Kerala
സംസ്ഥാനം ഇന്ധന നികുതി കുറക്കില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
യുഡിഎഫ് ഭരണകാലത്ത് 13 തവണ ഇന്ധന നികുതി വര്‍ധിപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടേയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം ഇന്ധന നികുതി കുറക്കുമ്പോള്‍ ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് 13 തവണ ഇന്ധന നികുതി വര്‍ധിപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടേയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇന്ധനവില നിര്‍ണയം കമ്പനികള്‍ക്ക് വിട്ടു കൊടുത്തത് യുപിഎ സര്‍ക്കാരാണ്. സബ്സിഡി നല്‍കിക്കൊണ്ട് പെട്രോള്‍ വില നിശ്ചിത നിരക്കില്‍ നിലനിര്‍ത്താനുള്ള ഓയില്‍ പൂള്‍ അക്കൗണ്ട് സംവിധാനം ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഈ സംവിധാനം എടുത്തുകളഞ്ഞത് മന്‍മോഹന്‍ സിംഗ് ആണെന്ന് ധനമന്ത്രി പറഞ്ഞു.
കേന്ദ്രം അനിയന്ത്രിതമായി സ്പെഷ്യല്‍ എക്സൈസ് തീരുവ കൂട്ടിയതാണ് ഇന്ധന വില കൂടാനുള്ള പ്രധാന കാരണം. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയര്‍ത്തിയെന്നും ധനമന്ത്രി ആരോപിച്ചു