിരുത്തിയ ഈ തുക അപര്യാപ്തമെന്ന് കണ്ടാല്‍ ഭരണ വകുപ്പ് മുഖേന ലഭിക്കുന്ന അധിക തുകക്കുള്ള ശിപാര്‍ശക്ക് അനുസൃതമായി ഉചിത മാര്‍ഗത്തിലൂടെ തുക അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്നും ധനവകുപ്പ് കേരള മുസ്ലിം ജമാഅത്തിനെ രേഖാമൂലം അറിയിച്ചു.

Published

|

Last Updated

മലപ്പുറം | നടപ്പു സാമ്പത്തിക വര്‍ഷം മഞ്ചേരി മെഡിക്കല്‍ കോളജ് വികസനത്തിനായി 61.53 കോടിരൂപ അനവുദിച്ചതായി ധന വകുപ്പ് അറിയിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ജില്ലയിലെ ആരോഗ്യരംഗത്തെ ശോച്യാവസ്ഥയും മഞ്ചേരി മെഡിക്കല്‍ കോളജിലെ പോരായ്മകളും ചൂണ്ടിക്കാട്ടി സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നു. 2022ലെ ബജറ്റില്‍ ആരോഗ്യരംഗത്ത് ജില്ലക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നും ഇതിന് പരിഹാരം വേണമെന്നുമാവശ്യപ്പെട്ടാണ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, ധന മന്ത്രി കെ എന്‍ ബാലഗോപാല്‍, ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുർറഹ്മാന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയത്.

മുസ്ലിം ജമാഅത്തിന് കീഴില്‍ ജില്ലയുടെ വികസന കരട് രേഖ തയ്യാറാക്കി എം എല്‍മാര്‍ക്കും രാഷ്ട്രീയകക്ഷി നേതാക്കള്‍ക്കും കൈമാറുകയും മണ്ഡലാടിസ്ഥാനത്തില്‍ വിശദ ചര്‍ച്ചകള്‍  നടത്തുകയും ചെയ്തിരുന്നു. രേഖയുടെ ഭാഗമായാണ് ആരോഗ്യ രംഗത്തെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയത്. കഴിഞ്ഞ യു ഡി എഫ് ഭരണ കാലത്തെ കൃത്യവിലോപം കൊണ്ട് ജില്ലക്ക് നഷ്ടപ്പെട്ട ജനറല്‍ ആശുപത്രി പുനഃസ്ഥാപിക്കണമെന്ന ആവശ്യവും സംഘടന ഉന്നയിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജിന്റെ പദ്ധതി, പദ്ധതിയേതര ചിലവകുള്‍ വഹിക്കുന്നതിനായി യഥാക്രമം 10 കോടിയും 41.53 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയുമാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചിട്ടുള്ളത്.

മഞ്ചേരി മെഡിക്കല്‍ കോളജിന് വകയിരുത്തിയ തുക അപര്യാപ്തമെന്ന് കണ്ടാല്‍ ഭരണ വകുപ്പ് മുഖേന ലഭിക്കുന്ന ശിപാര്‍ശക്ക് അനുസൃതമായി ഉചിത മാര്‍ഗത്തിലൂടെ അധിക തുക അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്നും ധനവകുപ്പ് കേരള മുസ്ലിം ജമാഅത്തിനെ രേഖാമൂലം അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ആശുപത്രികളും ഡിസ്‌പെന്‍സറികള്‍ക്കുമായി 1254.39 കോടി രൂപയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കായി 711.29 കോടിരൂപയും ജില്ലാ താലൂക്ക് ജനറല്‍ ആശുപത്രികള്‍ക്കായി 545.02കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്നും ധനവകുപ്പ് മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ക്ക് നല്‍കിയ മറുപടിയില്‍ അറിയിച്ചു.

Latest