Connect with us

Kerala

വീണ വിജയന്‍ നികുതി വെട്ടിച്ചുവെന്ന മാത്യു കുഴല്‍നാടന്റെ പരാതി അന്വേഷിക്കാന്‍ ധനമന്ത്രി നിര്‍ദേശം നല്‍കി

പരിശോധിക്കുക എന്ന കുറിപ്പോടെ് മന്ത്രി പരാതി നികുതി സെക്രട്ടറിക്ക് കൈമാറി

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ നികുതി വെട്ടിച്ചെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി. പരിശോധിക്കുക എന്ന കുറിപ്പോടെ് മന്ത്രി പരാതി നികുതി സെക്രട്ടറിക്ക് കൈമാറി. പരാതിയില്‍ ജിഎസ്ടി കമ്മിഷണറേറ്റാകും പരിശോധന നടത്തുക

വീണ ഐജിഎസ്ടി അടച്ചോ എന്ന് പരിശോധിക്കണമെന്നായിരുന്നു കുഴല്‍നാടന്റെ പരാതി.വിവാദ കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതു കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകളുണ്ടെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം.

1.72 കോടി രൂപ സേവനത്തിനായി നല്‍കിയതാണെങ്കില്‍ 18 ശതമാനം നികുതിയായി 30.96 ലക്ഷംരൂപ ഐജിഎസ്ടി അടയ്‌ക്കേണ്ടതാണ്. എന്നാല്‍ അതിന്റെ രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐജിഎസ്ടി അടച്ചിട്ടില്ല എന്നതിനര്‍ഥം ഇതു പൊളിറ്റിക്കല്‍ ഫണ്ടിങ്ങാണ് എന്നാണ്. കേരളത്തിനു കിട്ടാനുള്ള ജിഎസ്ടി മുഴുവന്‍ പിടിച്ചെടുക്കുമെന്നു പറഞ്ഞു ധനമന്ത്രി ഇച്ഛാശക്തിയുണ്ടെങ്കില്‍ പണം വീണ്ടെടുക്കുകയാണ് ചെയ്യേണ്ടതെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടിരുന്നു
എന്നാല്‍ നികുതി അടച്ചുവെന്ന് തെളിയിച്ചാല്‍ മാത്യു കുഴല്‍ നാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം പൊതുജന സമക്ഷം മാപ്പ് പറയണമെന്നും മുന്‍ മന്ത്രിയും സി പി എം കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം തെളിയിച്ചാല്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് മാത്യു കുഴല്‍ നാടന്‍ പ്രതികരിച്ചിരുന്നു